കേരളം
ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്റേത് തന്നെ
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് എന്ന് വ്യക്തമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ്പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്.ഐ.ടി. വ്യക്തമാക്കുന്നു. ഡബ്ബിങ്, എ.ഐ. സാധ്യതകള്‍ പൂര്‍ണമായും തള്ളി. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യെ തിരക്കി സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപണമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറിനാണ് ഫെന്നി നൈനാന്റെ അടൂര്‍ നെല്ലിമൂട്ടില്‍പ്പടിയിലുള്ള വീട്ടില്‍ പോലീസ് എത്തിയത്. ഈ സമയം ഫെന്നി നൈനാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അടൂര്‍ നഗരസഭ എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ പോത്രാട് ഭാഗത്ത് പ്രചാരണത്തിലായിരുന്നു ഫെന്നി.
വീട്ടിലെത്തിയ പോലീസ് അമ്മയോട് മോശമായി പെരുമാറിയെന്നാണ് ഫെന്നിയുടെ ആരോപണം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ അടൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
