കേരളം
വിവാദങ്ങളോട് പ്രതികരിക്കാതെ രഞ്ജിത്ത്; സ്ഥാനമൊഴിയണമെന്ന് വി.ഡി. സതീശന്‍
വയനാട്: ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ലൈംഗിക ആരോപണ വിവാദത്തിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് വയനാട്ടിലെ റിസോര്‍ട്ടിലെത്തി. ഔദ്യോഗിക വാഹനത്തിലാണ് രഞ്ജിത്ത് റിസോര്‍ട്ടില്‍ എത്തിയിരിക്കുന്നത്. വിവാദങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നടിയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം രഞ്ജിത്ത് നല്‍കിയ വിശദീകരണം നടി തള്ളിയിരുന്നു.
അതേസമയം, രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്രക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന തെറ്റ് ചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അത്തരത്തില്‍ മുന്നോട്ടു പോകുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
മന്ത്രി സജി ചെറിയാനും, രഞ്ജിത്തും, സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുന്ന നാടകം കേരളത്തില്‍ വേണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലാതിരുന്നിട്ടും പിണറായി സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് വിട്ടു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയായിരുന്നു എന്ന് സജി ചെറിയാന്റെ കുറ്റസമ്മതമായി കാണണം. നിയമപരമായ ഉത്തരവാദിത്വം മറന്നുകൊണ്ട് കേസെടുക്കില്ല എന്ന് പറയുന്ന സജി ചെറിയാന്‍ സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആരോപണം ഉയര്‍ന്ന അവസരത്തില്‍ രഞ്ജിത്ത് ഈ സ്ഥാനത്തുനിന്ന് ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഒഴിയും എന്ന് തന്നെയാണ് കരുതുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
