കേരളം
മേയറേയും എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായ കേസിന്റെ കുറ്റപത്രത്തില്‍നിന്ന് മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും ഒഴിവാക്കി.
മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് ഇപ്പോള്‍ കേസില്‍ പ്രതിയായിട്ടുള്ളത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ആര്യക്കും സച്ചിന്‍ദേവിനും പൊലിസ് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മേയറും എം.എല്‍.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസില്‍ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കന്റോണ്‍മെന്റ് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ബസിന്റെ വാതില്‍ ഡ്രൈവര്‍ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതസേമയം, ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് മ്യൂസിയം പൊലിസാണ് കുറ്റപത്രം നല്‍കുന്നത്.
2024 ഏപ്രില്‍ 27ന് രാത്രി 10ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞെന്നും തുടര്‍ന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി എന്നുമാണ് കേസ്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ തന്നെയും സഹോദര ഭാര്യയെയും അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും മേയറും പരാതി നല്‍കി.
ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്ത് വേഗത്തില്‍ നടപടികളിലേക്ക് കടന്ന പൊലിസ്, പക്ഷേ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എക്കുമെതിരെ കേസെടുത്തത്.എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞ ബസിലെ ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
