Connect with us

പി.എം. ശ്രീ പദ്ധതി: സി.പി.ഐ. അനുനയമായില്ല

കേരളം

പി.എം. ശ്രീ പദ്ധതി: സി.പി.ഐ. അനുനയമായില്ല

ആലപ്പുഴ: പി.എം. ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സി.പി.ഐ. മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയിലെ ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് പ്രധാനമാണെന്ന് ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി അറിയിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം ഫണ്ടിനേക്കാള്‍ പ്രധാനം നയമെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. പിഎം ശ്രീയുടെ ഭാഗമാണ് എന്‍.ഇ.പി.യെന്നും ദേശീയ തലത്തില്‍ തന്നെ സി.പി.ഐ. നിലപാട് എടുത്തു കഴിഞ്ഞെന്നും പിന്നോട്ട് പോകാന്‍ ആകില്ലെന്നും ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. ദേശീയ വിദ്യാഭ്യാസ നയത്തോട് യോജിക്കാനാവില്ലെന്നും നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയും വ്യക്തമാക്കി.

അതേസമയം, പുന്നപ്ര – വയലാര്‍ വാര്‍ഷിക ദിനാചരണ വേളയിലെ പ്രസംഗത്തിനിടയില്‍ സി.പി.ഐ.യെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരോക്ഷമായി വിമര്‍ശിച്ചു. പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാരെന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുത്ത പുന്നപ്ര – വയലാര്‍ വാര്‍ഷിക ദിനാചരണ വേളയിലെ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. പുന്നപ്ര – വയലാര്‍ സമര സേനാനിയായിരുന്ന വി.എസ്. വേര്‍പിരിഞ്ഞ അവസരമാണിതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് കടുപ്പിച്ച് സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കെ.എസ്.യു. എം.എസ്.എഫ്. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. കെ.എസ്.യു. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് നിരവധി പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യു.ഡി.എഫ്. സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top