Connect with us

ലൈംഗികത്തൊഴിലാളികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍…

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍

ലൈംഗികത്തൊഴിലാളികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍…

ന്നോ രണ്ടോ വ്യക്തികള്‍ ലൈംഗികത്തൊഴിലാളികള്‍ ആകേണ്ടി വരുന്നത് മനസിലാക്കാം. എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് മുഴുവന്‍ ലൈംഗികവൃത്തിയിലേക്ക് കടന്നുവരേണ്ടി വരുന്നത് ? അത്തരത്തില്‍ ഒരു വിഭാഗം കടന്നുവരുന്നുണ്ടെങ്കില്‍ അവിടെ തെറ്റുകാരാകുന്നത് സമൂഹവും വ്യവസ്ഥിതിയും മാത്രമല്ലേ ?
വീട്ടിലും സമൂഹത്തിലും തനിക്കുള്ളില്‍ തന്നെയും പിടിച്ചുനില്‍ക്കാനാകാതെ ഇരുളില്‍ നിന്നും ഇരുളിലേക്ക് പായുന്നതാണ് ഓരോ ട്രാന്‍സ്‌ജെന്ററിന്റെയും ജീവിതം. സാധാരണ നിലയില്‍ പുരുഷനായി ജീവിക്കേണ്ട ഒരാള്‍ സ്ത്രീയാണെന്ന് താനെന്ന് തിരിച്ചറിയുമ്പോള്‍ അത് അയാള്‍ക്ക് തന്നെയും ഭീകരമായ തിരിച്ചറിവാകും. പുരുഷന്മാരോട് മാത്രം പ്രണയം തോന്നുക, ശരീരത്തിന്റെ സ്വാഭാവികതയ്ക്ക് വിരുദ്ധമായി എതിര്‍ലിംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ കാണിക്കുക തുടങ്ങിയവയെല്ലാം ചുറ്റുമുള്ളവര്‍ക്കെന്നപോലെ അവര്‍ക്കും അസ്വാഭാവികം തന്നെയാണ്. പക്ഷേ ഒരു വ്യത്യാസമുണ്ട്. ചുറ്റുമുള്ളവര്‍ അവരുടെ സ്വഭാവസവിശേഷതകളെയും ഇഷ്ടങ്ങളേയുമാണ് അസ്വാഭാവികമെന്ന് കരുതുന്നതെങ്കില്‍ തങ്ങളുടെ ശരീരമാണ് ട്രാന്‍സ്‌ജെന്ററുകള്‍ക്ക് അസ്വാഭാവികമായി തോന്നുന്നത്.
തനിക്ക് ചേരാത്ത ഒരു ശരീരത്തില്‍ തളച്ചിടപ്പെട്ട അവസ്ഥ. ആണില്‍ നിന്നും പെണ്ണിലേക്ക് ചേക്കാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് സമൂഹത്തില്‍ ഒരുതരത്തിലും പിടിച്ചുനില്‍ക്കാനാകാതെ വരുന്നത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരാകാന്‍ ആഗ്രഹിക്കുന്നവരുണ്ടങ്കിലും അവര്‍ക്ക് താരതമ്യേന കുറഞ്ഞ അപഹാസ്യങ്ങള്‍ മാത്രമേ ഏറ്റു വാങ്ങേണ്ടി വരുന്നുള്ളൂ. സ്‌ത്രൈണതയോളം അപഹാസ്യകരമായി മറ്റൊന്നുമില്ലെന്ന സമൂഹത്തിന്റെ പൊതുബോധമാണ് കാരണം. ഇത് പുരുഷനാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പരിധിവരെ കവചമാകുന്നുണ്ട്, ഒരു പരിധിവരെ മാത്രം. ‘ഉത്തമ പുരുഷന്‍’ ആകേണ്ടവന്‍ സ്‌ത്രൈണതയെ പുല്‍കുമ്പോള്‍ അവന നുഭവിക്കേണ്ടി വരുന്ന ശാരീരികമാനസിക പീഡനങ്ങള്‍ ഒരു ശരാശരി മനുഷ്യന് കടന്നുപോകാവുന്നതിനും അപ്പുറമാണ്.
കുട്ടിക്കാലത്ത് തന്നെ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനാകാതെ ആട്ടിയകറ്റപ്പെടുന്ന ഇവര്‍ എങ്ങനെയാണ് ജീവിക്കുകയെന്ന് പ്രബുദ്ധ സമൂഹമോ അധികാരികളോ ഈ അടുത്തകാലം വരെ ചിന്തിച്ചിരുന്നോ? ശീതള്‍ ശ്യാം, സൂര്യ തുടങ്ങിയ കുറച്ചുപേര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി സംസാരിച്ചു തുടങ്ങിയപ്പോള്‍ പഴയ ഇരുള്‍ മൂടിയ ഭൂതകാലത്തില്‍ നിന്നും അല്പം വെളിച്ചം കടന്നുവന്നിട്ടുണ്ട്. പക്ഷേ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് നേരെ നിയമപാലകരുടെ ഉള്‍പ്പെടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് ഇനിയും അറുതിവന്നിട്ടില്ലെന്നത് അത്യന്തം ഖേദകരമാണ്. കൊച്ചിയും കോഴിക്കോടും വാര്‍ത്തകളാകുമ്പോള്‍ വാര്‍ത്തകളാകാതെ പോകുന്ന എത്രയോ പീഢന കഥകള്‍ പ്രതിദിനം സംഭവിക്കുന്നു! ട്രാന്‍സ്‌ജെന്ററുകള്‍ക്കും വായും വയറും വിശപ്പുമുണ്ടെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
നാട്ടില്‍ നില്‍ക്കാനാകാതെ അന്യനാടുകളിലേക്ക് ജീവനും കൊണ്ടോടിയിരുന്ന ഇവര്‍ക്ക് ലൈംഗികവൃത്തിയും മോഷണവും യാചനയും മാത്രമായിരുന്നു ഉപജീവനമാര്‍ഗ്ഗം. ഇന്നും ഇരുളിന്റെ മറവില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട, മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്ന ഒരു വിഭാഗത്തിന് മാന്യമായി ജീവിക്കാനുള്ള അവകാശം നല്‍കുന്നില്ലെങ്കില്‍ ലജ്ജിച്ച് തലതാഴ്ത്തുകമാത്രമേ സമൂഹമെന്ന നിലയില്‍ നമുക്ക് ചെയ്യാനാകൂ. ലൈംഗികവൃത്തിയല്ലെങ്കില്‍ പകരമെന്ത് എന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത നമുക്ക് തന്നെയാണ്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍

Trending News

To Top