മഞ്ഞിനുമപ്പുറം
മാധ്യമ ലോകത്തെ യുഗപുരുഷന്
പത്രാധിപര്‍ പത്മഭൂഷണ്‍ കെ.സുകുമാരന്‍ ഒരു പിന്‍ഗാമിയുണ്ട്. മകന് എം.എസ് മണി. അദ്ദേഹം നമ്മോട് യാത്ര പറഞ്ഞിട്ട് ഇന്ന് നാലുവര്‍ഷം പിന്നിടുകയാണ്.
എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഗുരുനാഥനും വഴികാട്ടിയുമായിരുന്നു അദ്ദേഹം. മണി സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മരണമില്ല.
മരിക്കുന്നതിന് രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിനു കൊടുത്ത ഒരു ഉറപ്പ് മാത്രം പാലിക്കാനായില്ല. എന്തുകൊണ്ടോ ആ വാദ്ഗാന ലംഘനമാണ് ഇന്ന് ശക്തമായി മനസിലേക്ക് ഓടിയെത്തുന്നത്.

അന്ന് ഒരു വൈകുന്നേരം ഡ്രൈവര്‍ ഹരിയെയും കൂട്ടി മണി സാര്‍ വെട്ടുകാട് പള്ളിയിലേക്ക് ഒരു സായാഹ്ന യാത്ര പുറപ്പെട്ടു. ഒരു സ്ഥലം വരെ പോകാനുണ്ടെന്നു മാത്രമേ പറഞ്ഞുള്ളൂ. പള്ളിക്കു മുന്നില്‍ വണ്ടി എത്തിയപ്പോഴാണ് വെട്ടുകാട് പള്ളിയിലേക്കായിരുന്നു ആ യാത്രയെന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹം മുന്‍കൂട്ടി നിശ്ചയിച്ച യാത്രയായിരുന്നു അതെന്ന് വണ്ടിയില്‍ വാങ്ങി സൂക്ഷിച്ചിരുന്ന രണ്ട് വലിയ മെഴുകുതിരികള്‍ പുറത്തെടുത്തപ്പോഴാണ് മനസിലായത്. പള്ളിയുടെ മുന്നില്‍ ഇറങ്ങി അകത്തേക്ക് കയറി അദ്ദേഹം പ്രാര്‍ത്ഥിച്ചു. കയ്യില്‍ കരുതിയ മെഴുകുതിരികള്‍ കത്തിക്കും മുന്‍പ് എന്നെ നിര്‍ബന്ധിച്ച് അകത്തേക്ക് കയറ്റി. ഒരു ക്ഷേത്രത്തിലും പോകാത്ത ഞാന്‍ അത് വേണ്ടെന്നു പറയാന്‍ ശ്രമിച്ചെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു.
ഒരു മെഴുകുതിരി കത്തിച്ച ശേഷം അടുത്ത മെഴുകുതിരി കത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടോ, അനുസരിക്കാനാണ് എനിക്ക് തോന്നിയത്. മെഴുകുതിരി തെളിച്ച ശേഷം അദ്ദേഹം പറഞ്ഞു. ‘വെട്ടുകാട് പള്ളിയില്‍ മെഴുകുതിരി വെച്ച് എന്ത് പ്രാര്‍ത്ഥിച്ചാലും അത് നടന്നിരിക്കും. രണ്ടു കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. ഒന്ന്, കലാകൗമുദി ദിനപത്രം എത്രയും വേഗം തുടങ്ങണം. നീ എന്നോടൊപ്പം പത്രത്തില്‍ ഉണ്ടാകണം. എന്റെ മദ്യപാനം ഇന്ന് നിര്‍ത്തുകയാണ്. പത്രം തുടങ്ങും വരെയും ഒരു തുള്ളി തൊടില്ല’. ഇതായിരുന്നു പള്ളിക്കു മുന്നില്‍ വെച്ച് അദ്ദേഹം എടുത്ത ശപഥം. പിന്നീട് തിരിച്ച് വീട്ടിലെത്തുവോളം വണ്ടിയുടെ മുന്‍സീറ്റില്‍ നിശബ്ദനായി മണി സാര്‍ ഇരുന്നു.
കലാകൗമുദി ഓഫീസിനോട് ചേര്‍ന്നുള്ള വീട്ടിലേക്ക് കയറിയപ്പോള്‍ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നേരത്തെ വാങ്ങിവെച്ചിരുന്ന വില കൂടിയ മദ്യക്കുപ്പി ഡ്രൈവര്‍ ഹരി എടുത്തുകൊണ്ടുവന്നു. എന്റെ അരികില്‍ ഇരുന്ന് സാര്‍ ഒരു ഗ്ലാസില്‍ മാത്രം മദ്യം ഒഴിച്ചു. വെള്ളവും സോഡയുമെല്ലാം അദ്ദേഹം തന്നെ പകര്‍ന്നു. കഴിയ്ക്കാന്‍ അണ്ടിപ്പരിപ്പും മറ്റും മേശപ്പുറത്ത് എത്തി. ഈ രംഗമെല്ലാം കണ്ടുകൊണ്ട് മണി സാറിന്റെ പത്നി ഡോ. കസ്തൂരി മണി തൊട്ടടുത്ത് നില്ക്കുന്നുണ്ടായിരുന്നു. ഒരുതുള്ളി മദ്യം കഴിയ്ക്കാതെ എനിക്ക് മദ്യം ഒഴിച്ചുതരുന്ന മണി സാറിനെ കണ്ട് അവര്‍ പോലും അത്ഭുതപ്പെട്ടു. വെട്ടുകാട് പള്ളിയില്‍ വെച്ച് പറഞ്ഞ കാര്യം ആവര്‍ത്തിച്ചുകൊണ്ട് ഇതാണ് അതിന്റെ തുടക്കം എന്ന് അദ്ദേഹം ഭാര്യയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
ഒരു കൊല്ലം കഴിഞ്ഞ് കലാകൗമുദി ദിനപത്രം പ്രസിദ്ധീകരണം ആരംഭിക്കും വരെയും അദ്ദേഹം ആ വാക്ക് തെറ്റിച്ചില്ല. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്ക് കലാകൗമുദിയിലെ ജോലി അതിനിടയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അന്ന് ഞാന്‍ കലാകൗമുദിയോടൊപ്പം എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന മാതൃമലയാളം പത്രത്തിനു വേണ്ടിയായിരുന്നു എനിക്ക് ആ വാക്ക് തെറ്റിക്കേണ്ടി വന്നത്. എന്റെ സീനിയറും സുഹൃത്തുമായ പ്രസാദ് ലക്ഷ്മണിന്റെ നേതൃത്വത്തില്‍ കലാകൗമുദി പത്രം ഇതിനിടയില്‍ സജീവമായി പുറത്തുവരികയും ചെയ്തു. മകന് സുകുമാരന്‍ മണി എഡിറ്ററായും പ്രസാദ് എക്സിക്യൂട്ടീവ് എഡിറ്ററായുമുള്ള പത്രത്തിന്റെ തുടക്കവും വളര്‍ച്ചയും കണ്ട ശേഷമാണ് എം.എസ് മണി എന്ന പത്രാധിപര്‍ നമ്മോട് യാത്ര പറഞ്ഞത്.
പത്രാധിപരെക്കുറിച്ച് ഒരുപാട് ഓര്‍മ്മകള്‍ പല ഘട്ടങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അത്തരം ഓര്‍മ്മകളില്‍ എപ്പോഴും മനസില്‍ തങ്ങിനില്ക്കുന്ന മറ്റൊരു ഓര്‍മ്മയാണ് മുന്‍ മുഖ്യമന്ത്രി വിഎസുമായുള്ള എം.എസ് മണിയുടെ ആത്മബന്ധം.
മലമ്പുഴയില്‍ വിഎസിന്റെ ആദ്യ മത്സരം. നാമനിര്‍ദ്ദേശ പത്രിക നല്‍കാനായി വി.എസ് പാലക്കാട് എത്തിയതിനു പിന്നാലെ എം.എസ് മണിയും കേരള കൗമുദിയുടെ എക്സിക്യൂട്ടീവ് എഡിറ്ററും എന്റെ സുഹൃത്തുമായ ബി.സി ജോജോയും പാലക്കാട് എത്തി. വിക്ടോറിയ കോളേജ് റോഡിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വിഎസ് സ്ഥിരം താമസിക്കാറുള്ള 11ാം നമ്പര്‍ മുറിയിലേക്ക് ഞങ്ങള്‍ മൂന്നുപേരും വിഎസിനെ കാണാനായി എത്തിയ സന്ദര്‍ഭം മറക്കാനാവില്ല. ദീര്‍ഘകാലത്തെ സൗഹൃദമാണ് ആ നിമിഷം വിഎസ് എം.എസ് മണിയുമായി പങ്കിട്ടത്. പിരിയാന്‍ നേരം വിഎസിന്റെ മുന്നില്‍ വെച്ച് തന്നെ അദ്ദേഹം എന്നോട് പറഞ്ഞു, നമ്മുടെ സ്ഥാനാര്‍ത്ഥിയാണ് വിഎസ്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം. എല്ലാ ദിവസവും വിഎസിനെ കണ്ട് വിവരങ്ങള്‍ എന്നെ അറിയിക്കണം. ആദ്യ തിരഞ്ഞെടുപ്പിലെ എല്ലാ വൈകുന്നേരങ്ങളിലും ഞാന്‍ വി.എസിനെ കാണുകയും വിവരങ്ങള്‍ മണി സാറിനെ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു.
വിഎസിന് സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നിഷേധിച്ചതിനെ തുടര്‍ന്ന് കേരളം ഇളകി മറിഞ്ഞ സമയമായിരുന്നു അത്. ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരും സുകുമാര്‍ അഴീക്കോടും എന്തിന്, സാധാരണക്കാര്‍ പോലും അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പ്രതിഷേധങ്ങള്‍ അറിയിച്ചു. പല ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ചരിത്രത്തിലാദ്യമായി സിപിഎം ജനവികാരത്തിന് കീഴ്പ്പെടുകയും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയും ചെയ്തു.
പോളിംഗിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ മലമ്പുഴയില്‍ നിന്ന് എനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ സുഖകരമായിരുന്നില്ല. വിഎസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്നങ്ങളുണ്ടെന്നും അട്ടിമറിക്കു പോലും സാധ്യതയുണ്ടെന്നുമായിരുന്നു മനസിലായത്. തോല്‍വി പോലും സംഭവിച്ചേക്കാവുന്ന അവസ്ഥ. മണി സാറിനെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. വിഎസിനോട് കാര്യങ്ങള്‍ ഉടന്‍ അറിയിക്കാനായിരുന്നു നിര്‍ദ്ദേശം. പതിവുപോലെ വൈകിട്ട് ഏഴുമണിയോടെ റസ്റ്റ് ഹൗസിലെത്തി ഒറ്റയ്ക്ക് സംസാരിക്കണമെന്ന് വിഎസിനോട് ആവശ്യപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന പിഎ സുരേഷിനെയും അഡീഷണല്‍ സെക്രട്ടറി കെ.എം. ഷാജഹാനെയും മാറ്റിനിര്‍ത്തി വിഎസ് എല്ലാം കേട്ടു. മണ്ഡലത്തില്‍ പല സ്ഥലത്തും അടിയൊഴുക്കുണ്ടെന്നും ഭൂരിപക്ഷം വളരെ കുറയുമെന്നും ഞാന്‍ പറഞ്ഞു. എല്ലാം സശ്രദ്ധം കേട്ട വിഎസ്, നാളെ നമുക്ക് കാണാം എന്നുപറഞ്ഞ് പതിവുപോലെ തൊഴുതു. തിരിച്ചൊന്നും പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് നിരാശനായി ഞാന്‍ മടങ്ങി. പിറ്റേന്ന് വൈകുന്നേരം എന്റെ മൊബൈല്‍ ഫോണിലേക്ക് വിഎസ് നേരിട്ട് വിളിച്ചു. ‘ജഗദീഷ് ഒന്നുവരൂ’. ഒട്ടും വൈകാതെ ഞാന്‍ അദ്ദേഹത്തെ കാണാനെത്തി. അപ്പോള്‍ എന്നോട് പറഞ്ഞു, ‘താന്‍ പറഞ്ഞതെല്ലാം ശരിയാണ്. പരിഹാരങ്ങള്‍ ചെയ്തിട്ടുണ്ട്. എന്‍.എന്‍ കൃഷ്ണദാസിനെ കാര്യങ്ങള്‍ പറഞ്ഞ് ചുമതലപ്പെടുത്തിയിട്ടുണ്ട്’.
ദിവസങ്ങള്‍ കഴിഞ്ഞ് കൗണ്ടിംഗ് ദിവസം മിഷന് സ്കൂളിലെ കൗണ്ടിംഗ് ബൂത്തില്‍ നില്‍ക്കുകയായിരുന്നു. എതിര് സ്ഥാനാര്‍ത്ഥി സതീശന് പാച്ചേനിയുമായി വിഎസിന്റെ ഭൂരിപക്ഷം മണിക്കൂറുകള്‍ കഴിയുംതോറും കുറഞ്ഞുവന്നു. മണ്ഡലത്തില്‍ മാത്രമല്ല, കേരളമാകെ മലമ്പുഴയിലെ സതീശന് പാച്ചേനിയുടെ മുന്നേറ്റം വിസ്മയത്തോടെ കണ്ട മണിക്കൂറുകള്‍. ഒടുവില്‍ 4703 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് വിജയിച്ചതായി പ്രഖ്യാപനം. അപ്പോഴേക്കും എന്റെ മൊബൈലില്‍ വിഎസിന്റെ അടുത്ത വിളി. ‘ജഗദീഷ്, ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വരൂ’. ഞാന്‍ അവിടെ എത്തുമ്പോള്‍ ഓഫീസിന് പുറത്തുള്ള ജനാലയിലൂടെ അന്തരീക്ഷത്തിലേക്ക് നോക്കിനില്ക്കുന്നു വിഎസ്. ‘മണിയെ വിളിക്കൂ’. ഞാന്‍ ഉടന്‍ തന്നെ എന്റെ മൊബൈലില്‍ മണി സാറിനെ വിളിച്ച് വിഎസിന് കൊടുത്തു. ഇരുവരും തമ്മില്‍ പത്തുമിനിറ്റോളം നീണ്ട സംഭാഷണം. വിഎസ് പറയുന്നതു മാത്രം എനിക്ക് കേള്‍ക്കാം. തുടക്കം ഇതായിരുന്നു. ജഗദീഷ് തന്ന വിവരങ്ങള്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഫലം തന്നെ മറിച്ചാകുമായിരുന്നു. മണിയുടെ ഇടപെടല്‍ ഒരിക്കലും മറക്കാനാവില്ല. സംസാരം കഴിഞ്ഞ് ഫോണ്‍ മടക്കിത്തരുമ്പോള്‍ എന്നോട് വിഎസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി എന്റെ വീട്ടിലേക്ക് അയയ്ക്കണം. ശരി എന്നുപറഞ്ഞ് തിരിഞ്ഞപ്പോള്‍ വിഎസ് ഓര്‍മ്മിപ്പിച്ചു. വീട്ടഡ്രസില്‍ അയച്ചാല്‍ മതി. ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വിഎസിന് അയച്ചുകൊടുത്തു. ആ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടന്ന ചര്‍ച്ചകളില്‍ പിന്നീട് പ്രമുഖരായ നേതാക്കള്‍ക്കെതിരെ നടപടികള്‍ ഉണ്ടാവുകയും ചെയ്തു.
ഒരര്‍ത്ഥത്തില്‍ മണി സാര്‍ നേരിട്ടെത്തി വിഎസുമായി കണ്ടിരുന്നില്ലെങ്കില്‍ മലമ്പുഴയിലെ ആദ്യ മത്സരത്തില്‍ വിഎസിന് മാരാരിക്കുളം പോലെ തിരിച്ചടി സംഭവിക്കുമായിരുന്നു. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും വിഎസിന് തിരിച്ചുവരാനുള്ള അവസരമാണ് എം.എസ് മണി എന്ന പത്രാധിപര്‍ അന്ന് ഒരുക്കിയത്.
മണിസാറും എന്‍ആര്‍എസും എസ്. ജയചന്ദ്രന് നായരും ഉള്‍പ്പെട്ട ത്രിമൂര്‍ത്തികള്‍ കേരളത്തിന് നല്കിയ സംഭാവനകള്‍ മറക്കാനാവില്ല. കേരളകൗമുദിയിലൂടെയും കലാകൗമുദിയിലൂടെയും അവര്‍ തുറന്നിട്ടത് ഒരു പുതിയ ലോകമായിരുന്നു. രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംസ്കാരത്തിലും ഒരു മാധ്യമത്തിന് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് അവര്‍ തെളിയിച്ചു. എന്‍ആര്‍എസ് എല്ലാ ഓര്‍മ്മകളും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എസ്. ജയചന്ദ്രന് നായര്‍ മാത്രമാണ് സജീവമായി രംഗത്തുള്ളത്. മാധ്യമരംഗത്ത് ഇവര്‍ നടത്തിയ പരീക്ഷണങ്ങളും അന്വേഷണാത്മക ജേണലിസവും പുതിയ തലമുറയ്ക്ക് മാര്‍ഗ്ഗദര്‍ശകം. സി.വി കുഞ്ഞിരാമനും പത്രാധിപരും കൗമുദി ബാലകൃഷ്ണനും പി.കെ ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവരുടെ പിന്‍ഗാമികളായിരുന്നു എല്ലാ അര്‍ത്ഥത്തിലും ഈ ത്രിമൂര്‍ത്തികള്‍.
