യാത്ര
ഊട്ടി പൈതൃക തീവണ്ടിയില്‍ ഒരു യാത്ര

എസ്. രാധാകൃഷ്ണന്‍ കണ്ണാടി
ഇത് കൂകിപായും തീവണ്ടിയല്ല, ഇഴഞ്ഞുനീങ്ങും തീവണ്ടിയാണ്. വര്‍ഷങ്ങളായി ആഗ്രഹിച്ച ഒരു യാത്ര . 2022 നവംബര്‍ 13 കാലത്ത് 7.10 ന് മേട്ടുപ്പാളയത്തില്‍ നിന്നും പുറപ്പെടേണ്ട വണ്ടി കാലാവസ്ഥ പ്രതികൂലമായതിനാല്‍ 7.40 നാണ് പുറപ്പെട്ടത് ,എന്നാല്‍ ഉച്ചയ്ക്ക് കൃത്യം 12.10 ന് തന്നെ ഊട്ടിയില്‍ എത്തി. 46 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നാലര മണിക്കൂര്‍ . മറക്കാനാവാത്ത അനുഭവം സമ്മാനിച്ച വിരസതയില്ലാത്ത യാത്ര.

മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടിയാണിത്. കൂനൂര്‍ വരെ കല്‍ക്കരി എന്‍ജിനും ( കല്‍ക്കരി ലഭ്യത കുറവായതിനാല്‍ ഇപ്പോള്‍ ഫര്‍നസ് ഓയില്‍ ഉയോഗിക്കുന്നു.) പിന്നീട് ഊട്ടി വരെ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിച്ചുവരുന്നത്.
റെയില്‍വേ പാളത്തിനു നടുവില്‍ ഘടിപ്പിച്ചിരിക്കുന്ന പല്‍ച്ചക്രത്തില്‍ കൊളുത്തിപ്പിടിച്ചാണ് തീവണ്ടി മലകയറുന്നത്. ‘റാക്ക് റെയില്‍വേ ‘ ഇന്ത്യയില്‍ ഇതു മാത്രമാണുള്ളത്.

സമുദ്രനിരപ്പില്‍ നിന്ന് 330 മീറ്റര്‍ ഉയരമുള്ള മേട്ടുപ്പാളയത്തില്‍ നിന്ന് 46 കിലോമീറ്റര്‍ ദൂരമുള്ള ഊട്ടിയില്‍ എത്തുമ്പോള്‍ 2200 മീറ്റര്‍ ഉയരത്തിലെത്തും. 250 പാലങ്ങളും, 16 തുരങ്കങ്ങളും, 216 വളവുകളുമുണ്ട്. – ആകെ 10 സ്റ്റോപ്പുകളാണുള്ളത്. ഏഷ്യയില്‍ ഏറ്റവും കുത്തനെയുള്ള റെയില്‍വേ ലൈനാണിത്.
1854 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഇടയ്ക്ക് നിര്‍ത്തി വീണ്ടും 1891ല്‍ തുടങ്ങി. 1899 ല്‍ കൂനൂര്‍വരെ പണി പൂര്‍ത്തീകരിച്ച് സര്‍വ്വീസ് തുടങ്ങി. 1908 ലാണ് ഊട്ടി വരെ പണി പൂര്‍ത്തികരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ തൊഴിലാളികള്‍ക്ക് പാത നിര്‍മ്മാണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

1918 – 1950 കാലഘട്ടത്തില്‍ നിര്‍മ്മിച്ച എന്‍ജിനുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെ ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പില്‍ നിര്‍മ്മിച്ച പുതിയ സീസല്‍ എന്‍ജിന്‍ ട്രയല്‍ റണ്‍ നടത്തി അടുത്ത മാസം പൈതൃക തീവണ്ടിയില്‍ ഘടിപ്പിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.
2005 ജൂലായ് 15 ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടന്ന ചടങ്ങില്‍ നീലഗിരി മൗണ്ടന്‍ റെയില്‍വേയ്ക്ക് യുനെസ്‌ക്കോ പൈതൃക പദവി നല്കി. യു.എന്‍. പൈതൃക പദവി ലഭിച്ച മറ്റു രണ്ടു റെയില്‍ പാതകള്‍ -ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ റെയില്‍വേയും, കാല്‍കാ – ഷിംല റെയില്‍ പാതയുമാണ്.
ഫസ്റ്റ് ക്ലാസ്സും, സെക്കന്റ് ക്ലാസ്സും റെയില്‍വേ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് സ്റ്റേഷനില്‍ നിന്ന് നേരിട്ട് തന്നെ ടിക്കറ്റ് വാങ്ങണം. 3 മാസം മുമ്പ് ബുക്ക് ചെയ്തതു കൊണ്ടാണ് ഞങ്ങള്‍ക്ക് യാത്ര ചെയ്യാനായത്.
വര്‍ഷത്തില്‍ 30 കോടിയാണ് സര്‍വ്വീസ് ചെലവ്. വരുമാനം 4 കോടി മാത്രം.
ടിക്കറ്റ് നിരക്ക്
1 ക്ലാസ്സ് Rs 600/ ( 48 സീറ്റ് )
2 ക്ലാസ്സ് Rs 295/( 142)
ജനറല്‍ Rs 175/ (65)
ആകെ കോച്ച് 4 എണ്ണം മാത്രം.

മലഞ്ചെരുവുകളും, അരുവികളും, പുല്‍മേടുകളും, തേയിലത്തോട്ടങ്ങളും, കോടമഞ്ഞും, കാനന ഭംഗിയും ആസ്വദിച്ചുള്ള, കുട്ടികളും മുതിര്‍ന്നവരും, പ്രണയ ജോഡികളും ഒന്നിച്ചുള്ള ഈ യാത്ര ഒരനുഭവം തന്നെയാണ്.
ഋതുക്കള്‍ മാറി വരുമ്പോള്‍ നീലഗിരി മലനിരകളുടെ സൗന്ദര്യം മാറിമറിയുന്നതും കാണാനാവും.. ബഹളങ്ങളില്ലാത്ത ജനവാസ കേന്ദ്രങ്ങള്‍, പരിസ്ഥിതി അതിന്റെ എല്ലാ വൈവിധ്യങ്ങളോടും സംരക്ഷിക്കപ്പെട്ട ഇടമാണിത്.
മാധവ് ഗാഡ്ഗില്‍ ഹാപ്പിയായിട്ടുണ്ടാവുക ഇതിലെ യാത്ര ചെയ്തപ്പോഴാവാം. ഒട്ടേറെ സിനിമകള്‍ക്ക് ഈ തീവണ്ടി (ToyTrain) സ്ഥാനം പിടിച്ചിട്ടുണ്ട്.
1) A Passage to india (ഇംഗ്ലീഷ് -1984) വിഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റ് ഇ.എം. ഫോസ്റ്റര്‍ 1924 ല്‍ രചിച്ച നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം
2) ദില്‍ സേ (ഹിന്ദി)
3) നീലഗിരി എക്‌സ്പ്രസ്സ് (തമിഴ് 1968)
4) മൂണ്‍ഡ്രാം പിറൈ (തമിഴ്) (കമലഹാസന് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിച്ച ചിത്രം)
5) സമ്മര്‍ ഇന്‍ ബത്ത്‌ലഹേം (മലയാളം)
6) കിലുക്കം (മലയാളം)
7) മിഥുനം (മലയാളം ).
നിരവധി കാര്‍ട്ടൂണ്‍ പരമ്പരകളുമുണ്ട്.
സഫാരി ചാനലില്‍ ചില വിദേശ രാജ്യങ്ങളിലെ ഗ്രാമീണ യാത്ര കണ്ടാസ്വദിക്കുന്ന നമ്മള്‍ തീര്‍ച്ചയായും ഈ മുറ്റത്തെ മുല്ലയെ കണ്ടറിയണം. ആസ്വദിക്കണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണം.

കോളേജ് പഠനകാലത്ത് തുടങ്ങിയ 42 വര്‍ഷത്തെ സൗഹൃദ കൂട്ടായ്മയിലെ രവി ,
സൈലാബ്ദ്ദീന്‍, സേതു, രാജേന്ദ്രന്‍, മണി എന്നീ ഞങ്ങള്‍ 6 പേര്‍ക്കും മറക്കാനാവാത്ത അനുഭവമായിരുന്നു വേറിട്ട ഈ യാത്ര. റിട്ടയര്‍മെന്റ് ലൈഫ് ബ്യൂട്ടിഫുള്ളാക്കാന്‍ ഇറങ്ങി തിരിച്ച കൂട്ടുകാര്‍.
തിരിച്ചു വരുമ്പോള്‍ തെളിഞ്ഞ കാലാവസ്ഥയില്‍ കോടനാട് വ്യൂ പോയന്റ് കാണാനായതും ആഹ്‌ളാദമുളവാക്കി.

നമ്മുടെ കുട്ടികള്‍ക്കായി ഇവിടേയ്ക്ക് യാത്ര ഒരുക്കാം.. ഈ യാത്ര അവരുടെ ആഹ്‌ളാദവും ജിജ്ഞാസയും വര്‍ധിപ്പിക്കും. പ്രചോദനവുമുണ്ടാവും. തീര്‍ച്ച.
വാള്‍ട്ട് ഡിസ്‌നി പറഞ്ഞതു പോലെ ‘കുട്ടികളുടെ ലോകം മുതിര്‍ന്നവരുടെ ലോകത്തേക്കാള്‍ ഗൗരവതരമാര്‍ന്നതാണ്’.
