Connect with us

സുപ്രിം കോടതി ഭൂതകാല തടവറയില്‍

ദേശീയം

സുപ്രിം കോടതി ഭൂതകാല തടവറയില്‍

റാഫേല്‍ കേസ് വിധിയില്‍ സുപ്രീം കോടതിക്ക് ഉണ്ടായ ഹിമാലയന്‍ മണ്ടത്തരം ഓര്‍മ്മിപ്പിക്കുന്നത് 1980കളില്‍ വന്‍ പ്രചാരം നേടിയ hitchhiker’s guide to the galaxy എന്ന ഗൈഡ് വായിച്ച് യാത്ര ചെയ്യാന്‍ പുറപ്പെട്ട ടൂറിസ്റ്റുകളെ ആ പ്ലാനറ്റിലെ അന്തേവാസികള്‍ കൊന്നുതിന്ന സംഭവമാണ.് സഞ്ചാരികളായി എത്തുന്നവര്‍ക്ക് പ്ലാനറ്റിലെ ആള്‍ക്കാര്‍ നല്ല ഭക്ഷണം ഒരുക്കുമെന്നാണ് ടൂറിസ്റ്റുകള്‍ കരുതിയത്. എന്നാല്‍ പ്ലാനറ്റിലെ അന്തേവാസികള്‍ അവരെ നല്ല ഭക്ഷണം ആക്കും എന്നായിരുന്നു എഴുത്തുകാരന്‍ ഉദ്ദേശിച്ചത്. ബിബിസിയിലൂടെ സീരിയല്‍ ആയി വന്ന douglas adams ന്റെ ഈ പുസ്തകം അക്കാലത്ത് വന്‍ വിവാദമായിരുന്നു. പ്ലാനറ്റിലെ ആള്‍ക്കാര്‍ കൊന്നുതിന്നവരുടെ ബന്ധുക്കള്‍ കോടതിയില്‍ എത്തിയപ്പോള്‍ അന്തേവാസികള്‍ നല്ല ഭക്ഷണമാക്കും എന്ന പ്രയോഗം സൗന്ദര്യശാസ്ത്രപരമായി ശരിയാണെന്ന് പറഞ്ഞ് കോടതി കൊന്നു തിന്നവരെ വിട്ടയച്ചു എന്നാണ് കഥ .

ലോക പ്രശസ്ത കവിയായ കീറ്റ്‌സിന്റെ Beauty is truth, truth is beauty എന്ന വരികള്‍ ഉദ്ധരിച്ചു കൊണ്ട് ഭൂമിയില്‍ അതുമാത്രമേ അറിയേണ്ട കാര്യമുള്ളൂ എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

റാഫേല്‍ കേസിലെ സുപ്രീംകോടതി വിധി വായിക്കുമ്പോള്‍ ഈ സംഭവങ്ങളാണ് ഓര്‍മ്മയില്‍ വരുന്നത്. റാഫേലിന്റെ വില ഭാവിയില്‍ സിഎജി പരിശോധിക്കും. പിന്നീട് അത് പാര്‍ലമെന്ററി കമ്മറ്റിക്ക് വിടും. അതോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയും പൊതുരേഖയായി മാറുകയും ചെയ്യും. ഇതാണത്രെ രഹസ്യ രേഖയായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട ബഞ്ച് ഈ വരികളെല്ലാം ഇന്നലെകളില്‍ സംഭവിച്ചതായി രേഖപ്പെടുത്തി.

യുദ്ധവിമാനങ്ങളുടെ വില സിഎജിക്ക്. നല്‍കിയിരുന്നു സിഎജിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റ് കമ്മറ്റി പരിശോധിച്ചു. റിപ്പോര്‍ട്ടിന്റെ സംഗ്രഹം ആണ് പാര്‍ലമെന്റില്‍ വെച്ചത്. അത് പൊതുസമിക്ഷത്തില്‍ എത്തുകയും ചെയ്തു. ഭാവിയില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യാനുദ്ദേശിച്ച മൂന്നു കാര്യങ്ങളും സംഭവിച്ചു കഴിഞ്ഞതായി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീംകോടതി റാഫേല്‍ കേസ് തള്ളിക്കളഞ്ഞത്.

ഭൂതവര്‍ത്തമാന ഭാവികാലങ്ങള്‍ അറിയാത്തവരാണോ പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാര്‍. ഭാഷ ഏതായാലും ഇന്നലെ, ഇന്ന്, നാളെ എന്ന ക്രമത്തില്‍ കാലങ്ങളെ അടിസ്ഥാനപ്പെടുത്താന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കഴിയേണ്ടതാണ് മോദി സര്‍ക്കാര്‍ ചെയ്യും എന്ന് പറഞ്ഞ കാര്യങ്ങള്‍ ഇന്നലെ തന്നെ ചെയ്തു കഴിഞ്ഞു എന്ന് പ്രവചിക്കാന്‍ ആരാണ് സുപ്രീം കോടതിക്ക് അധികാരം നല്‍കിയത്.

ജനാധിപത്യ സംവിധാനത്തില്‍ ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോഴാണ് അവസാന അഭയ കേന്ദ്രമായി പൗരന്മാര്‍ പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത്. റാഫേല്‍ ഇടപാട് ആകട്ടെ രാജ്യതാല്‍പര്യത്തെയും രാജ്യരക്ഷയെയും ബാധിക്കുന്നതാണ്. യുദ്ധ വിമാനങ്ങളുടെ മാത്രമല്ല ഫ്രാന്‍സ് സര്‍ക്കാരുമായി ഇന്ത്യാ ഗവണ്‍മെന്റ് ഒപ്പിട്ട കരാറിന്റെ സുതാര്യത ജനങ്ങള്‍ അറിയേണ്ടതാണ്. ഫ്രാന്‍സ് കമ്പനിയെ പങ്കാളിയാക്കി പൊതുമേഖലാസ്ഥാപനമായ എച്ച്.ഇ.എല്ലിനെ എന്തുകൊണ്ട് ഒഴിവാക്കി? അനില്‍ അംബാനി എങ്ങനെ വിദേശകമ്പനിയുടെ പങ്കാളിയായി വന്നു? യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ പതിമടങ്ങ് എങ്ങനെ മോദി ഉറപ്പിച്ചു? ഒരു വിമാനം പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത അംബാനിയുടെ കടലാസ് കമ്പനിക്ക് എങ്ങനെ കരാര്‍ ലഭിച്ചു? പ്രധാനമന്ത്രി മോദി ഫ്രാന്‍സില്‍ എത്തി കരാറിന് ധാരണയുണ്ടാക്കി ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അംബാനിയുടെ കമ്പനി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇത്തരം ഒരു കമ്പനിക്ക് എങ്ങനെ യുദ്ധവിമാനം ഉണ്ടാക്കാന്‍ കഴിയും? വിദേശകമ്പനി അംബാനിക്ക് കോടികള്‍ കൈമാറിയത് നിയമവിരുദ്ധമല്ലേ?

പാര്‍ലമെന്റ് ചരിത്രത്തില്‍ വിസ്മയകരമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ഈ ആരോപണങ്ങളെല്ലാം അക്കമിട്ട് നിരത്തിയതാണ്. അന്ന് മോദി റാഫേല്‍ ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. രാഹുലിന്റെ കണ്ണിറുക്കി യുള്ള ചിരിയും മോദിയെ ആലിംഗനം ചെയ്ത സംഭവവും അന്ന് സഭയിലും പുറത്തും ചിരിക്കും ചര്‍ച്ചയ്ക്കും വഴിവച്ചതാണ്. പ്രധാനമന്ത്രിയെ പ്രതിപക്ഷനേതാവ് മുഖത്തുനോക്കി കള്ളനെന്നു വിളിച്ച ചരിത്രം ഇന്ത്യയിലില്ല. സുപ്രീംകോടതി വിധിക്കു ശേഷവും മോദി കള്ളനാണെന്ന് തെളിയിക്കുമെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു.

മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീം കോടതി വിധിയെ ഭരണഘടനാവിരുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് വിലവിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കേണ്ടതില്ലായെന്ന വിധിയിലെ പരാമര്‍ശം ഭരണഘടനാലംഘനം ആണെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരിന്റെ നയതന്ത്ര കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ ആവില്ല എന്നതാണ് റാഫേല്‍ വിധിയിലെ സുപ്രീം കോടതി നിലപാട.് ഈ നിലപാടിനെയും ജസ്റ്റിസ് കട്ജു ചോദ്യം ചെയ്തിട്ടുണ്ട്.

ഇതിനെല്ലാം ശേഷമാണ് റാഫേല്‍ വിധിയിലെ ഗുരുതരമായ തെറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മോദിക്ക് ആശ്വാസമെന്ന് മാധ്യമങ്ങളും ബിജെപിയും അവകാശപ്പെട്ട വിധി. രാഹുല്‍ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടതും ഈ വിധിയുടെ പശ്ചാത്തലത്തിലാണ്.

നേരത്തെ പറഞ്ഞ Beauty is truth, truth is beauty എന്ന മട്ടില്‍ സംഭവിച്ച തെറ്റുകള്‍ സൗന്ദര്യശാസ്ത്രപരമായി ശരിയാണെന്ന് സുപ്രീംകോടതി പറയുമോ? ഇനി അറിയേണ്ടത് അതാണ്.

hitchhiker’s guide to the galaxy എന്ന കഥയില്‍ പ്ലാനറ്റിലെ അന്തേവാസികള്‍ നല്ല ഭക്ഷണം ഒരുക്കും എന്നല്ല, അവര്‍ സഞ്ചാരികളെ നല്ല ഭക്ഷണം ആക്കും എന്നാണ് വായിക്കേണ്ടിയിരുന്നത്് എന്ന കോടതിയുടെ കണ്ടെത്തലിന് തുല്യമാണ് ഇപ്പോഴത്തെ സുപ്രിം കോടതി വിധി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top