Connect with us

സംവരണം കൊണ്ട് പൊറുക്കുന്ന പുണ്ണല്ല ജാതിചിന്തകള്‍

കേരളം

സംവരണം കൊണ്ട് പൊറുക്കുന്ന പുണ്ണല്ല ജാതിചിന്തകള്‍

മനുഷ്യ മനസില്‍ കുറച്ച് നാളുകളായി നിദ്രാവസ്ഥയിലായിരുന്ന മതമെന്ന പുണ്ണ് വീണ്ടും പൊട്ടിയൊഴുകിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളുടെ പ്രചാരം അതിന് ആക്കം കൂട്ടിയെന്ന് വേണം കരുതാന്‍. ആതിരയെ അറുംകൊല ചെയ്യുമ്പോള്‍ നമ്മളില്‍ കുറച്ചുപേര്‍ക്കെങ്കിലും അതൊരു അച്ഛന്റെ ‘അഭിമാനപ്രശ്‌നമാണെന്ന്’ മനസിലാക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്.

എത്ര ഒരു ജാതി ഒരു മതം ഒരു ദൈവം പറഞ്ഞാലും കേരളത്തിന്റെ നെഞ്ചിലെന്നും മതഭ്രാന്തും ഉച്ചനീചത്വങ്ങളും ഉറഞ്ഞുകിടന്നിരുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് ഒരു വശത്തുകൂടി പഠിപ്പിക്കുന്ന മാതാപിതാക്കള്‍ തന്നെ ജാതിയില്‍ താഴ്ന്നവരെ ബഹുമാനിക്കേണ്ട ആവശ്യമില്ല എന്നും ചൊല്ലിത്തന്നെ പഠിപ്പിക്കുന്നുണ്ട്. അല്ലെങ്കില്‍ എങ്കിനെയാണ് ഈ മണ്ണില്‍ വളര്‍ന്നുവരുന്ന ഓരോ കുഞ്ഞും ബ്രാഹ്മണനെന്നാല്‍ ആദരണീയനാണ്, പൂജിക്കപ്പെടേണ്ടവനാണ് എന്ന രീതിയില്‍ നോക്കിക്കാണാന്‍ പഠിക്കുന്നത്. എത്ര വിദ്യാഭ്യാസം ഉള്ള ആളാണെങ്കിലും കീഴ് ജാതിക്കാരനാണെങ്കില്‍ അവന് ഒരു പുഞ്ചിരിപോലും നല്‍കേണ്ട ആവശ്യം തനിക്കില്ലെന്ന് ചിന്തിക്കാന്‍ തുടങ്ങുന്നത്?

താഴ്ന്ന ജാതിയില്‍പ്പെട്ട ഉയര്‍ന്ന ആളുകളെ പേരിനൊപ്പം ‘മാമന്‍’ എന്ന ബഹുമാനപദം ചേര്‍ത്ത് വിളിച്ചതിന് മക്കളെ ശിക്ഷിക്കുന്ന മാതാപിതാക്കളെ അന്വേഷിച്ച് നൂറ്റാണ്ടുകളൊന്നും പിറകിലേക്ക് പോകേണ്ട. ഈ കാലത്തുമുണ്ടവര്‍. കീഴ്ജാതിക്കാരനാണെങ്കില്‍ വിദ്യാഭ്യാസം, ജോലി, പ്രായം ഒന്നും കണക്കാക്കേണ്ടതില്ല, പേര് വിളിച്ചാല്‍ മതിയാകുമത്രേ!!

കുഞ്ഞുമനസ്സുകളില്‍ കുത്തിനിറയ്ക്കുന്ന ഈ ജാതിയുടെ മതില്‍ക്കെട്ടുകളെ സംവരണം കൊണ്ട് പൊട്ടിച്ചെറിയാനാകുമെന്ന് വിശ്വസിക്കുന്ന നാം എത്ര വിഡ്ഢികളാണ്?

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കുകയാണ് പഠനകാലത്ത് വിതരണം ചെയ്യുന്ന സ്റ്റൈഫന്റുകളുടെ ലക്ഷ്യം. കോളേജ് പഠനകാലത്താണ് സ്റ്റൈഫന്റ് വാങ്ങാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു ‘ദുരഭിമാനപ്രശ്‌നത്തെ’പറ്റി ഒരു കൂട്ടുകാരി പറയുന്നത്. അവള്‍ക്കും സ്റ്റൈഫന്റ് ഉണ്ടായിരുന്നു. ക്ലാസില്‍ വച്ച് സ്റ്റൈഫന്റ് വാങ്ങാന്‍ വരേണ്ട കുട്ടികളുടെ പേര് വിളിച്ചപ്പോള്‍ അതില്‍ അവളുടെ പേരും അധ്യാപിക വിളിച്ചു. ഇതുകേട്ട മറ്റൊരു കുട്ടി അവളോട് ചോദിച്ചു നീ ‘പറയ’ ജാതിയില്‍പ്പെട്ട ആളാണോ എന്ന്. എന്നാല്‍ അത് അവളുടെ ജാതിയേക്കാളും കുറഞ്ഞ ജാതി ആയതിനാല്‍ അന്നവള്‍ക്ക് അതി കഠിനമായ ‘ദുരഭിമാനം’ ഉണ്ടാവുകയും സ്റ്റൈഫന്റ് പോലും വേണ്ടെന്ന് വയ്ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തുവത്രേ! സ്‌റ്റൈഫന്റ് നല്‍കി കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അവര്‍ക്ക് പറഞ്ഞ് കൊടുക്കേണ്ടത്, നീ മറ്റൊരാളേക്കാളും താഴ്ന്നവനോ താഴ്ന്നവളോ അല്ല, നിന്നെക്കാള്‍ താഴ്ന്നവരും ഇല്ല. വിദ്യാലത്തില്‍ ഉയര്‍ച്ച-താഴ്ചകള്‍ അളക്കുന്ന അളവുകോല്‍ പഠനത്തില്‍ നിങ്ങള്‍ പുലര്‍ത്തുന്ന മിടുക്ക് മാത്രമാണെന്ന്. പറയനെന്നും പുലയനെന്നും വേടനെന്നും വിളിക്കപ്പെടുന്നത് അപമാനകരമാണെങ്കില്‍ അത്രതന്നെ അപമാനം നായരെന്ന വിളിയിലും നമ്പൂതിരിയിലും മേനോനിലും ഉണ്ടെന്ന്.

 

സ്റ്റൈഫന്റ് വാങ്ങാന്‍ വരുന്ന കുട്ടികള്‍ തിരികെ അച്ഛന്റെ കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ എസ്.ടി. എടുക്കാന്‍ കാശില്ലാത്തതിനാല്‍ വീടുകളിലേക്ക് നടന്നുപോകുന്ന ‘മുന്നോക്ക ജാതി’ക്കാരും നമ്മുടെ ഇടയിലുണ്ട്. ഇന്നും വിദ്യാഭ്യാസവും വയറ് നിറയെ കഴിക്കാന്‍ ആഹാരവുമില്ലാത്ത ‘പിന്നോക്കരും’ധാരാളമായുണ്ട്. പിന്നോക്കാവസ്ഥയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അറിയുകപോലുമില്ലാത്ത ‘പിന്നോക്ക സമുദായക്കാരും’ ഒട്ടനവധിയുണ്ട്. എല്ലാവരിലേക്കും പ്രയോജനങ്ങള്‍ എത്തിച്ചേരാന്‍ വിധം ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. ജാതി പറയാതിരുന്നത് കൊണ്ട് ഇവിടെ ജാതി ഇല്ലാതാകില്ല… ജാതിയെക്കുറിച്ച് സംസാരിക്കൂ… എല്ലാ ജാതികളെക്കുറിച്ചും… എന്നിട്ട് മക്കളോട് പറയൂ , എല്ലാ ജാതികളും വൃത്തികേടുകള്‍ മാത്രമാണെന്ന്. ‘ദുരഭിമാന’മില്ലാത്ത ഒരു തലമുറ വളര്‍ന്ന് വരട്ടെ.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top