കേരളം
കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളി മുങ്ങിമരിച്ചു
എറണാകുളം:കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്.
ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി.
അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.
