Connect with us

സഖാക്കളേ.. ..കോടിയേരി കുടുംബമാണ് മാതൃകാ കമ്യൂണിസ്റ്റ് കുടുംബം !

കേരളം

സഖാക്കളേ.. ..കോടിയേരി കുടുംബമാണ് മാതൃകാ കമ്യൂണിസ്റ്റ് കുടുംബം !

ച്ഛന്‍ മിനി കൂപ്പറില്‍ കയറിയാല്‍ മകന്‍ ഔഡി കാറില്‍ കയറും. പാര്‍ട്ടി സെക്രട്ടറി മിനി കൂപ്പറില്‍ കയറിയാല്‍ മുഖ്യമന്ത്രി ഹെലിക്കോപ്റ്ററില്‍ പറക്കും. അതല്ലാതെ, ബാലന്‍ സഖാവു പറഞ്ഞതു പോലെ; പിന്നെ, മൂരി വണ്ടിയില്‍ കയറാന്‍ പറ്റുമോ? ഇതാണു യഥാര്‍ത്ഥ കമ്യൂണിസം, സഖാക്കളേ. ഇതാണു യഥാര്‍ഥ കമ്യൂണിസ്റ്റ് മാതൃക. ഇതിനെ വേണമെങ്കില്‍, നവ ലിബറല്‍ കമ്യൂണിസമെന്നോ, വരട്ടു തത്വവാദമെന്നോ എങ്ങനെ വേണമെങ്കിലും വിശകലനം ചെയ്യാം.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം. നല്ല ‘പസ്റ്റ്’ കമ്യൂണിസ്റ്റ് കുടുംബം! കേരളത്തിലെ ഒരു ഉന്നത കമ്യൂണിസ്റ്റ് നേതാവിന്റെ മകനെതിരെ 13 കോടിയുടെ തട്ടിപ്പിനു ദുബായിയില്‍ കേസ് എന്നു ഇന്നലെ മുതല്‍ ടി.വി. ചാനലുകള്‍ ഫ്‌ളാഷ് വാര്‍ത്ത കാണിച്ചു തുടങ്ങിയിരുന്നു. ഈ നേതാവ് ആരെന്ന കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി സഖാക്കള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ അത്യാവശ്യം നാട്ടുകാര്യം അറിയാവുന്നവര്‍ക്കോ തെല്ലും സംശയമില്ലായിരുന്നു. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ. അല്ലാതെ പിന്നെ.
പക്ഷേ, എല്ലാവര്‍ക്കും ഒരു സംശയമുണ്ടായിരുന്നു. ഏതു മകനായിരിക്കും പ്രതി എന്നതായിരുന്നു സംശയം. ചേട്ടന്റെ അനിയന്‍ കോന്തക്കുറുപ്പ് എന്നു പറഞ്ഞതു പോലെയാണ് നേതാവിന്റെ രണ്ടു മക്കളും. കേസിന്റെയും വിവാദങ്ങളുടെയും കാര്യത്തില്‍ ആരാണ് കേമന്‍ എന്നു കൃത്യമായി പറയാന്‍ പറ്റില്ല. എന്നാല്‍, താമരക്കുട്ടന്‍ സുരേന്ദ്രന്‍ വിളിച്ചു കൂവിയതോടെ ആ സംശയവും തീര്‍ന്നു. പ്രതി ബിനോയി കോടിയേരിയാണ്. അതോടെ ബിനീഷ് അല്ല എന്ന് എല്ലാവര്‍ക്കും വ്യക്തമായി. അതാണു കുടുംബ മഹിമ എന്നു പച്ച മലയാളത്തില്‍ പറയുന്നത്.
ഈ കുടുംബത്തിന്റെ മഹിമ അത്യാവശ്യം കേരളത്തില്‍ മുഴുവന്‍ പാട്ടാണ്. പണ്ട്, ഈ നേതാവിന്റെ ഭാര്യ വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ ഏതോ സ്വര്‍ണക്കടക്കാരനു വേണ്ടി സ്വര്‍ണം കടത്തിയെന്നൊക്കെ ശത്രുക്കള്‍ അപവാദം പറഞ്ഞു പരത്തിയിരുന്നു. വെറും അസൂയയാണെന്നേ. മുഴുത്ത അസൂയ. ഈ മാഡം ചാലക്കമ്പോളത്തില്‍ ഇറങ്ങിയെന്നു കേട്ടാല്‍ പല കടക്കാരും ഷട്ടറിടുമെന്നും പറയുന്നു. കണ്ടോ, പിന്നെയും മുഴുത്ത അസൂയ. അല്ലേലും, പണ്ടേ ഈ മലയാളികള്‍ക്ക് ഒരുത്തനും രക്ഷപ്പെടുന്നതു സഹിക്കൂല്ല!
മാതാപിതാക്കളെ കണ്ടല്ലേ മക്കളും വളരുന്നത്. ഇപ്പോള്‍ അവരാലാവുന്നത് അവരും ചെയ്യുന്നു. മുമ്പ്, ഇ.കെ നായനാരുടെ ഭരണ കാലത്ത്.. ..(സോറി, സഖാക്കള്‍ തിരുത്തുന്നു… പി. ശശിയുടെ ഭരണ കാലത്ത് എന്ന്) ഈ നേതാവിന്റെ പുത്രന്‍ (ഇപ്പോഴത്തെ കേസിലെ പ്രതിയല്ല) കസറുകയായിരുന്നു. അന്ന്, മുഹമ്മയിലുള്ള ഒരു റിയല്‍ എസ്റ്റേറ്റ് മാഫിയ മുതലാളിയുടെ കൂട്ടു പിടിച്ച് പ്രമാദമായ കേസുകള്‍ ഒത്തുതീര്‍പ്പാക്കി ഈ പുത്രന്‍ കോടികള്‍ സമ്പാദിച്ചെന്നു ശത്രുക്കള്‍ പറഞ്ഞു പരത്തിയിരുന്നു. മുത്തൂറ്റ് ഗ്രൂപ്പ് പാര്‍ട്‌നറുടെ കൊലപാതകത്തിലും ഈ പുത്രന്റെ പേരു പറഞ്ഞു കേട്ടിരുന്നു. ഇപ്പോള്‍ ദിലിപിന്റെ ബലാത്സംഗക്കേസിലും നടന്റെ ആരാധകര്‍ ഇയാളുടെ പേരു വിളിച്ചു പറയുന്നു. ഈ അസൂയക്കാരെയും ശത്രുക്കളെയും കൊണ്ടു തോറ്റു!
ഇതിനെതിരെ സി.പി.എം. നേതാക്കളുടെ പ്രതികരണം ബഹു ജോറായി. കുട്ടികള്‍ ജോലിക്കൊക്കെ അന്യനാട്ടില്‍ പോകുമ്പോള്‍ ഇങ്ങനെയുള്ള അബദ്ധങ്ങളൊക്കെ പറ്റിയെന്നിരിക്കും, അതു പരിശോധിച്ച് വേണ്ടതു ചെയ്യുമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞത്. അന്യ നാട്ടില്‍ ജോലിക്കു പോകുന്ന കുട്ടികള്‍ ഔഡി കാര്‍ വാങ്ങാനും ബിസിനസിനെന്നു പറഞ്ഞും കോടികള്‍ വാങ്ങി മുങ്ങുന്ന വാര്‍ത്ത മുമ്പെങ്ങും കേട്ടതായി ഓര്‍ക്കുന്നില്ല. എന്തിനും ഏതിനും പ്രതികരിക്കുന്ന എം.എം. മണി സഖാവ് ഇക്കാര്യത്തില്‍ ‘ജബ…ജബ…ജബാ’ എന്നണു പറയുന്നത്. വല്ലവനെയും ചീത്ത പറയാന്‍ നല്ല ഉത്സാഹമാണ്. സ്വന്തം കാര്യം വരുമ്പോള്‍ മണി സഖാവും കവാത്തു മറക്കുമെന്നു മനസിലായി.
ഒരു നല്ല ഇരയെ കിട്ടിയ സന്തോഷത്തില്‍ ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരുമെല്ലാം ആകെ ഇളകിയിരിക്കയാണ്. കുമ്മനംജിയും മറ്റു താമരക്കുട്ടന്മാരും തൊള്ള തുറക്കുന്നു. കുടുംബത്തെ നയിക്കാനാവാത്ത കോടിയേരി എങ്ങനെ സമൂഹത്തെ നയിക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ‘മില്യന്‍ ഡോളര്‍ ക്വസ്റ്റ്യന്‍’. രാജ്യം മൊത്തം കാവി പൂശാന്‍ ശ്രമിക്കുന്നവരോട് ഒരു മറു ചോദ്യം. നമ്മുടെ ചായക്കടക്കാരന്‍ പ്രധാനമന്ത്രിയില്ലേ (ഇതു ഞാന്‍ പറയുന്നതല്ല, മോദിജി തന്നെ അഭിമാനത്തോടെ പറയുന്നതാണ്). അതേ, മോദിജി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചിട്ടല്ലേ മുഴുവന്‍ സമയം രാഷ്ട്രീയം കളിച്ച് പ്രധാനമന്ത്രിക്കസേരയിലെത്തിയത്. കുടുംബം നോക്കാന്‍ കഴിയാത്തത്തിന്റെ കുഴപ്പമൊക്കെ ഭരണത്തില്‍ കാണാനുമുണ്ട്. ഇനി മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാര്യമെടുക്കാം. അദ്ദേഹം അവിവാഹിതനായിരുന്നു. പിന്നെ, കുംഭകോണത്തിന്റെയും കോഴയുടെയും കാര്യം പറഞ്ഞാല്‍ അമിത് ഷായുടെ മകന്റെ കാര്യമോ ? ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ താമരക്കുട്ടന്മാര്‍ വലയും.
ആദ്യം കുടുംബം നന്നാക്കിയിട്ടു നാടു നന്നാക്കാനിറങ്ങിയാല്‍ മതിയെന്നു കാര്‍ന്നോന്മാരു പണ്ടൊക്കെ പറയുമായിരുന്നു. ഇതിലൊന്നും വലിയ കാര്യമില്ലെന്നു സഖാക്കള്‍ തെളിയിച്ചു കൊണ്ടിരിക്കയല്ലേ.
പിണറായി മുഖ്യമന്ത്രിയാണെങ്കില്‍ ഈയിടെയായി ഒന്നും ശ്രദ്ധിക്കുന്നുമില്ല, കേള്‍ക്കുന്നുമില്ല. ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തിയതു പോലും ശ്രദ്ധിച്ചില്ല. പിന്നെവിടാ, പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ കുംഭകോണം ശ്രദ്ധിക്കാന്‍ സമയം. പുള്ളി കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല. പകരം അങ്ങു കേന്ദ്രത്തില്‍ നിന്നു എസ്. രാമചന്ദ്രന്‍ പിള്ളയൊക്കെയാ പ്രതികരിക്കുന്നത്.
ബിനോയിയുടെ തട്ടിപ്പു കേസ് ഒത്തു തീര്‍ക്കാന്‍ ദേശീയ നേതൃത്വത്തെയാണ് പരാതിക്കാര്‍ സമീപിച്ചതെന്നാണു കേള്‍ക്കുന്നത്. അവിടെ ദേശീയ സെക്രട്ടറിയെ കോടിയേരിയും കൂട്ടരും ചേര്‍ന്നു കൂച്ചിക്കെട്ടിയ കാര്യം പാവം പരാതിക്കാര്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലല്ലേ, നിങ്ങള്‍ അവിടെ പോയി ചോദിക്കാനാണ് യെച്ചൂരി – കാരാട്ട് പ്രശ്‌നത്തേക്കുറിച്ചു ചോദിച്ചപ്പോള്‍ ബംഗാളിലെ മുന്‍ പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബോസ് ക്ഷുഭിതനായി മാധ്യമങ്ങളോടു പ്രതികരിച്ചത്.
സഖാക്കളേ, ഒരു കുഞ്ഞു ചോദ്യം. ഇപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ എന്താ വ്യത്യാസം? വെറുതെ വരട്ടു തത്വവാദം പറയരുത്. ഈയുള്ളവന്‍ ഒരു വ്യത്യാസവും കാണുന്നില്ല. തമ്മില്‍ തല്ലും കാലു വാരലും തൊഴുത്തില്‍ കുത്തും ഈ മൂന്നു പാര്‍ട്ടികളിലും ഒരു പോലെ സുലഭം. മോദിയെ കണ്ടു പിണറായി പഠിക്കുന്നോ പിണറായിയെ കണ്ടു മോദി പഠിക്കുന്നോ എന്നാണു സംശയം. കുടുംബ വാഴ്ചയും അഴിമതിയും എല്ലാം മൂന്നു പാര്‍ട്ടികളിലും ഒരു പോലെ. ആരാണു കേമന്‍ എന്നു കണ്ടെത്താന്‍ ഏറെ പണിപ്പെടേണ്ടി വരും. സി.പി.എമ്മില്‍ ബി.ജെ.പി അനുകൂലികളും കോണ്‍ഗ്രസ് അനുകൂലികളും തമ്മിലുള്ള തല്ല് മൂത്തു നില്‍ക്കുന്ന സമയം. യെച്ചൂരി രാജി വച്ചിട്ടില്ല എന്നേയുള്ളു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ് യെച്ചൂരി. അതിനിടയിലാണ് കോടിയേരി കുംഭകോണം. ഇത് ഇന്നും ഇന്നലെയും തുടങ്ങയിതല്ല. അതുകൊണ്ട് ഉടനെയൊന്നും അവസാനിക്കാനും പോകുന്നില്ല.
ഇനി, വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും സഖാക്കള്‍ക്ക് നേതാക്കളുടെ ആഡംബര ജീവിതത്തേക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാം. പരിപ്പു വടയുടെയും കട്ടന്‍ കാപ്പിയുടെയും മൂരി വണ്ടിയുടെയും കാലം കഴിഞ്ഞു സഖാക്കളേ. ഇപ്പോള്‍ മിനി കൂപ്പറുകളുടെയും ഔഡി കാറുകളുടെയും ഹെലിക്കോപ്റ്ററുകളുടെയും കാലമാണ്. ഔഡി കമ്യൂണിസം നീണാള്‍ വാഴട്ടെ !

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top