കോളം
പി.ആർ.ജി മാത്തൂർ: കേരള കൗമുദിയും മലയാള മനോരമയും

ആർ.രാഹുൽ
ആറ് പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയിൽ സജീവമായിരുന്ന പൊടിക്കുളങ്ങര രാമസ്വാമി ഗോവിന്ദൻകുട്ടി മാത്തൂർ എന്ന ഡോ. പിആർജി മാത്തൂർ അന്തരിച്ചതിനെ തുടർന്ന് നവംബർ 17ന് മലയാള മലയാള മനോരമയിൽ വന്ന എംപി സുകുമാരൻ്റെ ഓർമ്മക്കുറിപ്പിൽ ”പി.ആർ.ജി. മാത്തൂർ നിലമ്പൂരിൽ ആദിവാസികൾക്കൊപ്പം” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ചിത്രത്തിൽ കേരള കൗമുദി ദിനപത്രം പിടിച്ചു കൊണ്ട് നിൽക്കുന്ന ആദിവാസികൾക്കൊപ്പം മാത്തൂരിനെയും മറ്റൊരു ചെറുപ്പക്കാരനേയും കാണാം. എന്താണ് കേരളകൗമുദി പത്രത്തിൽ വന്ന വാർത്തയും മാത്തൂരും തമ്മിൽ മനോരമ ബന്ധപ്പെടുത്താൻ കാരണം? ഒരു ദിനപത്രത്തിൻ്റെ പേര് തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രം എന്തുകൊണ്ട് ഒപ്പം പ്രസിദ്ധീകരിക്കുന്ന മറ്റൊരു പത്രം വലിയ പ്രാധാന്യത്തോടെ നൽകുന്നത് എന്നോർത്ത് ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം. അപ്പോഴാണ് ചിത്രത്തിലുള്ള ചെറുപ്പക്കാരൻ്റെ പ്രസക്തിയും കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയും ഒഴിവാക്കാൻ കഴിയാതെ പോകുന്നത്. നിലമ്പൂരിലെ ആദിവാസികളല്ല ചിത്രത്തിലുള്ളത് എന്നത് വാർത്തയിൽ വന്ന പിശകാകാം. എന്നാൽ മറിച്ച് ഡോ. മാത്തൂരിൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ഏടുകളിലേക്കാണ് ആ ചിത്രം വെളിച്ചം വീശുന്നത്. അതിന് കാരണഭൂതനായ എസ്.ജഗദീഷ് ബാബു എന്ന പത്രപ്രവർത്തകൻ്റെ കയ്യൊപ്പ് പതിഞ്ഞ വാർത്തയാണ് ആ പത്രത്തിലുള്ളത് എന്നത് ഒരിക്കലും വിസ്മരിക്കാനാവാത്ത യാഥാർത്ഥ്യമാണ്. അദ്ദേഹമാണ് ആദിവാസികൾക്കും ഡോ. മാത്തൂരിനുമൊപ്പമുള്ളത്.

മനോരമയിൽ നിലമ്പൂരിൽ എന്ന് തെറ്റായി അടിക്കുറിപ്പ് നൽകിയ ചിത്രം (ഇടത്തെയറ്റത്ത് എസ്.ജഗദീഷ് ബാബു)
1984 ൽ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ നയനാർ നിയമസഭയിൽ ഒരു ചോദ്യമുന്നയിച്ചു.” അവർ അടിമകളല്ല; തലമുറകളായി അവർ ജൻമിമാരുടെ കളങ്ങളിൽ മൃഗതുല്ല്യമായ ജീവിതം നയിക്കുന്നുവെന്ന് മാത്രം. പക്ഷേ;അവർക്ക് സ്വാതന്ത്ര്യമുണ്ട്; അവർക്ക് എവിടെയും പോകാം. ആരുടെയും കീഴിൽ പണിയെടുക്കാം. പിന്നെ എന്തുകൊണ്ട് നിങ്ങൾക്ക് ഈ മനുഷ്യരെ അടിമകൾ എന്ന് വിളിക്കാൻ സാധിക്കുന്നു?”- ഇതായിരുന്നു ധോണി മലയടിവാരത്തെ 18 ആദിവാസി കുടുംബങ്ങളെക്കുറിച്ചുള്ള ആ ചോദ്യം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ധോണി മലയടിവാരത്തിൽ വന്ന് വിശദമായി അന്വേഷണം നടത്തിയ ഡോ.മാത്തൂരും ഇതേ ചോദ്യം ആവർത്തിച്ചു.

1984 ജൂൺ 24ന് എസ് ജഗദീഷ് ബാബു എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ’18 അടിമ കുടുംബങ്ങൾ’ എന്ന വാർത്തയിലെ അടിമ എന്ന പ്രയോഗത്തിൻ്റെ വ്യാഖ്യാനങ്ങളെച്ചൊല്ലിയായിരുന്നു ആ ചോദ്യം ഉയർന്നത്. പിന്നീട് മലയാളത്തിലെ നാല് പ്രമുഖ ദിനപത്രങ്ങൾ ധോണിയിലെ അടിമകളെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചു. ജൂലൈ 7 ന് മലയാളത്തിലെ ഒരു പ്രമുഖ പത്രം അടിമകൾ തന്നെ അടിമകൾ അല്ലെന്ന് പറഞ്ഞതായി വാർത്ത പ്രസിദ്ധീകരിച്ചു. ഇതിന് ശേഷം “അവർ അടിമകളല്ല” എന്ന തലക്കെട്ടോടെ എസ് ജഗദീഷ് ബാബുവിൻ്റെ തന്നെ തുടർ റിപ്പോർട്ട് കേരള കൗമുദി പ്രസിദ്ധീകരിച്ചതോടെ വാർത്തകളെപ്പറ്റി സമൂഹത്തിൽ വാദപ്രതിവാദമാരംഭിച്ചു. ഒടുവിൽ കേരള മുഖ്യമന്ത്രി നിയമസഭയിൽ ഇത് സംബന്ധിച്ച ചോദ്യമുയർത്തുന്നതിലേക്കും അതിനെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാന്‍ ഡോ.പി.ആർ.ജി.മാത്തൂരിനെ നിയമിക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ.

സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്താൽ വാർത്ത പുറം ലോകത്തെ അറിയിച്ച എസ്.ജഗദീഷ് ബാബുവിനൊപ്പം മാത്തൂർ ധോണിയിലെത്തി. ഇതിനിടയിൽ ജഗദീഷ് ബാബുവിൻ്റെ വാർത്തയും ചിത്രവുമുള്ള പത്രം എങ്ങനെയോ അവിടെയുള്ള കുടുംബങ്ങളുടെ പക്കൽ എത്തിയിരുന്നു. എന്നാൽ എഴുത്തും വായനയും അറിയാത്ത അവർക്ക് വാർത്തയുടെ ഉള്ളടക്കം എന്താണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർ മാത്തൂരും ജഗദീഷ് ബാബുവും അവിടെയെത്തുമ്പോൾ ആദിവാസി കുടുംബങ്ങൾക്ക് ആദ്യം പറയാനുണ്ടായിരുന്നത് ഈ വാർത്ത എന്താണ് എന്ന് ഞങ്ങൾക്ക് ഒന്ന് വായിച്ചു തരുമോ എന്നായിരുന്നു. ഒടുവിൽ ആ വാർത്ത എഴുതിയ ലേഖകൻ തന്നെ ആദിവാസികൾക്ക് ആ വാർത്ത വായിച്ചു കൊടുത്തു. ആ ചിത്രം ഇവിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു. അതിനിടയിൽ ധോണിയിലെ ആദിവാസി കുടുംബങ്ങൾ തങ്ങളെപ്പറ്റിയുള്ള വാർത്തയും പത്രവും കൗതികത്തോടെ നോക്കി നിൽക്കുന്ന ചിത്രമാണ് മനോരമ നിലമ്പൂരിലേത് എന്ന രീതിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനോരമയിൽ നിലമ്പൂരിൽ എന്ന് തെറ്റായി അടിക്കുറിപ്പ് നൽകിയ ചിത്രം (ഇടത്തെയറ്റത്ത് എസ്.ജഗദീഷ് ബാബു)
സാമൂഹിക ശാസ്ത്രജ്ഞനായ ഡോ. മാത്തൂരിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്വന്തമായി ഭൂമിയില്ലാതെ അടിമ ജീവിതം നയിക്കുന്ന 27 കുടുംബങ്ങൾക്ക് കയറിക്കിടക്കാൻ 10 സെൻ്റ് ഭൂമി വീതം നായനാർ സർക്കാർ അനുവദിച്ചു. തൻ്റെ പേരിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടേയോ പഠന റിപ്പോർട്ടുകളുടേയോ അടിസ്ഥാനത്തിലല്ല പിആർജി മാത്തൂർ എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ്റെ മഹത്വം അടയാളപ്പെടുത്തേണ്ടിയിരുന്നത് എന്നത് പ്രമുഖ മാധ്യമങ്ങളെല്ലാം മറന്നു പോയി. എന്നാൽ നിലമ്പൂർ എന്ന് തെറ്റായി അടിക്കുറിപ്പ് നൽകിയെങ്കിലും മനോരമ ഡോക്ടർ മാത്തൂരിൻ്റെ ഏറ്റവും മഹത്വപൂർണ്ണമായ സംഭാവനയാണ് മറ്റൊരു പത്രത്തിൻ്റെ പേര് വ്യക്തമാകുന്ന തരത്തിലുള്ള ആ ചിത്രം പ്രസിദ്ധീകരിക്കുക വഴി ചെയ്തത്. അത് അഭിനന്ദനാർഹമാണ് എന്ന് തന്നെ പറയേണ്ടി വരും. അതോടൊപ്പം തന്നെ അതിന് മുമ്പോ ശേഷമോ ഇത്തരത്തിൽ കേരള രാഷ്ട്രീയ- ദളിത്-ആദിവാസി സാമൂഹിക മേഖലകളിൽ ചലനാത്മകമായ സ്വാധീനം ചെലുത്താൻ ഒരു വാർത്തക്കും കഴിഞ്ഞിട്ടില്ല എന്നതായിരിക്കാം കാരണം. അതുകൊണ്ട് തന്നെയാണ് പലരും ബോധം പൂർവ്വം അവഗണിച്ച, സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിക്കാൻ കാരണമായ ആ വാർത്ത തന്നെയാണ് ഡോ.പി.ആർ.ജി മാത്തൂരിൻ്റെ ജീവിത പുസ്തകത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായമായി തിളങ്ങി നിൽക്കുന്നത്.
