Connect with us

മാപ്പ് തരൂ, ഈ ക്രൂരവിനോദത്തിന്

കേരളം

മാപ്പ് തരൂ, ഈ ക്രൂരവിനോദത്തിന്

രവി മേനോന്‍

നുഷ്യനെ മാറാരോഗിയാക്കാനും കൊന്നുകളയാനും ഒരുത്തന്റേയും ക്വട്ടേഷന്‍ വേണ്ട നമ്മളില്‍ പലര്‍ക്കും. യേശുദാസും എസ് ജാനകിയുമൊക്കെ ഈ ക്രൂര വിനോദത്തിന് പല തവണ ഇരയായവര്‍. രണ്ടു ദിവസമായി വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പൊടിപൂരമാണ് ഫോണില്‍: ”ദാസേട്ടന് ഡയാലിസിസ് ആണെന്ന് കേള്‍ക്കുന്നു. ശരിയാണോ?” വിളിച്ചു ചോദിച്ചവരില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തൊട്ട് ഗായകര്‍ വരെയുണ്ട്. യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോകള്‍ കണ്ട് വിളിച്ചവരായിരുന്നു പലരും.

കൊച്ചിയില്‍ ഓണ്‍ലൈന്‍ ആയി നടന്ന ഗാനഗന്ധര്‍വന്റെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ആഘോഷച്ചടങ്ങിന് അദ്ദേഹം നേരിട്ട് എത്താതിരുന്നത് ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ടാണ് എന്നായിരുന്നു വിഡിയോയിലൂടെ ഭഭഅന്വേഷണാത്മക പത്രപ്രവര്‍ത്തക” പങ്കുവെച്ച വിവരം. ഒപ്പം മലയാളികള്‍ മുഴുവന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നൊരു ആഹ്വാനവും.

ഡയാലിസിസ് വാര്‍ത്തയുടെ പൊരുളന്വേഷിച്ചപ്പോള്‍ അന്തം വിട്ടുപോയി. ജന്മദിന ചടങ്ങിനിടെ ദാസേട്ടന്‍ അമേരിക്കയിലെ ഡാലസ്സില്‍ (Dallas) ആണെന്ന കാര്യം പലരും പരാമര്‍ശിച്ചിരുന്നു. ഈ ഡാലസിനെ ആണത്രേ സമൂഹമാധ്യമ ”സ്‌കൂപ്പന്മാര്‍” ഡയാലിസിസ് ആക്കി അന്തരീക്ഷത്തില്‍ പറത്തിവിട്ടത്.

ചിരിക്കണോ കരയണോ? പിടികിട്ടുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പൊരിക്കല്‍ തന്നെയും ഗാനഗന്ധര്‍വനേയും ഒറ്റ ദിവസം കൊണ്ട് ”വധിച്ചു” കളഞ്ഞ കിംവദന്തിവീരന്മാരെ പറ്റി യശഃശരീരനായ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഴുതിയത് വായിച്ചിട്ട് ഒരു ദിവസം പോലുമായില്ല. (ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന എന്ന ആത്മകഥയില്‍). സമീപ പ്രദേശത്ത് ജീവിച്ചിരുന്ന മറ്റേതോ യേശുദാസനാണ് അന്ന് കഥാവശേഷനായത്. മരിച്ചത് താനല്ല എന്ന് കാര്‍ട്ടൂണിസ്റ്റ് പ്രഖ്യാപിച്ചതോടെ സംശയമുന ഗായകന്റെ നേരെയായി. ”വിമാനാപകട”മായിരുന്നു യേശുദാസിന്റെ കഥയിലെ വില്ലന്‍. കാട്ടുതീ പോലെ പടരുന്ന കിംവദന്തികളെ കുറിച്ച് പിറ്റേന്ന് മാതൃഭൂമി ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തത് ഓര്‍ക്കുന്നു.

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയുമൊന്നും സങ്കല്‍പ്പങ്ങളില്‍ പോലും ഇല്ലാത്ത കാലത്തെ കഥയാണിതെന്നോര്‍ക്കണം. അപ്പോള്‍പ്പിന്നെ ഇന്നത്തെ കാര്യം പറയണോ? കിംവദന്തികള്‍ക്ക് അന്നും ഇന്നും എന്നും മധുരപ്പതിനേഴ്. നടപ്പാക്കുന്ന രീതിയിലേ ഉള്ളൂ മാറ്റം.

സ്വന്തം മരണവാര്‍ത്ത കേട്ടും വായിച്ചും മടുത്തയാളാണ് ജാനകിയമ്മ. വഴിപാട് പോലെ വര്‍ഷാവര്‍ഷം വാട്‌സ്ആപ്പില്‍ വിരുന്നുവരും ആ ക്രൂര സന്ദേശം. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉപ്പു കൂട്ടാതെ വിഴുങ്ങുന്നവര്‍ ഇന്നുമുണ്ട് എന്നതാണ് വിചിത്രമായ കാര്യം.

മാപ്പു പറയാം നമുക്ക് ഈ മഹാനുഭാവന്മാരോട്… അല്ലാതെന്ത് ചെയ്യാന്‍ ?

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top