കേരളം
ഓപ്പറേഷന്‍ നുംഖോര്‍: ഊര്‍ജിത അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ ഊര്‍ജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെ വാഹന ഉടമകള്‍ക്ക് ഉടന്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കും. വീട്ടില്‍ നിന്ന് രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അര്‍ദ്ധ രാത്രി മുഴുവന്‍ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതല്‍ കാറുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുമുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ സാഹചര്യത്തില്‍ ഇഡി കൂടി കേസെടുക്കാന്‍ സാധ്യതയുണ്ട്.
നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകള്‍ക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരുടെ വീടുകളില്‍ ഉള്‍പ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റെയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമടക്കം ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റത്. പിഴ അടച്ചാല്‍ കേസ് തീര്‍ക്കാന്‍ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്നര്‍ത്ഥമുളള ഓപ്പറേഷന്‍ നുംഖോര്‍ എന്ന് പേരിട്ടായിരുന്നു പരിശോധന. സിനിമാ താരങ്ങളെക്കൂടാതെ വ്യവസായികള്‍. വാഹന ഡീലര്‍മാര്‍, ഇടനിലക്കാര്‍ എന്നിവരുടെ വീ!ടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. എക്‌സൈസ് തീരുവ വെട്ടിച്ച് കേരളത്തിലെത്തിച്ച ഇരുപതോളം വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പൃഥിരാജിന്റെ കൈവശമുളള ലാന്‍ഡ് റോവര്‍ ക്രൂയിസര്‍, ദുല്‍ഖര്‍ സല്‍മാന്റെ കൈവശമുളള നിസാന്‍ വാഹനം എന്നിവയാണ് അന്വേഷണ പരിധിയില്‍ ഉളളത്. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ രണ്ട് വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. അന്വേഷവുമായി സഹകരിക്കാന്‍ അമിത് തയാറാകാതെ വന്നതോടെ അന്വേഷണസംഘം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
