കേരളം
ധൂർത്ത് വീണ്ടും; ജയരാജന്ബുള്ളറ്റ് പ്രൂഫ് വാങ്ങാൻ 35 ലക്ഷം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൻ്റെ ചിലവ് ചുരുക്കൽ പ്രഖ്യാപനങ്ങൾ കടലാസ് പുലികളാകുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ മുണ്ട് മുറുക്കിയുടുക്കാൻ അടിക്കിടെ തീരുമാനിക്കുന്ന പിണറായി സർക്കാർ ഖാദി ബോർഡ് വൈസ് ചെയർമാനും സി പി എം മുതിർന്ന നേതാവുമായ പി ജയരാജന് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ അനുമതി നൽകി. നവംബർ 17നാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജയരാജന് ശാരീരിക അവശതകൾ ഉണ്ട് എന്നത് കൂടി പരിഗണിച്ചാണ് മന്ത്രിസഭാ യോഗം പുതിയ കാർ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനം നേരിടുന്നകടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മന്ത്രിമാർക്കടക്കം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി 2022 നവംബർ 4ന് ഉത്തരവിറക്കി. അതിന് പിന്നാലെ പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി നവംബർ 9 സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് ധനവകുപ്പും ഉത്തരവിറക്കിയതിന് പിന്നാലെയാണ് മറ്റൊരു ധൂർത്തിൻ്റെ വാർത്തയും പുറത്ത് വരുന്നത്.
ഈ രണ്ട് ഉത്തരവുകൾ ഇറങ്ങിയതിന് ശേഷം മന്ത്രിമാരായ ജിആർ. അനിൽ, വിഎൻ. വാസവൻ, വി അബ്ദുറഹിമാൻ, ചീഫ് വിപ്പ് എൻ ജയരാജ് എന്നിവർക്ക് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന്
1.32 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. 33 ലക്ഷം രൂപ വീതം വിലയുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.
