കേരളം
ഡോക്ടറെ കണ്ടപ്പോള്‍ ചന്ദ്രികയുടെ ദു:ഖം അണപൊട്ടി
പകല്‍ മാന്യന്മാര് തല്ലിക്കൊന്ന സഹോദരന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ സഹോദരി ചന്ദ്രിക പോലീസ് ആകാനുള്ള മുഖാമുഖത്തിന് ക്യൂവില്‍ നില്‍ക്കുകയായിരുന്നു. ഒരു പക്ഷേ ലോകത്തില്‍ ഒരു സഹോദരിക്കും ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിട്ടുണ്ടാകില്ല.
അട്ടപ്പാടിയിലെ അഗളി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹം കിടക്കുന്നു. പുറത്ത് അമ്മ മല്ലികയും ഇളയ സഹോദരി സരസുവും അലമുറയിട്ട് കരയുന്നു. അവിടെ നിന്നാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പ്രത്യേക പോലീസ് നിയമനത്തിനുള്ള അഭിമുഖത്തിനായി ചന്ദ്രിക ഓടിയെത്തിയത്. അഹാഡ്സിന്റെ വരാന്തയില്‍ ക്യൂവില്‍ നിന്ന് കരയുന്ന ചന്ദ്രികയെ ഡോ.പ്രഭുദാസ് കണ്ടു. അട്ടപ്പാടിയിലെ ആദ്യത്തെ ആദിവാസി ഡോക്ടര്‍ കമലാക്ഷിയുടെ ഭര്‍ത്താവ് പ്രഭുദാസിന് അട്ടപ്പാടിയിലെ ഓരോ ആദിവാസിയെയും പേരെടുത്ത് വിളിക്കാനാകും. ഡി.എം.ഒ.റാങ്കില്‍ എത്തിയിട്ടും അട്ടപ്പാടിക്കാര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഓടിയെത്തുന്ന ഡോക്ടര്‍ മധുവിന്റെ ദുരന്തമറിഞ്ഞാണ് അവിടെ എത്തിയത്. ചന്ദ്രികയെ കണ്ട ഡോക്ടര്‍ ക്യൂവില്‍ നിന്നവരെ വിളിച്ച് പി.എസ്.സി. മെമ്പര്‍മാരുടെ അടുത്തേക്ക് എത്തിച്ചു. മധുവിന്റെ സഹോദരി ആണെന്നും അഭിമുഖം പെട്ടെന്ന് നടത്തണമെന്നും ഡോക്ടര്‍ അപേക്ഷിച്ചു. മനസാക്ഷി അവശേഷിക്കുന്ന പി.എസ്.സി.അംഗങ്ങള്‍ വൈകിച്ചില്ല. അഭിമുഖം നടത്തി ചന്ദ്രികയെ വിട്ടു.
മരിച്ച മധുവിന്റെ കുടുംബത്തിന് സഹായം നല്‍കുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പ്രമേയം പാസാക്കിയ മുഖ്യമന്ത്രി പിണറായിയും വകുപ്പ് മന്ത്രി ബാലനും ഒറ്റക്കാര്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ സമ്മേളനത്തിന്റെ വേദിയിലെ ചുവപ്പ് കൊടി ഒന്നുകൂടി ഉയരുമായിരുന്നു. പി.എസ്.സി.അഭിമുഖത്തില്‍ നിന്ന് ചന്ദ്രികയെ ഒഴിവാക്കാന്‍ സര്‍ക്കാരിന് പറയാം. പ്രത്യേകാധികാരം ഉപയോഗിച്ച് അവര്‍ക്ക് ജോലിയും നല്‍കാം. വൈകി കിട്ടുന്ന നീതി നീതി നിഷേധത്തിന് തുല്യമെന്നല്ലേ? നീതി വൈകാതിരുന്നാല്‍ അതെത്ര മനോഹരവും സുഖകരവുമാണ്. ചുവപ്പുനാടയിലെ ഓരോ കടലാസും മനുഷ്യജീവിതമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ചേതനയറ്റുപോയ മധുവിന്റെ കുടുംബത്തിനോട് ചെയ്യാമായിരുന്ന ഒരു വലിയ സഹായം അതിനിയും വൈകില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.
