കേരളം
റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ യുവാവിനെ റിസോര്‍ട്ടിന് പുറത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെയും ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫിസര്‍ ലിസിമോളുടെയും ഏകമകന്‍ ജിതിന്‍ (29) ആണു മരിച്ചത്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ഭാര്യ.

പുലര്‍ച്ചെ എത്തിയ പത്രവിതരണക്കാരനാണു സംഭവം ആദ്യം കണ്ടത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കള്‍ക്കൊപ്പം വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
വീടു പോലെയുള്ള താമസസ്ഥലം ആയതിനാല്‍ ജീവനക്കാരൊന്നും രാത്രി ഉണ്ടായിരുന്നില്ല. ജിതിന്‍ മക്കളായ ഏയ്ഡനും ആമ്പര്‍ലിക്കുമൊപ്പം ആറ് ദിവസം മുന്‍പാണ് വലിയ കൊച്ചി പഴമ്പള്ളിത്തുരുത്തിലെ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്. ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബംഗളൂരുവിലായിരുന്നു.
ജിതിന്‍ മക്കള്‍ക്കൊപ്പം കാക്കനാട്ടെ വീട്ടിലാണ് താമസം. ഈ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ജിതിന്‍ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്. ഗോവയില്‍ ബിസിനസ് ചെയ്തിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരില്‍ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലായിരുന്നു താമസം. പിതാവ് മരിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സു മാത്രമുള്ള മക്കളായ ഇരട്ട കുട്ടികള്‍ രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു കരഞ്ഞു.
ജിതിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടത്തും. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു
