കേരളം
രാഷ്ട്രീയത്തിലെ അശ്ലീലമായി ബാര്‍കോഴ
കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ തമാശയായി ബാര്‍ കോഴ കേസ് മാറി. മൂന്നാം തവണയും മുന്‍മന്ത്രി കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഹൈക്കോടതിയിലും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ നല്‍കും.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായതോടെ കെ.എം.മാണിയുടെ നിലപാട് ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി മാറി. യു.ഡി.എഫും എല്‍.ഡി.എഫും മാണിയെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. കോഴക്കേസില്‍ കുറ്റവിമുക്തനാകുന്നതോടെ സി.പി.ഐ.യുടെ എതിര്‍പ്പും ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴക്കേസ് അന്വേഷിക്കണമെന്ന് പരാതി നല്‍കിയ വി.എസ്. അച്യുതാനന്ദന്‍ മാത്രം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. വിജിലന്‍സ് കുറ്റവിമുക്തനാക്കിയാല്‍ കേസ് സി.ബി.ഐ.ക്ക് വിടണമെന്നാണ് വി.എസിന്റെ നിലപാട്.
സീസറിനേപ്പോലെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം എന്ന ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച കെ.എം.മാണി വീണ്ടും കേരള രാഷ്ട്രീയത്തില്‍ വിവാദപുരുഷനായി മാറുകയാണ്. കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ വേണമെന്ന ആഗ്രഹത്തിലാണ് ഇരുമുന്നണികളും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അട്ടിമറി നടത്തുമോ എന്ന ആശങ്ക ഇരുകൂട്ടര്‍ക്കും ഉണ്ട്. ത്രിപുരയിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്ങന്നൂരില്‍ അട്ടിമറി വിജയം നേടാനുള്ള എല്ലാ തന്ത്രങ്ങളും ബി.ജെ.പി. പയറ്റും. അത്തരം സന്ദര്‍ഭത്തില്‍ മാണിയെ ഒപ്പം കൂട്ടുന്ന മുന്നണിക്ക് ചെങ്ങന്നൂരില്‍ മുന്‍കൈ ലഭിക്കുമെന്നാണ് ഇരുകൂട്ടരുടേയും വിശ്വാസം. മാണിയാകട്ടെ, മനസ് തുറക്കാതെ സമദൂര സിദ്ധാന്തം പറയുകയാണ്.
മാണിയുടെ അവസാന ബഡ്ജറ്റ് തടസപ്പെടുത്താന്‍ നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ ബഹളവും മാണിക്കെതിരെ കേരളമാകെ നടത്തിയ പ്രക്ഷോഭങ്ങളും വിഴുങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം. ബാര്‍ കോഴക്കേസ് എടുത്തത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ്. അതിന്റെ പേരിലാണ് മാണി പിന്നീട് യു.ഡി.എഫ്. വിട്ടത്. എന്നാല്‍ നോട്ടടി യന്ത്രം ഉള്‍പ്പെടെ പറഞ്ഞ് മാണിയെ കോഴ മാണിയാക്കി മാറ്റിയത് എല്‍.ഡി.എഫാണ്. ഇരുകൂട്ടരും ഇപ്പോള്‍ മാണിക്ക് വേണ്ടി ചുവന്ന പരവതാനി വിരിക്കുകയാണ്. സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പോലും കെ.എം.മാണി സെമിനാറില്‍ പങ്കെടുത്തിരുന്നു. സി.പി.ഐ.യുടെ എതിര്‍പ്പ് മാത്രമാണ് എല്‍.ഡി.എഫിലേകക്ുള്ള മാണിയുടെ പ്രവേശനത്തിന് ഏക തടസം.
ബാര്‍ കോഴക്കേസ് എടുത്ത സന്ദര്‍ഭത്തില്‍ ഡയറക്ടറായിരുന്ന വിന്‍സന്റ് എം.പോള്‍ എടുത്ത നിലപാടാണ് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുന്നത്. കോഴ നല്‍കിയെന്ന് പറയാന്‍ ബാറുടമകളാരും തയ്യാറല്ല. കോഴ വാങ്ങിയെന്ന് ആരോപണ വിധേയനായ മാണി സമ്മതിക്കുകയുമില്ല. അതുകൊണ്ട് ഈ കേസ് നിലനില്‍ക്കില്ല, എന്നായിരുന്നു റിട്ടയര്‍മെന്റ് ദിവസം പോലും വിന്‍സെന്റ് എം.പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഈ നിലപാട് ഒരു പോലെ തള്ളിക്കളയുകയായിരുന്നു. ഒരു കൊലപാടതക കേസില്‍ തെളിവില്ലാതെ കോടതി പ്രതികളെ വിട്ടയയ്ക്കാറുണ്ട്. അതുകൊണ്ട് മാത്രം കൊലപാതകം നടന്നില്ല എന്ന് പറയാനാകില്ല. ഒരാള്‍ കൊല്ലപ്പെട്ടതും അയാളെ ആരോ കൊലചെയ്തു എന്നതും യാഥാര്‍ത്ഥ്യമായിത്തന്നെ നിലനില്‍ക്കും. ഇതിന് തുല്യമാണ് ബാര്‍കോഴക്കേസ്. കോഴ നല്‍കിയവര്‍ തെളിവ് നല്‍കാത്തിടത്തോളം ഒരു കോടതിക്കും കെ,എം.മാണി കുറ്റക്കാരെനെന്ന് പറയാനാകില്ല. അതുകൊണ്ട് മാത്രം മാണി കോഴ വാങ്ങിയില്ലെന്ന് പറയാനുമാകില്ല.
