കേരളം
‘തിരുവായ്ക്ക് എതിര്‍വാ’ പറഞ്ഞ് മന്ത്രി!
തിരുവായ്ക്ക് എതിര്‍വാ പറഞ്ഞുകൊണ്ട് മന്ത്രിസഭയില്‍ നിന്നും ആദ്യമായി ഒരു മന്ത്രിയുടെ ശബ്ദം ഉയര്‍ന്നിരിക്കുകയാണ്. പിണറായിയുടെ ചെയ്തികളോട് തല്‍ക്കാലം നോ പറഞ്ഞേ പറ്റൂ എന്ന രീതിയിലായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം ഒരു പ്രതികരണം നടത്തിയത്. സംഭവം മറ്റൊന്നുമല്ല, ലോക്‌നാഥ് ബഹ്‌റ ഡിജിപി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ പൊലീസ് വകുപ്പിന് 4.33 കോടി രൂപ അനുവദിച്ചു. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ സംയുക്തമായി പൊലീസ് നവീകരണത്തിന്റെ ഭാഗമായി ക്വോട്ടേഴ്‌സ് നിര്‍മ്മിക്കാനായിരുന്നു ഈ ഫണ്ട് അനുവദിച്ചത്.
എന്നാല്‍, തുക പോയത് മറ്റൊരു വഴിക്കായിരുന്നു. ബഹ്‌റ ഈ തുകയുപയോഗിച്ച് അദ്ദേഹത്തിന്റെ ക്യാംപ് ഓഫീസ് ആഢംബര പൂര്‍ണമാക്കി. കൂടാതെ, 15 ലക്ഷത്തോളം വിലവരുന്ന 250 വാഹനങ്ങളും അദ്ദേഹം വകുപ്പിനെന്ന പേരില്‍ വാങ്ങി. ഈ സംഭവത്തില്‍ തുക വകമാറ്റിയെന്നും ബഹ്‌റ ഇത് അനാവശ്യമായി ഉപയോഗിച്ചെന്നും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ തുക എങ്ങനെയെങ്കിലും വാങ്ങിച്ചെടുക്കാനാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ശ്രമം. അതിനായി അന്ന് ബഹ്‌റ ചിലവാക്കിയ തുകയ്ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടെന്നും ഇപ്പോള്‍ ആ തുക അനുവദിക്കണമെന്നും പറഞ്ഞ് സംഭവത്തെ വെള്ളപൂശിക്കൊണ്ട് മുഖ്യമന്ത്രി ധനകാര്യ വകുപ്പിന് ഒരു ഫയല്‍ സമര്‍പ്പിച്ചു.
എന്നാല്‍, ഇത് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിരസിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച ആക്ഷന്‍ പ്ലാനുകളില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ അനുമതി കൂടാതെ പ്ലാന്‍ഫണ്ട് വകമാറ്റി മറ്റൊരു നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച നടപടി സാധൂകരിക്കാനാവില്ലെന്നും. മുന്‍കൂട്ടി അംഗീകരിച്ച പദ്ധതികള്‍ക്ക് മാത്രമേ കേന്ദ്ര ആഭ്യന്തര വകുപ്പ് ഫണ്ട് ലഭ്യമാകൂ. അവയുടെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ കേന്ദ്ര ഫണ്ട് ലഭിക്കൂവെന്നും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയ പദ്ധതിക്കല്ല പൊലീസ് മേധാവി പണം ചിലവഴിച്ചത്. അനുമതി മറികടന്ന് മറ്റൊരു പ്രവൃത്തിയാണ് പൊലീസ് വകുപ്പ് ചെയ്തത്. ഇത് നഗ്നമായ ചട്ടലംഘനമാണ്. ഭരണപരവും സാമ്പത്തിക പരവുമായ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ മറികടക്കുക മാത്രമല്ല, കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തുക കൂടിയാണ് പൊലീസ് മേധാവി ചെയ്തതെന്നും പൊലീസ് മേധാവിക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും ഇതിന് ധനമന്ത്രിയുടെ അംഗീകാരമുണ്ട് എന്നുമാണ് മുഖ്യമന്ത്രിക്ക് ധനകാര്യ മന്ത്രിയുടെ മറുപടി.
കാരണഭൂതന് എതിര്‍വാ പറയാതെ, എറാന്‍ മൂളികളായ മന്ത്രിമാരുള്ള മന്ത്രിസഭയില്‍ നിന്നാണ് ഇപ്പോഴൊരു എതിര്‍ ശബ്ദം ഉയരുന്നത്. ഇതൊരു തുടക്കമാണ്. കാത്തിരുന്ന് മാത്രം അവസാനം എന്തെന്നറിയേണ്ട തുടക്കം.
