കേരളം
മരണത്തെ മുഖാമുഖം കണ്ട് നീതിക്കായി ശ്രീജിത്ത്
സഹോദരന്റെ കൊലയാളികളായ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് 760 ദിവസത്തോളമായി സെക്രട്ടറിയേറ്റ് പടിക്കല്‍ കിടക്കുകയാണ്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്തരത്തിലൊന്ന് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
പൂവാര്‍ സ്വദേശിയായ ശ്രീജിത്താണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്‍ ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദിയായ പോലീസ് സംഘത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്നത്. പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് അന്വേഷണം നടത്തി മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടും, കൊലയാളികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ പിണറായി സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് ശ്രീജിവിനെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനൊടുവില്‍ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് സംശയിക്കപ്പെടുന്നത്. ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന നാരായണക്കുറുപ്പിനെ പോലെ ഒരാള്‍ ഇതെല്ലാം സത്യമാണെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് . ജനരോഷം ഇല്ലാതാക്കാന്‍ കഴിഞ്ഞ ജൂണ്‍ 14ന് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. ജിഷ്ണു പ്രണോയിയുടെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സിബിഐ ഒടുവില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് വഴങ്ങിയാണ് കേസ് ഏറ്റെടുത്തത് . ഒരു പക്ഷേ ജിഷ്ണു പ്രണോയിയുടെ കേസിനെക്കാള്‍ ഗൗരവ സ്വഭാവമുള്ളതാണ് ശ്രീദേവിന്റെ കൊലപാതകം. കസ്റ്റഡിയില്‍ വച്ച് ഒരാള്‍ കൊല്ലപ്പെടുകയും പ്രതിസ്ഥാനത്ത് പോലീസുകാരന്‍ ആവുകയും ചെയ്താല്‍ അത്തരം കേസ് അപൂര്‍വ്വമായിട്ടാണ് കണക്കാക്കപ്പെടുന്നത്. മാത്രവുമല്ല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസില്‍ സ്വാധീനം ഉള്ളതുകൊണ്ടു തന്നെ പ്രതിസ്ഥാനത്ത് നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാകും. അതുകൊണ്ടാണ് ഈ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ശ്രീജിത്ത് ആവശ്യപ്പെടുന്നത്. 760 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം കിടക്കുന്ന ഈ യുവാവ് മരണത്തെ മുന്നില്‍ കണ്ടാണ് മണിക്കൂറുകള്‍ പിന്നിടുന്നത്. എന്നിട്ടും കണ്ണ് തുറക്കാന്‍ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്കും ഡിജിപിക്കും ആവുന്നില്ല .
എന്തുകൊണ്ടാണ് ന്യായമായ ആവശ്യത്തിനു നേരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ? കൊലയാളികളായ പോലീസുകാര്‍ക്ക് ഒപ്പമാണോ നീതിക്കായി പോരാടുന്ന ശ്രീജിത്തിനൊപ്പം ആണോ സര്‍ക്കാര്‍ എന്ന് വ്യക്തമാക്കണം 2014 മെയ് 19നാണ് ഒരു വര്‍ഷം മുന്‍പ് നടന്ന മോഷണക്കുറ്റം ആരോപിച്ച് ശ്രീ ജീവിനെ പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാംദിവസം മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുകയും ചെയ്തു. അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്നു വിഷം കഴിച്ചു മരിച്ചു എന്നാണ് പോലീസ് ഭാഷ്യം. മൂന്നുദിവസം കസ്റ്റഡിയിലായിരുന്ന യുവാവിന് സ്വയം വിഷം കഴിക്കാനാവില്ല എന്നുറപ്പാണ്. മാത്രമല്ല പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ്, പോലീസുകാരായ പ്രതാപ് ചന്ദ്രന്‍, വിജയദാസ്, മഹസറ് തയ്യാറാക്കിയ എസ് ഐ ബിജുകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഈ കൊലപാതകത്തില്‍ പങ്കാളികളാണെന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ കണ്ടെത്തല്‍. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള പോലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിയുടെ നിര്‍ദ്ദേശം മാത്രം നടപ്പാക്കി കുറ്റവാളികളെ രക്ഷിക്കാനാണ് നീക്കം . നിയമസഭയില്‍ ശ്രീജിത്തിന്റെ നിരാഹാരം വിവാദമായപ്പോഴാണ് പേരിനുമാത്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് കേസ് സിബിഐ ഏറ്റെടുക്കണമെങ്കില്‍ ഗൗരവത്തോടെ സംഭവത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിക്കാന്‍ സര്‍ക്കാരിന് കഴിയണം . ശ്രീജിത്തിനെ സന്ദര്‍ശിച്ച മുന്‍ ആഭ്യന്തരമന്ത്രികൂടിയായ പ്രതിപക്ഷ നേതാവ് ചെന്നിത്തല എല്ലാം നിയമസഹായവും നല്‍കാമെന്ന് ശ്രീജിത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല വിചാരിച്ചിരുന്നെങ്കില്‍ ഈ കേസ് സിബിഐക്ക് വിടാമായിരുന്നു. വൈകിയാണെങ്കിലും പ്രതിപക്ഷ നേതാവിന് എത്തേണ്ടി വന്നത് ശ്രീജിത്തിന്റെ സമരം യുവാക്കള്‍ ഏറ്റെടുക്കുന്നു എന്ന് കണ്ടതുകൊണ്ടാണ് കുപ്രസിദ്ധമായ ലോക്കപ്പ് മരണങ്ങള്‍ ഇതിനുമുന്‍പും സിബിഐ ഏറ്റെടുത്തിട്ടുണ്ട്.
ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്ന കേസ് ഇന്നും തുടരുകയാണ്. പാലക്കാട് സമ്പത്ത് വധം മറക്കാറായിട്ടില്ല. ഡി ഐ ജി യും എസ്പിയും അടക്കം പ്രതികളായ കേസ് സിബിഐ അന്വേഷിച്ചിട്ടും ഒരു പോലീസുകാരന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല . അതേസമയം കേസ് അന്വേഷിച്ചിരുന്ന സിബിഐ എഎസ്പി സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ജീവനൊടുക്കുകയും ചെയ്തു. സിബിഐ അന്വേഷണത്തിനെതിരെ ജസ്റ്റിസ് കമാല്‍പാഷ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും പ്രതി സ്ഥാനത്തുണ്ടായിരുന്ന ഡിഐജി ഐജി യായും എസ്പി ഡിഐജി യായും പ്രമോട്ട് ചെയ്യപ്പെട്ടതല്ലതെ ഒന്നും സംഭവിച്ചില്ല. സിബിഐ അന്വേഷണമെന്ന അവസാന പ്രതീക്ഷ മാത്രമാണ് ശ്രീജിത്തിനും അമ്മ രമണിക്കും മുന്നിലുള്ള ഏക മാര്‍ഗ്ഗം.
പ്രതി പോലീസ് ആകുമ്പോള്‍ സിബിഐ പോലും അവരെ രക്ഷിക്കാനാണ് പല കേസുകളിലും ശ്രമിക്കാറ്. അതുകൊണ്ട് ഈ കേസില്‍ കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണമാണ് നടക്കേണ്ടത്. ഇതിനുവേണ്ടി പ്രതികരണശേഷിയുള്ള യുവാക്കള്‍ മുന്നോട്ടുവരട്ടെ! ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഒത്തുചേരാനുള്ള തീരുമാനം പ്രശംസനീയമാണ്. നിവിന്‍ പോളി, ആഷിക് അബു തുടക്കി നിരവധി പ്രശസ്തര്‍ ശ്രീജിത്തിന് പിന്തുണ അറിയിച്ചിട്ടുമുണ്ട്.
