കേരളം
ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി: പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയില്‍ കെ. ജയകുമാര്‍ ഐ.എ.എസ്. പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ രീതിയുലുള്ള പ്രതിരോധത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം, വെല്ലുവിളി എന്നതിനേക്കാള്‍ വലിയ അവസരമായി കാണുന്നുവെന്നും സീസണ്‍ ഭംഗിയാക്കാനാണ് ആദ്യ പ്രയോറിറ്റി എന്നും കെ. ജയകുമാര്‍ ഐ.എ.എസ്. പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജയകുമാറിന്റെ പ്രതികരണം. വിശ്വാസികളുടെ വിശ്വാസത്തെ കാത്തുരക്ഷിക്കണമെന്നും സര്‍ക്കാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവും കാക്കണം എന്നാണ് ജയകുമാര്‍ പ്രതികരിച്ചത്. നാളെയാണ് ഉത്തരവ് വരുന്നതെങ്കില്‍ നാളത്തന്നെ അല്ലെങ്കില്‍ മറ്റന്നാള്‍ തന്നെ പോയി ചുമതലയേല്‍ക്കുമെന്നും ജയകുമാര്‍ പ്രതികരിച്ചു.
അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവരെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ പ്രസിഡന്റിനെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ റിമാന്‍ഡ് ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് കെ.എസ്. ബൈജു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്.ഐ.ടി. കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡി. സുധീഷ് കുമാര്‍ 12-ാം തീയതി വരെ എസ്.ഐ.ടി. കസ്റ്റഡിയിലാണുള്ളത്. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് സമരം തുടരും. 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ശബരിമല സ്വര്‍ണ കവര്‍ച്ചയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
