കേരളം
കെ. ജയകുമാറിന്റേത് ഇരട്ടപദവി; അയോഗ്യനാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ചത് ചോദ്യം ചെയ്ത് ഹര്‍ജി. കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോക് ആണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐഎംജി ഡയറക്ടര്‍ ആയിരിക്കെയാണ് കെ. ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചത്. അശോകിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ ജയകുമാറിനും ദേവസ്വം സെക്ട്രടറിക്കും കോടതി നോട്ടീസ് അയച്ചു.
സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ, പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടന്ന് കാര്‍ഷികോത്പാദന കമ്മീഷണര്‍ ബി അശോക് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഇരട്ട പദവി ചട്ടലംഘനമില്ലെന്നും, ഐഎംജി ഡയറക്ടര്‍ പദവിയില്‍ പുതിയ ആള്‍ വരുന്നതുവരെയാണ് താന്‍ തുടരുന്നതെന്നും കെ ജയകുമാര്‍ പറഞ്ഞു. ഒരേ സമയം രണ്ടു പ്രതിഫലം പറ്റുന്നില്ലെന്നും, കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.
