Connect with us

സ്വന്തം പാര്‍ട്ടിയുമായി കമല്‍ ഹാസന്‍ വരുന്നു, ഫെബ്രുവരി 21-നു പ്രഖ്യാപനം

ദേശീയം

സ്വന്തം പാര്‍ട്ടിയുമായി കമല്‍ ഹാസന്‍ വരുന്നു, ഫെബ്രുവരി 21-നു പ്രഖ്യാപനം

ചെന്നൈ : തമിഴക രാഷ്ട്രീയത്തില്‍ രജനികാന്തിനു പിന്നാലെ സ്വന്തം പാര്‍ട്ടിയുമായി നിത്യഹരിത നായകന്‍ കമല്‍ ഹാസനും രംഗപ്രവേശം ചെയ്യുന്നു. ജന്മനാടായ രാമനാഥപുരത്ത് ഫെബ്രുവരി 21-ന് കമല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കും. അന്നു തന്നെ രാമനാഥപുരത്തു നിന്നു സംസ്ഥാന വ്യാപകമായ പര്യടനവും ആരംഭിക്കുമെന്ന് കമല്‍ ഹാസന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായാണ് സംസ്ഥാന പര്യടനം നടത്തുക. കമലിന്റെ ജന്മനാടായ രാമനാഥപുരത്തു നിന്ന് ആരംഭിക്കുന്ന പര്യടനം മധുര, ഡിണ്ടിഗല്‍, ശിവഗംഗ ജില്ലകളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി ആശയവിനമയം നടത്തും. ഇതോടെ ഔദ്യോഗികമായി കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശം നടക്കും.
കഴിഞ്ഞ വര്‍ഷം മുതല്‍ കമല്‍ ഇതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ കമല്‍ കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങിയിരുന്നു.
‘സംസ്ഥാന പര്യടനത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കും. അതോടൊപ്പം തന്നെ പാര്‍ട്ടിയുടെ നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കും’, കമല്‍ വ്യക്തമാക്കി.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന ജീര്‍ണതയേയും മാറ്റമില്ലാത്ത അവസ്ഥയേയും വെല്ലുവിളിച്ചാണു താന്‍ രംഗത്തിറങ്ങുന്നതെന്ന് കമല്‍ ചൂണ്ടിക്കാട്ടി. എങ്കിലും ഈ വെല്ലുവിളി യാഥാര്‍ഥ്യമാകാന്‍ എന്റെ ചിന്തകളും പ്രവൃത്തികളും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. സംസ്ഥാന പര്യടനം കൊണ്ടു ലക്ഷ്യമിടുന്നത് ഇതാണ്. ജനങ്ങള്‍ക്കു വേണ്ടത് എന്താണെന്നു മനസിലാക്കണം. അവരുടെ ആകുലതകളും പ്രശ്‌നങ്ങളും മോഹങ്ങളും കണ്ടറിയണം. ഈ പര്യടനത്തിനു ഗ്ലാമര്‍ പരിവേഷമില്ല. വിപ്ലവമുണ്ടാക്കാനുള്ള പര്യടനവുമല്ല ഇത്. ജനങ്ങളെ കണ്ടെത്താനും മനസിലാക്കാനുമുള്ള യാത്രയാണിത്. ജനങ്ങളെ ശരിയായി മനസിലാക്കാനുള്ള അവസരമാണിത്.
പല കാര്യങ്ങളും ചോദ്യം ചെയ്യാനുള്ള ധൈര്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ കാണിക്കണം. ഇതു വഴി സംസ്ഥാന ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ഭരണ നിര്‍വഹണത്തിന്റെയും നിലവാരം ഉയര്‍ത്തിക്കൊണ്ടു വരണം. ഈ യാത്രയുടെ അന്തിമ ലക്ഷ്യം അതാണ്. നിങ്ങളുടെ പിന്തുണയുമായാണ് ഞാന്‍ ഈ പര്യടനം ആരംഭിക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ എനിക്കൊപ്പം അണി ചേരുണമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top