കേരളം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കള്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ. മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരന്‍ പറഞ്ഞു.
എം.എല്‍.എ. സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്ത് പോകാം. നിലപാട് കെ.പി.സി.സി. പ്രസിഡന്റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം പാര്‍ട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ കൂടുതല്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. ഉചിതമായ നടപടികള്‍ കെ.പി.സി.സി. ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പുറത്താക്കുന്നതിന് നടപടിക്രമങ്ങള്‍ ഉണ്ട്. രാഹുലിനെതിരെ പരാതി വന്നപ്പോഴേ നടപടിയെടുത്തു. അത്രയും നിലപാടുകള്‍ കൃത്യമായി സ്വീകരിച്ചു. തനിക്ക് കൃത്യമായ പരാതി വന്നത് ഇന്നലെ, പരാതിയില്‍ വ്യക്തത ഉണ്ടായിരുന്നില്ല പരാതിക്കാരിയുടെ പേര് ഉണ്ടായിരുന്നില്ല.
പരാതി ഡി.ജി.പിക്ക് കൈമാറി. പരാതിക്കാരിക്ക് അത് സംബന്ധിച്ച് മറുപടിയും കൊടുത്തു. സി.പി.എമ്മിനെ പോലെ കോണ്‍ഗ്രസിന് കോടതിയും പാര്‍ട്ടിയും ഇല്ല. രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നു. ഭരണത്തിന്റെ ബലത്തിലും പാര്‍ട്ടിയുടെ സംരക്ഷണത്തിലും സി.പി.എം. പ്രതികളെ സംരക്ഷിക്കുന്നു, തങ്ങള്‍ അത് ചെയ്യുന്നില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞു.
രാഹുലിനെ പുറത്താക്കണമെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉചിതമായ നടപടി ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
