കേരളം
എസ്.ഐ.ആര്‍.: സര്‍വകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. എസ്.ഐ.ആറില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തില്‍ ബി.ജെ.പി. എന്‍.ഡി.എ. കക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്.ഐ.ആറിനെതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ എസ്.ഐ.ആര്‍. നടപ്പിലാക്കാനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുഃപരിശോധിക്കണമെന്നാണ് സി.പി.എം., സി.പി.ഐ., കോണ്‍ഗ്രസ് തുടങ്ങിയ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.
അതിനിടെ, എസ്.ഐ.ആര്‍. നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു എന്യൂമെറേഷന്‍ ഫോം വിതരണം ആരംഭിച്ചു. ബി.എല്‍.ഒമാരുടെ നേതൃത്വത്തില്‍ ആദ്യ ദിനം പ്രമുഖരുടെയും മുതിര്‍ന്ന പൗരന്മാരുടേയും വീടുകളിലാണ് ഫോമുകള്‍ വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു. കേല്‍ക്കര്‍ നേരിട്ട് മുതിര്‍ന്ന ചലച്ചിത്രതാരം മധുവിന് എന്യൂമെറേഷന്‍ ഫോം നല്‍കി പൂരിപ്പിച്ചു സ്വീകരിച്ചു.
സംസ്ഥാനത്തുടനീളം ഇന്ന് രാത്രി 8 മണി വരെ ഏകദേശം 207528 പേര്‍ക്ക് എന്യൂമെറേഷന്‍ ഫോം വിതരണം ചെയ്തുവെന്ന് ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എല്‍ ഒ മാരും മുഴുവന്‍ ഡാറ്റയും അപ് ലോഡ്‌ചെയ്തിട്ടില്ലെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.എം. ശ്രീ നേട്ടത്തില്‍ അഹങ്കരിക്കരുതെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അമിത ആഹ്ലാദവും അഹങ്കാരവും തിരിച്ചടി ഉണ്ടാക്കും. രാഷ്ട്രീയ നിലപാട് ഉയര്‍ത്താനായത് നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയില്‍ പാര്‍ട്ടി നേതൃത്വത്തമെടുത്ത നിലപാടില്‍ സംസ്ഥാന
കൗണ്‍സിലിന്റെ അഭിനന്ദനം ലഭിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷവും നേതൃത്വത്തെ പ്രശംസിച്ചു. മുന്‍ മന്ത്രി കെ രാജുവും അജിത് കൊളാടിയും മാത്രമാണ് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
