Connect with us

ഇനി ബലികൊടുക്കേണ്ടത് ആരെയൊക്ക

കേരളം

ഇനി ബലികൊടുക്കേണ്ടത് ആരെയൊക്ക

നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി ഹാഷിം മരിച്ച സംഭവം അതിദാരുണമാണ്. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളുമായി എങ്ങനെയും വീടെത്തണമെന്ന ആഗ്രഹവുമായി അയാളുടെ സ്‌കൂട്ടര്‍ പാഞ്ഞത് അപകടത്തിലേക്കായിരുന്നു. ഈ ഹാഷിം ഞാനും , നിങ്ങളുമാണ്. പാതകളിലെ അപകട കുഴികളില്‍ നിന്നും എങ്ങനെയൊക്കെയോ രക്ഷപെട്ടെന്നു മാത്രം!.

ഇന്നലെ രാത്രി 10.20 ഓടെയാണ് നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിന് സമീപമുള്ള റോഡിലെ വലിയ ഗര്‍ത്തത്തിലേക്ക് സ്‌കൂട്ടര്‍ വീണ് അപകടമുണ്ടായത്. ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഹാഷിമിന്റെ സ്‌കൂട്ടറിന് തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനം ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹാഷിം മരണമടഞ്ഞു.

ഇതൊരു സാധാരണ മരണമല്ല, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞതുപോലെ ഇതൊരു കൊലപാകതമാണ്, ഭരണകൂട ഭീകരതകള്‍ നടത്തിയ കൊലപാതകം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദിത്വത്തിന്റെ ഇരയാണ് ഹാഷിം. ദേശീയപാതയില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷവും മാസങ്ങളായി രൂപം കൊണ്ട ആഴമുള്ള കുഴിയാണിത്. ദമ്പതികളടക്കം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നിരവധി യാത്രക്കാര്‍ ഇതിനകം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്.

ടോള്‍ പിരിക്കുന്ന റോഡിലാണ് അപകടമുണ്ടായത്. റോഡ് നന്നാക്കുന്നതു വരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാനെങ്കിലുമുള്ള മനസോ മനസാക്ഷിയോ അധികാരികള്‍ കാണിക്കേണ്ടതുണ്ട്. ഹാഷിമിനെപ്പോലെ ലക്ഷക്കണക്കിനുവരുന്ന ഇരുചക്ര വാഹനയാത്രികരുടെ ജീവനും തുലാസിലാക്കും വിധം നിരുത്തരവാദിത്വപരമായി അധികാരികള്‍ പെരുമാറരുത്.

സംഭവത്തില്‍ ദേശീയപാതാ അതോറിറ്റിയെ മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു. റോഡ് പരിപാലനത്തില്‍ ദേശീയ പാതാ അതോറിറ്റി വീഴ്ച വരുത്തുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നില്ല. ദേശീയ പാതയ്ക്ക് കീഴിലുള്ള റോഡില്‍ സംസ്ഥാനത്തിന് നടപടി എടുക്കാന്‍ കഴിയില്ല. എങ്കിലും വിഷയം ഗൗരവത്തോടെ കാണുമെന്നുമാണ് മന്ത്രി പറഞ്ഞത്. പക്ഷേ പൊതുമരാമത്ത് വകുപ്പിനും ഈ മരണത്തില്‍ പങ്കുണ്ട്. ദേശീയ പാത അതോറിറ്റിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗ്യാരണ്ടിയുള്ള റോഡിലെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ സര്‍ക്കാരിനും വീഴ്ചയുണ്ടായിട്ടുണ്ട്.

ദേശീയപാതകളിലെ കുഴികള്‍ അടയ്ക്കാന്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഓഫീസര്‍ക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടര്‍ക്കും കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് ഹൈക്കോടതി പ്രവര്‍ത്തിക്കുന്ന ദിവസമല്ല. എന്നാല്‍ ഹാഷിമിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍ പെട്ടയുടനെ അദ്ദേഹം അമിക്കസ് ക്യൂറിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഹൈക്കോടതി വിമര്‍ശനം വന്നപ്പോള്‍ ചിലയിടങ്ങളില്‍ കുഴിയടച്ചെങ്കിലും ഇത് ഇനിയും പൂര്‍ത്തിയാക്കിയില്ല. ദേശീയ പാതകളിലെ സ്ഥിതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധമറിയിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഇനിയുള്ള വഴി.

സംഭവം നടന്നതിനു ശേഷം ഇന്നലെ രാത്രിതന്നെ അപകടത്തിനിടയായ കുഴി അടച്ചിരുന്നു. പക്ഷേ അതിനെ വൈകിയെത്തുന്ന നീതിയെന്നുപോലും പറയാനാകില്ല. ഒരാളുടെ ജീവനെടുത്തുകൊണ്ടല്ല, ജീവന്‍ രക്ഷിച്ചുകൊണ്ടാണ് ഭരണാധികാരികള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം പുലര്‍ത്തേണ്ടത്. ദേശീയപാതയുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്.മഴക്കാലം കഴിയുന്നത് വരെ കുഴിയടക്കാന്‍ കരാറുകാര്‍ കാത്ത് നില്‍ക്കുന്നതാണ് പ്രശ്‌നം. അങ്ങനെ കാത്തിരുന്നാല്‍ മഴക്കാലം കഴിയുമ്പോഴേക്കും റോഡില്‍ പിടഞ്ഞുതീരുന്ന ജീവനുകള്‍ക്ക് കുഴികളേക്കാള്‍ എണ്ണമുണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top