കേരളം
ആര്‍.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ സത്യഭാമയ്ക്ക് ജാമ്യം
എറണാകുളം: നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം.നെടുമങ്ങാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എസ്.സി., എസ്.ടി. വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്.
