Connect with us

അവിവാഹിത അമ്മമാര്‍ ഉണ്ടാകില്ല, നവജാത ശിശുക്കള്‍ മരിക്കില്ല

കേരളം

അവിവാഹിത അമ്മമാര്‍ ഉണ്ടാകില്ല, നവജാത ശിശുക്കള്‍ മരിക്കില്ല

മാ ന്യന്മാരായ ഒരുകൂട്ടം ആളുകള്‍ തല്ലിക്കൊന്ന മധുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏതാണ്ട് അവസാനിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ചര്‍ച്ച ഗൃഹലക്ഷ്മിയിലെ മാറ് മറയ്ക്കാതെ മുലയൂട്ടുന്ന അമ്മയെക്കുറിച്ചാണ്. എല്ലാ വിഷയങ്ങളും ഇത്തരത്തില്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുകയാണ്.

ഫെബ്രുവരിയിലെ ആദ്യ ചര്‍ച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ സുഹൈബിന്റെ പൈശാചികമായ കൊലപാതകമായിരുന്നു. ആ കൊലപാതകം സര്‍ക്കാരിനേയും സി.പി.എമ്മിനേയും പ്രതിരോധത്തിലാക്കിയ സന്ദര്‍ഭത്തിലാണ് മധുവിന്റെ കൊല കൊലയാളികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വച്ചത്. ആ വിഷയവും കഴിഞ്ഞപ്പോഴാണ് കച്ചവട താത്പര്യം മുന്‍നിര്‍ത്തി മാറ് കാണിച്ച് കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്.

കേരളത്തിലായാലും നമ്മുടെ രാജ്യത്തായാലും ഇന്ന് മനുഷ്യരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദാരിദ്ര്യവും തൊഴിലില്ലായ്മയും തന്നെയാണ്. വേണ്ടത്ര ഗൗരവത്തോടെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹരിക്കാനോ സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു താത്പര്യവുമില്ല. അട്ടപ്പാടിയിലെ മധുവിന്റെ ദുരന്തമുണ്ടായപ്പോഴാണ് മന്ത്രിമാരും ഹൈക്കോടതി ജഡ്ജിയും എല്ലാം അട്ടപ്പാടിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. കേവലം ചര്‍ച്ചയ്ക്കും ആശങ്കയ്ക്കും അപ്പുറം അട്ടപ്പാടിയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ണുതുറന്ന് കാണാനോ പരിഹരിക്കാനോ ഒരു ശ്രമവും ഈ ദിവസം വരെ ഉണ്ടായിട്ടില്ല. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി മധുവിന്റെ വീടും അട്ടപ്പാടിയും സന്ദര്‍ശിക്കുകയാണ്. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കെങ്കിലും കഴിയുമോ? കേവലം ഐ.എ.എസ്. കാരനായ ഉദ്യോഗസ്ഥന് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളേ അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കി ഉള്‍പ്പെടെയുള്ള മറ്റ് ആദിവാസി മേഖലകളിലും നിലവിലുള്ളൂ.

എന്താണ് ആദിവാസികള്‍ നേരിടുന്ന പ്രശ്‌നം? ഭൂമി, തൊഴില്‍ ഇത് രണ്ടും തന്നെയാണ് അവര്‍ക്ക് വേണ്ടത്. അവര്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ തന്നെ ഒരളവോളം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള തൊഴില്‍ അവര്‍ക്ക് നല്‍കിയാല്‍ പട്ടിണിയും മാറും. എല്ലാവരുടേയും മുന്നില്‍ കൈ നീട്ടുന്ന യാചകരായി ആദിവാസിയെ കാണുന്നതിന് പകരം എല്ലാ പൗരാവകാശങ്ങളുമുള്ള ആദിമ ഗോത്രവര്‍ഗ്ഗമായി അവരെ അംഗീകരിക്കണം. ഊരുകളിലെത്തുന്ന ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരെന്ന് നടിക്കുന്നവരും മാധ്യമമേലാളന്മാരും അവര്‍ക്ക് സമ്മാനിക്കുന്നത് അച്ഛനാരെന്ന് അറിയാത്ത കുഞ്ഞുങ്ങളെയാണ്.

വയനാട്ടിലും അട്ടപ്പാടിയിലും സ്വന്തം പിതൃത്വം അറിയാത്ത ഒരു തലമുറ വളരുന്നുണ്ട്. ആദിവാസിയുടെ ഗോത്രവര്‍ഗ്ഗ സംസ്‌കാരം നിലനിര്‍ത്തുന്നതിന് പകരം നമ്മുടെ പരിഷ്‌കൃത സമൂഹം അവരെ ഉദ്ധരിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയുടെ ഫലമാണ് അവിവാഹിത അമ്മമാര്‍. സങ്കര സംസ്‌കാരം ഉള്ള ഈ തലമുറ ഭാവിയില്‍ സമൂഹത്തിന് മുന്‍പിന്‍ വലിയ ചോദ്യചിഹ്നമായി മാറും. സെക്‌സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആദിവാസികളുടെ സംസ്‌കാരം വളരെ വ്യത്യസ്ഥമാണ്. വിദ്യാസമ്പന്നരായ മാന്യന്മാരെ പോലെ തങ്ങളുടെ വികാര വിചാരങ്ങള്‍ ഒളിപ്പിക്കാനോ രഹസ്യമാക്കി വയ്ക്കാനോ ഇവര്‍ക്കറിയില്ല. നിഷകളങ്കമായ അവരുടെ വികാരവിചാരങ്ങളിലാണ് സംസ്‌കാര സമ്പന്നര്‍ എന്നു പറയുന്നവര്‍ വിഷം കലര്‍ത്തുന്നത്. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും പിന്നില്‍ നില്‍ക്കുന്ന ഈ ഗോത്രവര്‍ഗ്ഗത്തിന് അവരുടെ സ്വാതന്ത്ര്യവും സംസ്‌കാരവും സംരക്ഷിക്കാനുള്ള അന്തരീക്ഷമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്.

മന്ത്രിമാരും നേതാക്കളും ആദിവാസിക്കുടിലുകളില്‍ പോയി അന്തി ഉറങ്ങിയത് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല, അവരുടെ പ്രശ്‌നങ്ങള്‍. ഗോത്രവര്‍ഗ്ഗത്തിന് ഒരു തരത്തിലും ചൂഷണം ചെയ്യാത്ത കര്‍ക്കശമായ നിയമം ഉണ്ടാകണം. അവരുടെ മണ്ണും പെണ്ണും സംരക്ഷിക്കപ്പെടണം. ആദിവാസി ഊരുകളില്‍ കടന്നുകയറുന്ന ഉദ്യോഗസ്ഥരേയും സാമൂഹിക പ്രവര്‍ത്തകരേയും നിയന്ത്രിക്കണം. ആദിവാസിക്ക് അര്‍ഹതപ്പെട്ട സഹായങ്ങള്‍ നേരിട്ട് അവര്‍ക്ക് നല്‍കണം. വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പാക്കാനും ആദിവാസി മേഖലകളില്‍ ഉന്നതരായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ നിയമിക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗമന്ത്രി എന്ന് അഭിമാനത്തോടെ പറയുന്ന ഒരു മന്ത്രി അവര്‍ക്കുണ്ടാകണം.

ഇപ്പോഴത്തെ മന്ത്രിക്ക് നിയമമന്ത്രിയെന്നും സാംസ്‌കാരിക മന്ത്രിയെന്നും പറയാനാണ് ഇഷ്ടം. മാധ്യമങ്ങള്‍ പോലും ഈ പ്രധാനപ്പെട്ട വകുപ്പ് ഭരിക്കുന്ന മന്ത്രിയെ സാംസ്‌കാരിക മന്ത്രിയെന്നാണ് വിശേഷിപ്പിക്കുക. സൗകര്യം പോലെ നിയമമന്ത്രിയെന്നും വിളിക്കും. അപ്പോള്‍ വേണ്ടത് പട്ടികജാതിക്കാരുടേയും പട്ടിക വര്‍ഗ്ഗത്തിന്റേയും ക്ഷേമം മാത്രം സംരക്ഷിക്കുന്ന ഒരു മന്ത്രിയെയാണ്. ഇത്തരത്തില്‍ ഈ വകുപ്പിനെ പുനര്‍നിര്‍ണയിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയണം. ആദിവാസി പ്രസംഗം കൊണ്ടൊരു കാര്യവുമില്ല. ക്രിയാത്മകമായ പ്രവര്‍ത്തനത്തിലൂടെ പട്ടികവര്‍ഗ്ഗത്തിന്റെ അവകാശസംരക്ഷണമാണ് യാഥാര്‍ത്ഥ്യമാക്കേണ്ടത്. ഒരു ജോലിയുമില്ലാതെ കോര്‍പ്പറേഷന്റെ തലപ്പത്ത് ചടഞ്ഞിരിക്കുന്ന എത്രയോ ഐ.എ.എസ്‌കാര്‍ നമുക്കുണ്ട്.

മന്ത്രി ചാണ്ടിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമയേപ്പോലെ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ധീരത കാണിച്ച ശ്രീറാം വെങ്കിട്ടരാമനേയും പോലയുള്ള യുവ ഐ.എ.എസ്‌കാരെ എന്തുകൊണ്ടാണ് അട്ടപ്പാടിയുടെ ചുമതല ഏല്‍പ്പിക്കാത്തത്. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന കോടികളുടെ സഹായം അവരുടെ കൈകളില്‍ എത്തിയാല്‍ അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരിക്കില്ല, അവിവാഹിതരായ അമ്മമാര്‍ ഉണ്ടാകില്ല. മധുമാരെ പരസ്യമായി ആരും വിചാരണ ചെയ്ത് കൊല്ലില്ല. ഇത്തരമൊരു തീരുമാനം എടുക്കാന്‍ ഇരട്ടച്ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിക്കാകുമോ? ഈ ഒറ്റ തീരുമാനം കൊണ്ട് അട്ടപ്പാടിയിലെ അഴിമതിയും ചൂഷണവും മനുഷ്യത്വരഹിതമായ നടപടികളും അവസാനിപ്പിക്കാനാകും. ഹൈക്കോടതി ജഡ്ജി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജിയുടെ അന്തിമതീരുമാനം ഇത്തരത്തില്‍ ഒന്നാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top