Connect with us

രാഹുലിന്റെ രാജി: പ്രതികരണവുമായി നേതാക്കള്‍

കേരളം

രാഹുലിന്റെ രാജി: പ്രതികരണവുമായി നേതാക്കള്‍

തിരവന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് അപമാനകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. പീഡനത്തിന് വിധേയരായവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് നേരത്തെ നടപടിയെടുത്തില്ലെന്നും പാലക്കാട്ടെ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസിന്റേത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍, രാഹുലിന്റെ മെന്റര്‍ എന്ന നിലയില്‍ സതീശനും ഈ വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്ക് എതിരെ എടുക്കുന്ന നടപടി കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണം എന്നില്ലെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കാരണം രാഹുല്‍ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളില്‍ ഈ നേതാക്കള്‍ക്കെതിരെ പൊട്ടിയ്ക്കാനുള്ള വെടിമരുന്ന് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ യോഗ്യത ഇല്ലാത്തവനാണ് നിയമസഭയില്‍ എത്തിയതെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സ്ഥാനവും രാജിവെക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹു കെയേഴ്‌സ് എന്ന ചോദ്യത്തിന് പീപ്പിള്‍ കെയേഴ്‌സ് എന്നാണ് ഉത്തരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മയുടെയും പിതൃത്വം വി. ഡി. സതീശനാണെന്നും ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പീഡനത്തിന് വിധേയരായവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെടുത്തിയിട്ടും ഇടപെടാതെ മാറി നിന്ന കോണ്‍ഗ്രസിന്റെ നേതൃത്വവും പ്രതിക്കൂട്ടിലാണെന്നും രക്ഷിതാവ് എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പരാതിക്കാരോട് പറഞ്ഞ പ്രതിപക്ഷ നേതാവും ആ സ്ഥാനത്തിന് യോജിച്ച നിലപാടല്ല സ്വീകരിച്ചതെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഒരു നിമിഷം ആ പദവിയിലിരിക്കാന്‍ അര്‍ഹനല്ലെന്നും നവ്യ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ അപമാനിച്ച എം.എല്‍.എ. രാജിവെക്കണമെന്നും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് വേണ്ടാത്ത സാധനങ്ങള്‍ വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയല്ല പാലക്കാടെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു. രാഹുല്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാണ്. ഇന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പാലക്കാട് പ്രതിഷേധം സംഘടിപ്പിക്കും.

എം.എല്‍.എ. സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സി.പി.എം. നേതാവ് സരിന്‍ രംഗത്തെത്തി. കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നാണ് സരിന്റെ വിമര്‍ശനം. കൊണ്ടു നടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ എന്നും പി സരിന്‍ പരിഹസിച്ചു. ഒരാള്‍ രാജിവച്ചാല്‍ കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് കരുതണ്ടയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കി. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ ഇന്നത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്ന് പുറത്തുവന്നേക്കുമെന്നുള്ള സൂചനകളുമുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top