Connect with us

ശബരിമല സ്വര്‍ണകൊള്ള: കുടുക്കാനുറച്ച് ഹൈക്കോടതി

കേരളം

ശബരിമല സ്വര്‍ണകൊള്ള: കുടുക്കാനുറച്ച് ഹൈക്കോടതി

എറണാകുളം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ കട്ടവരെയെല്ലാം കുടുക്കാനുറച്ച് ഹൈക്കോടതി. 2018 മുതലുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് എസ്.ഐ.ടിയോട് ആവശ്യപ്പെട്ട ഹൈക്കോടതി നീക്കം 2018 മുതല്‍ 2025 വരെയുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതികളെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടക്കം ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണ്ണം പൂശിയതില്‍ നിന്നാണ് എന്ന് ഹൈക്കോടതി എസ്.ഐ.ടിയോട് വ്യക്തമാക്കി.

വാതില്‍ സ്വര്‍ണ്ണം പൂശിയ കാലഘട്ടമായ 2019ലെ കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് കോടതിയുടെ ഈ നിരീക്ഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സന്നിധാനത്ത് പരമാധികാരിയാക്കി മാറ്റാന്‍ സഹായിച്ച, അദ്ദേഹത്തെ അവിടെ അവതരിപ്പിച്ച യഥാര്‍ത്ഥ ‘മൂര്‍ത്തി’ അഥവാ സ്‌പോണ്‍സര്‍ ആരാണെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രണ്ടര കിലോ സ്വര്‍ണം പൊതിഞ്ഞ ശബരിമലയിലെ വാതിലുകള്‍ എവിടെയെന്ന് കണ്ടെത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുവന്ന പുതിയ വാതിലുകളില്‍ 324 ഗ്രാം സ്വര്‍ണം മാത്രമാണുള്ളതെന്നും പ്രത്യേക അന്വേഷണ സംഘം ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. വിജയ് മല്യ 1998ല്‍ സംഭാവന ചെയ്ത രണ്ടര കിലോ സ്വര്‍ണം പൊതിഞ്ഞ വാതിലുകള്‍ ദേവസ്വം ബോര്‍ഡിന്റെ ശേഖരത്തിലുണ്ടോയെന്ന് ചോദിച്ച കോടതി ഉണ്ണികൃഷ്ണന്‍ പോറ്റി അത് കൈവശപ്പെടുത്തിയോ എന്ന് കണ്ടത്തണമെന്നും സ്‌ട്രോങ്ങ് റൂമിലുള്ളത് യഥാര്‍ത്ഥ വാതില്‍പ്പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.

വിഷയത്തില്‍ അന്താരാഷ്ട്ര ബന്ധം കൂടി അന്വേഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നത്. രാജ്യത്ത് നിന്നുള്ള അമൂല്യ വസ്തുക്കള്‍ കടത്തുന്ന സുഭാഷ് കപൂറിന്റെ റാക്കറ്റ് പോലുള്ള വലിയ അന്താരാഷ്ട്ര റാക്കറ്റുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംശയ നിഴലിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025ല്‍ അല്ല, 2024ലാണ് ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ നീക്കം നടന്നതെന്നും അതിന് തിടുക്കം കൂട്ടിയെന്നുമാണ് കണ്ടെത്തല്‍. കോടതി അടക്കമുള്ള നിയമസംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് നടന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പാളികള്‍ കൊണ്ടുപോയത് മിനിട്‌സില്‍ ഇല്ലെന്നും നിരീക്ഷിച്ച കോടതി പി.എസ്. പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായും കുറ്റപ്പെടുത്തി. എസ്.ഐ.ടി.യുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. വാസു കുടുങ്ങുന്നതോടെ സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുള്ള മന്ത്രിമാരും സി.പി.എം. നേതാക്കളും കുടുങ്ങുമെന്നും നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top