കേരളം
41 വെട്ടിനേയും കടത്തിവെട്ടി അഡാറ് കണ്ണിറുക്കൽ പ്രൊമോഷൻ!
രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ കയറാൻ നിർവ്വാഹമില്ല. സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? കണ്ണിറുക്കുന്ന പ്രിയാ വാര്യരും അവൾ ജനിച്ചുവീണപ്പോൾ ഉണ്ടായിരുന്ന കൺപീലികളുടെ എണ്ണവും ഇപ്പോഴത്തെ കൺ പീലികളുടെ എണ്ണവും നീളവും വരെ പ്രതിപാദ്യ വിഷയങ്ങളാണ്. ഫെയ്‌സ്ബുക്ക് തുറക്കണ്ട… വാട്ട്‌സ് ആപ്പിൽ കയറണ്ട… ചുരുക്കിപ്പറഞ്ഞാൽ പത്രം പോലും തുറക്കണ്ട. അതാണ് നിലവിലെ അവസ്ഥ.
അയ്യയ്യോ… ഇങ്ങനൊന്നും പറയാൻ പാടില്ലല്ലോ… കാരണം പറഞ്ഞാൽ അതിന്റെ അർത്ഥം നിങ്ങൾക്ക് അതിസുന്ദരിയായ, ഒറ്റ പ്രഭാതം കൊണ്ട് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന കോളേജ് കുമാരിയോടുള്ള അസൂയയാകും!! അതിനാൽ ‘ഐ സപ്പോർട്ട് പ്രിയാ വാര്യരുടെ കണ്ണിറുക്കൽ’ പറയുകയേ നിർവ്വാഹമുള്ളൂ… കുറച്ച് നാളായി ഈ ഒരു രോഗം തുടങ്ങിയിട്ട്. ജിയോ സേവനങ്ങൾ അനസ്യൂതം പ്രവഹിക്കുന്നത് കൊണ്ട് അത്യാവശ്യം യൂ ടൂബിൽ വരുന്ന ആൽബം പാട്ടുകളും റിയാലിറ്റി ഷോയുടെ എപ്പിസോഡുകളും കാണാറുണ്ട്. അതിനേക്കാൾ രസകരമായി തോന്നുന്നത് അവയ്ക്ക് താഴെ വരുന്ന കമന്റുകൾ വായിക്കാനാണ്. ഒരു പെൺകുട്ടി ചിരിക്കുന്ന ക്ലോസ്അപ്പ് സീനിലുണ്ടേൽ തീർന്നു. പിന്നെ കമന്റ് ബോക്‌സ് വൻ ‘കോഴിക്കട’യാകും. ചിരിയെക്കുറിച്ചുള്ള ഗദ്യകാണ്ഡങ്ങളാകും വഴിനീളെ. പുഞ്ചിരി, നോട്ടം, നാണം, കുലീനത, വെളുപ്പ് നിറം, കവിളിലെ ചെഞ്ചുപ്പ്, മുഖക്കുരു ഇതിനെല്ലാം വൻ മാർക്കറ്റാണ്. അതറിഞ്ഞു തന്നെ വീഡിയോകളുടെ സൃഷ്ടാക്കളും അത്യാവശ്യ ചേരുവകളെല്ലാം ചേർക്കാൻ ശ്രദ്ധിക്കാറുണ്ട്. റിയാലിറ്റി ഷോകളിൽ പ്രേക്ഷകരായി എത്തുന്ന പെൺകുട്ടികൾക്ക് എത്തരത്തിൽ പ്രാമുഖ്യം കൊടുക്കുന്നു എന്നത് ശ്രദ്ധിച്ചാലും കാര്യം മനസിലാക്കാം. സാധാരണ പ്രേക്ഷകർ മാത്രമായ നമ്മൾ ഇത് ശ്രദ്ധിച്ചെങ്കിൽ ‘ചങ്ക്‌സ്’ പോലൊരു സിനിമയുമായി തരംഗം സൃഷ്ടിക്കാനെത്തിയ ഒമർ ലുലുവും ഇത് ശ്രദ്ധിച്ചിരിക്കണം. തന്റെ മാർക്കറ്റിങ് തന്ത്രം അതിവിദഗ്ധമായി അദ്ദേഹം പ്രാവർത്തികമാക്കിയിട്ടുണ്ട്.
കണ്ടാൽ ഇഷ്ടം തോന്നുന്ന, അത്യാവശ്യം ഷെയർ ചെയ്ത് അടുത്ത സുഹൃത്തുക്കളെ കാണിക്കാനുള്ള കൗതുകം പ്രിയയുടെ കണ്ണിറുക്കലിലും രണ്ടാമതിറങ്ങിയ ടീസറിലും ഉണ്ട്. അതിനപ്പുറം മറ്റൊരു രാജ്യത്ത് പോലും തരംഗമാകാനുള്ള എന്താണ് അതിലുള്ളത്? അവിടെയും ഒമർ ലുലുവിന്റെയും സുഹൃത്തുക്കളുടേയും മാർക്കറ്റിങ് തന്ത്രമായിരിക്കണം വിജയിച്ചത്. പക്ഷേ അതിനുമപ്പുറം തരം താണൊരു പ്രൊമോഷൻ ടെക്‌നിക് കൂടി പ്രയോഗിച്ചിരുന്നു എന്ന് വേണം കരുതാൻ. പണ്ടെങ്ങുമില്ലാത്ത വിധം നാം ഊറ്റം കൊണ്ടിരുന്ന നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഇല്ലാതായിക്കൊണ്ടിരിക്കുന്നൊരു കാലമാണിത്. അപകടകരമായൊരു രാഷ്ട്രീയ സാഹചര്യത്തിലൂടെയുള്ള കടന്നുപോക്ക് തുടങ്ങിയിട്ട് കാലം കുറച്ചായി. നിശബ്ദമായും ശബ്ദമായുമെല്ലാം അധികാരം കയ്യാളുന്നവരും അതിന് പിന്തുണയർപ്പിക്കുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുന്നുമുണ്ട്. നിരവധി സാധാരണക്കാർ ബലിയാടുകളാകുന്നു. അതിനിടയിൽ ചോര കുടിക്കാനെത്തുന്ന ചെന്നായ്ക്കളുടെ എണ്ണവും ഭീതികരമായി വർദ്ധിക്കുന്നു. മതവികാരമെന്ന തൊട്ടാൽ പഴുത്തളിയുന്ന വ്രണവുമായി നടക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അഥവാ അത്തരത്തിൽ വ്രണപ്പെടുന്നു എന്ന് ഭാവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആരെയും കൊല്ലാനും തല്ലിച്ചതക്കാനുമുള്ള ലൈസൻസായി അത് മാറു്ന്നു.
പദ്മാവത് സിനിമയ്ക്ക് നേരെ നടന്ന കർണിസേനയുടെ പ്രതിഷേധങ്ങൾ പോലും സിനിമയെ 250 കോടി ക്ലബ്ബെന്ന അസുലഭ വിജയത്തിലേക്ക് എത്തിക്കാൻ വേണ്ടിയുള്ളതായിരുന്നോ എന്ന ചർച്ചകൾ നടക്കുമ്പോഴാണ് അത്തരത്തിൽ ഒരു തന്ത്രം പരീക്ഷിക്കാൻ അഡാർ ഒമർ ലുലു എത്തിയത്. ഒമർ ലുലുവിന്റെ ഇറങ്ങാൻ പോകുന്ന ചിത്രം ‘ഒരു അഡാർ ലവിലെ’ ഗാനം മുസ്‌ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹൈദരാബാദിൽ ആരോ കേസ് കൊടുത്തു എന്നതാണ് ആദ്യം കേൾക്കുന്നത്. ഉടൻ തന്നെ ഗാനം പിൻവലിക്കുകയാണെന്ന സംവിധായകന്റെ പ്രസ്ഥാവനയും എത്തി. ‘അയ്യോ ഒമർ ലുലൂ പിൻവലിക്കല്ലേ…’ എന്ന് സപ്പോർട്ട് കേൾക്കാനെന്ന വിധം പിൻവലിക്കുന്നില്ലെന്ന മറുപടിയുമായി വീണ്ടും ഒമർ ലുലു വാർത്തകളിൽ ഇടം പിടിക്കാനായി ഓടിയെത്തി. ഇതിനിടയിൽ പരാതിയും അനുബന്ധ വാർത്തകളും എല്ലാം വ്യാജമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നല്ല കലാസൃഷ്ടികളും ആവിഷ്‌കാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നിടത്ത് ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. എന്നാൽ അതൊരു മാർക്കറ്റിങ് തന്ത്രമായി മാറുകയാണെന്ന തിരിച്ചറിവ് നമ്മുടെ അവശേഷിക്കുന്ന പ്രതികരണ ശേഷിയെക്കൂടി ഇല്ലാതാക്കുകയേ ഉള്ളൂ.
പദ്മാവതിന്റേത് മാർക്കറ്റിങ് തന്ത്രമായിരുന്നെങ്കിൽ നല്ലത്. പക്ഷേ ഓർക്കുക, ആ പേരിൽ ഒന്നുമറിയാത്ത നമ്മുടെ സഹോദരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്… കല്ലേറ് കൊണ്ടിട്ടുണ്ട്… അവരുടെ സൈ്വര്യ ജീവിതം തകർക്കപ്പെട്ടിട്ടുണ്ട്… അവർ ഭീതിയുടെ മുൾമുനയിൽ ജീവിക്കേണ്ടി വന്നിട്ടുണ്ട്…. കേരളത്തിലും വർഗ്ഗീയതയുടെ വിഷം കലക്കി അതിൽ നിന്നും ചോര കുടിക്കാനായി എത്തരുത്.
നല്ല ചിത്രങ്ങൾ സ്വീകരിക്കപ്പെടുന്നൊരു കാലമാണിത്. ആരെയും വേദനിപ്പിക്കാത്ത ‘കണ്ണിറുക്കൽ ‘ പോലുള്ള തന്ത്രങ്ങൾ പരീക്ഷിക്കൂ… പക്ഷേ താത്കാലിക ലാഭത്തിനായി തമ്മിലടിപ്പിക്കുമ്പോൾ നമുക്ക് ജീവിക്കാനുള്ള ഇടങ്ങൾ കൂടിയാണ് ഇല്ലാതാകുന്നതെന്ന് ഓർമ്മവേണം.
