കേരളം
ആത്മഹത്യയാണോ ഇനിയുള്ള പോംവഴി ?
കോവിഡിന്റെ ദുരന്തം ഇന്ത്യയിലേക്കും കേരളത്തിലേക്കും ടൂര്‍ വന്നപ്പോള്‍ പ്രതീക്ഷകളറ്റ്, ജീവിതം വഴിമുട്ടിയ ആഭ്യന്തര ടൂറിസം മേഖല കരകയറാനാവാതെ ബുദ്ധിമുട്ടുന്നു. കോവിഡിന്റെ ഒന്നാം തരംഗം വഴിമാറിയപ്പോള്‍ ഒന്നു പച്ച തൊടാന്‍ കൊതിച്ച ടൂറിസം ഏജന്‍സികള്‍ക്ക് കനത്ത പ്രഹരം നല്‍കിക്കൊണ്ട് രണ്ടാം തരംഗം വഴിമുടക്കി. മൂന്നാം തരംഗത്തിന്റെ അതി വിദൂരമല്ലാത്ത ഭാവിയില്‍ പട്ടിണിയില്‍ മുങ്ങുന്ന കുടുംബത്തെ രക്ഷിക്കാന്‍ നെട്ടോട്ടമോടുകയാണ് ടൂറിസം മേഖലയിലുള്ളവര്‍.

കേരളത്തിനു പുറത്തേക്ക് പാക്കേജ് ടൂര്‍ നടത്തുന്ന കമ്പനികള്‍ മിക്കതും 2020 മാര്‍ച്ച് 24 ന് അടച്ചതാണ്. അടച്ചു പൂട്ടിയിട്ട് ഏതാണ്ട് 15 മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ സാമ്പത്തിക സഹായമായി ഒരു രൂപ പോലും ഈ മേഖലക്ക് കിട്ടിയിട്ടില്ലെന്ന പരാതികളാണ് ഏറെയും.
വന്‍കിട റിസോര്‍ട്ടുകാര്‍ക്കും നക്ഷത്ര ഹോട്ടല്‍ ശൃംഖലകള്‍ക്കും ഹൗസ്‌ബോട്ട് മേഖലക്കും വേണ്ടി ശബ്ദമുയര്‍ത്താനും അവര്‍ക്ക് ധനസഹായം കിട്ടാനുമുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാനും ലോബികളും ആളുകളുമുണ്ട്, പക്ഷേ ആഭ്യന്തര ടൂറിസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ മേല്‍ കരുണയുമായി ആരുമെത്തുന്നില്ലെന്ന സങ്കടമാണ് പലരിലുമുള്ളത്.
കേരളത്തിലെ ആകെ ടൂറിസം മേഖലയിലെ 20 മുതല്‍ 25 ശതമാനം ജോലിക്കാരും യാത്രാ സംഘാടകരുമുള്ള ആഭ്യന്തര ടൂറിസം മേഖല ഇപ്പോള്‍ ആകെ ദുരിതക്കയ ത്തിലാണ്.
വായ്പ ലഭിക്കാതെ എന്തു ചെയ്യാന്‍
മുന്‍വര്‍ഷങ്ങളിലെ ഓഡി അടക്കാന്‍ നിര്‍ബന്ധിക്കുന്ന ബാങ്കുകള്‍ ഇപ്പോള്‍ പുതിയ വായ്പകളൊന്നും അനുവദിക്കാന്‍ മുതിരുന്നില്ലെന്ന പരാതി പരാതിയായി മാത്രം നില നില്‍ക്കുന്നു.

കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി മിക്ക അക്കൗണ്ടുകളും കിട്ടാക്കടം (എന്‍.പി.എ.) ആയിട്ടുണ്ട്. സിബില്‍ സ്‌കോറില്ലെന്നും മേഖലയില്‍ വരുമാനമിനമില്ലെന്നും പറഞ്ഞ് ബാങ്ക് കയ്യൊഴിയുന്നു.
കസ്റ്റമറുടെ കയ്യില്‍ നിന്ന് കൈപ്പറ്റിയ അഡ്വാന്‍സ് തുകയും കയ്യിലുണ്ടായിരുന്ന സമ്പാദ്യവും ചേര്‍ത്ത് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വിവിധ ഫ്‌ലീറ്റ് ഓണേഴ്‌സിന്‍െ അടുക്കലും ടോക്കണ്‍ അഡ്വാന്‍സ് ആയി നല്‍കിയ തുകകളൊന്നും തിരികെ കിട്ടുന്നില്ലെന്നാണ് സ്വകാര്യ ഏജന്‍സികളുടെ സങ്കടം.
അടുത്ത സീസണില്‍ ഗ്രൂപ്പുമായി ചെല്ലുമ്പോള്‍ അത് കഴിഞ്ഞുള്ള ബാക്കി തുക കൊടുത്താല്‍ മതി എന്നൊരു അലിഖിത കീഴ് വഴക്കമുണ്ട്. പക്ഷേ, എയര്‍ ഇന്ത്യ, വിസ്റ്റാര, സ്പൈസ് ജെറ്റ് പോലെയുള്ള ചില വിമാനക്കമ്പനികള്‍ 2020 ഏപ്രില്‍ മെയ് മാസങ്ങളിലേക്ക് ബുക്ക് ചെയ്തു ക്യാന്‍സല്‍ ചെയ്യപ്പെട്ട ഫ്‌ലൈറ്റ് ടിക്കറ്റുകളുടെ റീ ഫണ്ട് പൂര്‍ണമായും ഇത് വരെ തിരിച്ചു നല്‍കിയിട്ടില്ല.. അതിന്റെ പേരിലും ടൂറിസം ഏജന്‍സികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
വരുമാനമില്ലാതെ ചിലവുകളേറെ
മുറി വാടക, സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന 50ശതമാനം വേതനം, കറന്റ് ബില്ല് ഫോണ്‍ ചാര്‍ജ് മറ്റു ചിലവുകള്‍ അങ്ങനെ വലിയൊരു തുക തന്നെ ഓരോരുത്തര്‍ക്കും പ്രതിമാസം ചിലവുണ്ട്.
പരിഗണിക്കണം ഈ ആവശ്യങ്ങള്‍
ഇന്ത്യയില്‍ 50ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വരെ ഡൊമസ്റ്റിക് ടൂര്‍ ഓപ്പറേഷന്‍സ് തത്വത്തില്‍ വേണ്ടാ എന്ന അനൗദ്യോഗിക നിലപാട് കേന്ദ്ര ടൂറിസം വകുപ്പ് പിന്‍വലിക്കണം.
ടിപിആര്‍ നിരക്ക് 10 ല്‍ സ്ഥിരമായി താഴെ ഉള്ള ഇടങ്ങളിലേക്ക് മാറ്റി വെക്കപ്പെട്ട യാത്രകള്‍ പോകാന്‍ അനുവദിക്കണം.
കേരളത്തിനകത്തുള്ള വന്‍കിട ഹോട്ടലുകള്‍, നക്ഷത്ര റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടി മാത്രം വായ്പയും സബ്‌സിഡിയും അനുവദിക്കാനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു ചെറുകിട ആഭ്യന്തര ടൂര്‍ ഒപ്പറേറ്റര്‍മാര്‍ക്കു കൂടി വായ്പ ലഭിക്കാനുള്ള നടപടികള്‍ ഉണ്ടാവണം.
നിലവിലുള്ള ഓഡി പോലുള്ള കടങ്ങള്‍ക്ക് പലിശ രഹിത 24 മാസക്കാലത്തേക്ക് സര്‍ക്കാര്‍ മൊറൊട്ടോറിയം പ്രഖ്യാപിക്കണം.

പുറത്തുനിന്നുള്ളവര്‍ കേരളം സന്ദര്‍ശിക്കുന്നത് പോലെ, ഒറ്റക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത കേരളീയര്‍ക്ക് കേരളീയ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി ഗ്രൂപ്പ് ആക്കി ഇന്ത്യ കാണാന്‍ അവസരമൊരുക്കുന്ന ഒരു വലിയ വിഭാഗത്തെ തീരെ മറന്നു പോകരുതെന്നാണ് ഈ മേഖലയുടെ ആവശ്യം…
ഇവരും ഈ മേഖലയിലെ നികുതി ദായകര്‍ ആണ്. കെട്ടിപ്പടുത്ത കുടുംബത്തെ ഒറ്റയ്ക്കാക്കാന്‍ ഈ ദുരിതകാലം കാരണമാകാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉടനുണ്ടാവണം…
