Connect with us

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സുപ്രിം കോടതിയില്‍ ഉരുണ്ടുകളിച്ച് കേന്ദ്രസര്‍ക്കാര്‍

ദേശീയം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സുപ്രിം കോടതിയില്‍ ഉരുണ്ടുകളിച്ച് കേന്ദ്രസര്‍ക്കാര്‍

ആര്‍. രാഹുല്‍

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രിം കോടതിയില്‍ ഉരുണ്ടു കളിച്ച് കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് സ്‌പൈവെയര്‍ വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് സുപ്രീം കോടതി. കോടതിക്ക് വ്യക്തമായ വിവരങ്ങള്‍ ആവശ്യമാണ്. പെഗാസസ് ഉപയോഗിക്കുന്നുണ്ടോ എന്നാണ് കോടതി ചോദിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും മറ്റൊരു സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ എന്നും കോടതി ചോദിച്ചു. പെഗാസസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ പ്രതികരണം.

 

പാര്‍ലമെന്റില്‍ വളരെ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി തുഷാര്‍മേത്തയുടെ മറുപടി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ ഉണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. പെഗാസസ് വിഷയത്തില്‍ കൃത്യമായ വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ചതാണ്. ചില സ്ഥാപിത താല്പര്യക്കാര്‍ ബോധപൂര്‍വ്വം നടത്തുന്ന തെറ്റായ പ്രചരണമാണ് ഇത്. തെറ്റിദ്ധാരണ നീക്കാന്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കാം. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. എല്ലാ ആരോപണങ്ങളും തള്ളുകയാണ്. ഇത് സാങ്കേതിക വിഷയമാണ്. സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ച് അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാമെന്നും കേന്ദ്രം അറിയിച്ചു.

പെഗാസസ് വാങ്ങിയോ എന്ന് സര്‍ക്കാര്‍ പറയണം എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. സര്‍ക്കാര്‍ കമ്മിറ്റി വേണ്ടെന്നും സിബല്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിലെ പ്രധാനപ്പെട്ട തൂണുകളായ മാധ്യമങ്ങളെും ജുഡീഷ്യറിയെയും നിരീക്ഷിച്ചു എന്നത് ഗൗരവമായ വിഷയമാണ്. ഈകേസില്‍ ആഭ്യന്തര സെക്രട്ടറിയാണ് സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത് ഐ ടി മന്ത്രാലയം സെക്രട്ടറിയാണ്. പെഗാസസ് ഒരു വ്യക്തിയുടെ പ്രശ്‌നമല്ല. ക്യാബിനറ്റ് സെക്രട്ടറിയോട് സത്യവാങ്മൂലം ആവശ്യപ്പെടണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

എന്‍. റാം, യശ്വന്ത് സിന്‍ഹ, എഡിറ്റേഴ്സ് ഗില്‍ഡ്, മറ്റ് ഏഴ് പേര്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹര്‍ജികള്‍ ഊഹങ്ങളുടെയും അനുമാനങ്ങളുടെയും തെളിവുകളില്ലാത്ത മാധ്യമ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമുള്ളതാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച രണ്ട് പേജുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത് . പൊതുതാത്പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ ഇത്തരം തെളിവുകള്‍ പര്യാപ്തമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. സമിതി രീപീകരിച്ച് വ്യക്തത വരുത്താമെന്നും അദ്ദേഹം കോടതിയില്‍ ആവര്‍ത്തിച്ചു.

ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്രത്തിന് പത്ത് ദിവസത്തെ സമയം അനുവദിച്ചു. പെഗാസസ് ഉപയോഗിക്കുന്നില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ വിഷയം അവിടെ തീര്‍ന്നു എന്ന് കപില്‍ സിബല്‍ പറഞ്ഞു. പിന്നെ ആര് ഉപയോഗിക്കുന്നു എന്നതേ ചോദ്യമുള്ളു എന്നും അദ്ദേഹം പറഞ്ഞു.പെ?ഗാസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയുന്നതില്‍ എന്ത് സുരക്ഷാ ഭീഷണിയാണെന്ന് കോടതി ചോദിച്ചു. ഇനി സത്യവാങ്മൂലം നല്‍കാനില്ലെന്ന് കേന്ദ്രം പറഞ്ഞാല്‍ കോടതിക്ക് എങ്ങനെ നിര്‍ബന്ധിക്കാനാകും എന്നും കോടതി കപില്‍ സിബലിനോട് ചോദിച്ചു. കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കുമോ ഇല്ലയോ എന്നത് മാത്രമാണ് വിഷയമെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റി. പെഗാസസ് കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top