ദേശീയം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നവംബര്‍ ഒന്ന് മുതല്‍ തുടക്കമാകും
ന്യുഡല്‍ഹി: നിര്‍ണായകമായ രണ്ട് തെരഞ്ഞെടുപ്പുകള്‍ പടിവാതില്ക്കല് നില്‍ക്കെ കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എ.ഐ.സി.സി. വിളിച്ച അടിയന്തിര യോഗത്തില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി പോയേ തീരൂ എന്ന കര്‍ശന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. കെ.പി.സി.സി. അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ല എന്നും തെരഞ്ഞെടുപ്പ് അടുക്കവെ കൂടിയാലോചനകള്‍ അനിവാര്യം എന്നും യോഗത്തില്‍ വി.ഡി. സതീശന് പറഞ്ഞുവെന്നും എന്നാല്‍ നിസ്സഹകരിക്കുന്നത് പ്രതിപക്ഷ നേതാവെന്നും പലവട്ടം ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും വഴങ്ങിയില്ലെന്നും കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ചില നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയില്‍ അനൈക്യം ഉണ്ടാക്കുന്നത് എന്നും, ഇങ്ങനെ പോയാല്‍ പാര്‍ട്ടി വെള്ളത്തില്‍ ആകുമെന്ന് കെ സുധാകരന് തുറന്നടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാരവാഹി പട്ടികയില്‍ തഴഞ്ഞതില്‍ കടുത്ത അതൃപ്തി നേരത്തെ പരസ്യമാക്കിയ നേതാക്കളെ അടക്കം മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും പ്രത്യേകം പ്രത്യേകം കണ്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ കെ.പി.സി.സി. ഔദ്യോഗികമായി തുടക്കം കുറിക്കും. ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്തിരഞ്ഞെടുപ്പിനുള്ള കെ.പി.സി.സി തയ്യാറെടുപ്പും തന്ത്രങ്ങളും എ.ഐ.സി.സി നേതൃത്വം വിലയിരുത്തി. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ പ്രചാരണ പദ്ധതികള്‍ അവതരിപ്പിച്ചത്. പൂര്‍ണ ഐക്യത്തോടെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പില്‍ പോരാടണമെന്ന് എ.ഐ.സി.സി നേതൃത്വം കേരള നേതാക്കളോട് ആവശ്യപ്പെട്ടു.
