കേരളം
ആഗോള അയ്യപ്പ സംഗമം വിജയമെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നും 4000ത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു. അതേസമയം, വേണെമെങ്കില്‍ എ.ഐ. ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം.വി. ഗോവിന്ദന്‍ നല്‍കിയ വിചിത്ര വിശദീകരണം.
ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുന്‍പാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനില്‍ പങ്കെടുത്തവരാണെന്നും 5000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പന്തല്‍ ആണ് ഒരുക്കിയതെന്നും പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കാര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വി.ഡി. സതീശന്‍ പ്രസ്താവനയില്‍ ചോദിച്ചു.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി എ.ഐ.സി.സി. സംഘടന ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും രംഗത്തെത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണ് നടന്നതെന്ന് അയ്യപ്പ ഭക്തരായ വിശ്വാസ സമൂഹത്തിന് മനസിലായെന്ന് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെസേജ് വായിക്കാന്‍ ദേവസ്വം മന്ത്രിക്ക് വലിയ ആവേശമായിരുന്നെന്നും കെ.സി. വിമര്‍ശിച്ചു.
ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്ന് മുസ്ലിം ലീഗ്. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല ആഗോള അയ്യപ്പ സംഗമം ഒരു നാടകമാണെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. വര്‍ഗ്ഗീയതയെ ഉപയോഗപ്പെടുത്താനുള്ള വേദിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിലൂടെ ചെയ്തതെന്നും അന്‍വര്‍ ആരോപിച്ചു
