കേരളം
ലഹരി വിരുദ്ധ പോരാട്ടത്തിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വിരുദ്ധ പോരാട്ടത്തിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നു. സംസ്ഥാനത്ത് ലഹരി ഉപയോഗവും അക്രമങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയവിയോജിപ്പു മറന്ന് ഒന്നിച്ച് പ്രതിരോധം തീര്‍ക്കാന്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ തയ്യാറാകുന്നത്.
സാമൂഹികവിപത്തിനെതിരേ ഒന്നിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നടപടികളിലെ വീഴ്ചയും വിയോജിപ്പും ചര്‍ച്ചയില്‍ പ്രകടിപ്പിച്ചെങ്കിലും ലഹരിക്കെതിരേ കര്‍മപദ്ധതി തയ്യാറാക്കി സര്‍ക്കാരിറങ്ങിയാല്‍ ഒപ്പംനില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉറപ്പ് നല്‍കി.
സമീപകാല സംഭവങ്ങള്‍ അതീവ ഗൗരവതരമാണെന്നും പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയമാണെന്നും ഒരു ചര്‍ച്ച കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും ഒരു ഭാഗം നിയമ നടപടിയാണെന്നും അത് കര്‍ശനമായി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പ്രശ്‌നം മാത്രം അല്ലെന്നും രാഷ്ട്രീയമായി ചുരുക്കി കാണേണ്ടതല്ലെന്നും കുട്ടികളില്‍ ഉണ്ടാകുന്ന അക്രമോത്സുകത കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതിനിടെ, മയക്കുമരുന്നിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി 2854 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. 1.312 കി.ഗ്രാം എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്ന് വരെയുള്ള ഡി ഹണ്ടിന്റെ കണക്കാണിത്.
