കേരളം
പതിനെട്ടുകാരന്റെ മുന്നില്‍ തലകുനിച്ച് കേരളം
അവള് ഒരു നുണ പറഞ്ഞു, അത് നുണയാണെന്ന് അവന് ഉറക്കെ പറഞ്ഞു ആരും അവന്റെ ശബ്ദം കേട്ടില്ല, കേട്ടത് അവളുടെ ശബ്ദം മാത്രം. നീതി പെണ്ണിനുമാത്രം അവകാശപ്പെട്ടതുപോലെ പലരും അവനോട് പെരുമാറി. പോക്സോ പ്രകാരം കേസെടുത്ത് അവനെ ജയിലിലുമാക്കി.
പതിനേഴുകാരി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സഹപാഠിയായ പതിനെട്ടുകാരന് അനുഭവിക്കേണ്ടി വന്ന യാതനകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായത്.
35 ദിവസത്തെ ജയില്‍ജീവിതം അതിക്രൂരമായാണ് ആ പതിനെട്ടുകാരനോട് പെരുമാറിയത്. ഒന്നിനു പുറകേ ഒന്നായി മൂന്നു ജയിലുകളിലേക്ക് മാറി മാറി കയറിയിറങ്ങേണ്ടി വന്നു ആരോപണ വിധേയന്. ഒരു കുറ്റവാളിയെപ്പോലെ സദാസമയവും വിലങ്ങണിഞ്ഞ് കഴിയുമ്പോള്‍ ജീവിതവും അഭിമാനവും കൈവിട്ടുപോയിട്ടുണ്ടാവണം ആ ആണ്‍കുട്ടിക്ക്. മാറ്റിപ്പാര്‍പ്പിക്കാന്‍ ജയിലുകളിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസിന്റെ വക ചവിട്ടും തൊഴിയും തെറിവിളിയും അവനു ശീലമായി. തെളിവെടുപ്പിനെത്തിക്കുമ്പോള്‍ വിലങ്ങണിയിച്ച് പൊതു സമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ അത്രയേറെ അപഹാസ്യനായിരുന്നു അവന്.
ചെയ്യാത്ത കുറ്റത്തിന് സമ്മതം മൂളാഞ്ഞപ്പോള് പൊലീസ് അടിച്ച് ചെവിക്കല്ലുപൊട്ടിച്ചെന്നും ചെവി കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും അവന് കരഞ്ഞു പറയുന്നു. പൊലീസുകാരുടെ മൂത്രം കുടിപ്പിച്ചെന്നും അതിക്രൂരമായ പീഢനങ്ങളായിരുന്നു നേരിട്ടതെന്നും പറയുമ്പോള്‍ തലകുനിച്ച് മാത്രമേ പരിതപിക്കാന്‍ പോലും നമുക്ക് കഴിയുന്നുള്ളൂ.

പെണ്‍കുട്ടിയുടെ വയറ്റില്‍ വളരുന്ന ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധിക്കണമെന്ന ആവശ്യം ആണ്‍കുട്ടി മുന്നോട്ടുവെച്ചു. ഒടുവില്‍ ഫലം വന്നപ്പോള്‍ നെഗറ്റീവ്…സ്ത്രീ പീഢന പരാതികളിലേക്ക് ഇരയായി വലിച്ചിഴക്കപ്പെടുന്ന പല ആണ്ജന്മങ്ങളുടേയും ഗതി ഇതുതന്നെ. പോക്സോ നിയമം ചവച്ചുതുപ്പിയ ഇരയായി അവനും മാറുകയായിരുന്നു.
പോക്സോ കേസില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങണമെന്നാണ് നിയമം. അതിന്‍പ്രകാരമാണ് തിരൂരങ്ങാടി തെന്നല സ്വദേശിയായ യുവാവിന് ഇത്രയേറെ അനുഭവിക്കേണ്ടി വന്നത്.
കുറ്റക്കാരനല്ലെന്നു പറഞ്ഞ് കോടതി ജയില്‍ മോചിതനാക്കിയപ്പോള് നഷ്ടപ്പെട്ട ആത്മാഭിമാനം ആരു തിരികെക്കൊടുക്കുമെന്ന് ആര്‍ക്കും ഉത്തരമില്ല. പെണ്‍കുട്ടിയുടെ കുടുംബവും പൊലീസും മറ്റാരെയോ രക്ഷിക്കാന്‍ പകരമിട്ടുകൊടുത്ത ഇരമാത്രമാണ് ഈ മലപ്പുറത്തുകാരന്. മാനനഷ്ടകേസുമായി മുന്നോട്ടുപോകുമെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നും യുവാവ് പറയുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍
പീഢന പരാതിയില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത് വഴി യുവാവ് 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. യുവാവിന്റെ ഡി.എന്‍.എ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മീഷന് അന്വേഷണത്തിന് തീരുമാനിച്ചത്.
എവിടെയാണ് തെറ്റുപറ്റുന്നത്
സ്ത്രീ പീഢന പരാതികളില്‍ എവിടെയാണ് തെറ്റുപറ്റുന്നത്? സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാണിനെ പ്രതിചേര്‍ക്കുമ്പോള്‍ നിലവിലെ സാങ്കേതിക വിദ്യയുപയോഗിച്ച് പരാതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോഴോ. അതോ ഒരാണിനെ നോക്കി ഇവന് എന്നെ പീഢിപ്പിച്ചു എന്നു പറയുന്ന മാത്രയില്‍ പൊലീസ് അത് ഉറപ്പിക്കുമ്പോഴോ? മതിയായ അന്വേഷണമില്ലാതെ പരാതിക്കാരിയുടെ മൊഴിയില്‍ മാത്രം കുടുങ്ങിയാണോ പൊലീസ് കേസുകള്‍ അന്വേഷിക്കുക.
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് പറയുമ്പോഴും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലാതായി മാറുകയാണോ?
