Connect with us

ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും അടക്കം പ്രതികള്‍; സരിത കേസില്‍ സിബിഐ നടപടി തുടങ്ങി

കേരളം

ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും അടക്കം പ്രതികള്‍; സരിത കേസില്‍ സിബിഐ നടപടി തുടങ്ങി

ആര്‍ രാഹുല്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കം ഉന്നതര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍,  ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍  എ.പി അബ്ദുള്ളക്കുട്ടി, എ.പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ഇത് കൂടാതെ കൊച്ചി സി.ജെ.എം കോടതിയിലും എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ്, കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സരിത കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്. സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വിവാദ സോളാര്‍ നായിക സരിത നായര്‍ പുറത്ത് വിട്ട കത്തില്‍ ജോസ് കെ. മാണിയുടെ പേരും ഉണ്ട്. എന്നാല്‍ ജോസ് കെ. മാണി ഇടത് പക്ഷത്തിന്റെ ഭാഗമായതോടെ ജോസിന്റെ പേര് ഒഴിവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയത്.

ഈ വര്‍ഷം ഫെബ്രുവരി 24 നാണ് സംസ്ഥാന സര്‍ക്കാര്‍ പീഡന പരാതി സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മന്‍ചാണ്ടിക്കെതിരായ  43/2018, ഹൈബി ഈഡനെതിരായ 140/2019,  അടൂര്‍ പ്രകാശിനെതിരായ 141/2019, എ പി അനില്‍കുമാറിനെതിരായ 142/2019 എന്നീ കേസുകളാണ് സിബിഐക്ക് വിട്ടത്. സ്ത്രീപീഡനത്തിന് പുറമെ സാമ്പത്തിക തട്ടിപ്പും എഫ്.ഐ.ആറില്‍ ചുമത്തിയിട്ടുണ്ട്. 2012 ആഗസ്റ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തോളമാണ് കേരളാ പോലീസ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ പോലീസിനായില്ല.തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി പരാതിക്കാരി എത്തിയത്. കേസിന്റെ വിശദാംശങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി അടക്കം നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്  ഡല്‍ഹിയിലെത്തി നേരിട്ടാണ് പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയത്.

കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തെളിവുമില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിനുള്ള ഒരു തെളിവും കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാര്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയടക്കം എടുത്ത് നടത്തിയ വിശമായ അന്വേഷണത്തിലാണ് പരാതിക്ക് കഴമ്പില്ല എന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top