Connect with us

കളിച്ചു…കളിച്ചു…കളിച്ചു… സ്‌പെയിന്‍ വീണു, ടൈ ബ്രേക്കറില്‍ റഷ്യ (5-4)

കായികം

കളിച്ചു…കളിച്ചു…കളിച്ചു… സ്‌പെയിന്‍ വീണു, ടൈ ബ്രേക്കറില്‍ റഷ്യ (5-4)

ഷാജി ജേക്കബ്‌

കളിച്ചതു മുഴുവന്‍ സ്‌പെയിന്‍. കളിയില്‍ ഏറിയ പങ്കും പന്തു കിട്ടാതെ വലഞ്ഞ ആതിഥേയരായ റഷ്യ ഒടുവില്‍ ടൈ ബ്രേക്കറില്‍ വിജയം നേടി (5-4). മുഴുവന്‍ സമയത്തും അര മണിക്കൂര്‍ അധിക സമയത്തും ഇരു ടീമുകളും 1-1 സമനില പാലിച്ചതിനെ തുടര്‍ന്നായിരുന്നു ടൈ ബ്രേക്കര്‍. ടൈ ബ്രേക്കറില്‍ കോക്കെയുടെയും ഇയാഗോ ആസ്പാസിന്റെയും ഷോട്ടുകള്‍ തടഞ്ഞിട്ട ഗോളി ഇഗോര്‍ അകിന്‍ഫീവ് റഷ്യന്‍ വിജയശില്‍പ്പിയായി.

സ്‌പെയിന്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തിലുടനീളം മികച്ച രക്ഷപ്പെടുത്തലുകളിലൂടെ ടീമിനെ രക്ഷിച്ചതും അകിന്‍ഫീവ് ആയിരുന്നു. ലെവ് യാഷിന്റെ നാട്ടില്‍ മറ്റൊരു റഷ്യന്‍ ഗോളിയുടെ വീരോചിത പ്രകടനം. റഷ്യ ക്വാര്‍ട്ടറില്‍. ഇക്കുറി ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. ഈ ലോകകപ്പിലെ ഏറ്റവും താഴ്ന്ന ഫിഫാ റാങ്കിംഗ് (70) ഉള്ള റഷ്യ പത്താം റാങ്കുകാരായ സ്‌പെയിനിനെ അട്ടിമറിച്ചു. അട്ടിമറികളുടെ ലോകകപ്പിലെ വമ്പന്‍ അട്ടിമറി.

ലോകകപ്പില്‍ ആദ്യമായി ടൈ ബ്രേക്കറിന് ഇറങ്ങിയ റഷ്യ ജയിച്ചു കയറി. ഗാലറികളുടെ പിന്തുണ അന്തിമ ഘട്ടത്തില്‍ റഷ്യന്‍ ടീമിനു ആവേശമായി.

തുടക്കം മുതലേ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സ്‌പെയിന് 12-ാം മിനിറ്റില്‍ റഷ്യ സെല്‍ഫ് ഗോളിലൂടെ ലീഡ് സമ്മാനിച്ചു. മാര്‍ക്കോ അസന്‍സിയോയുടെ ഫ്രീ കിക്ക് ഗോള്‍ പോസ്റ്റിനു തൊട്ടു മുന്നില്‍ നിന്ന് സെര്‍ജിയോ റാമോസ് കണക്ട് ചെയ്യുന്നതു തടയാനുള്ള ശ്രമത്തിനിടയില്‍ മുപ്പത്തൊമ്പതുകാരനായ റഷ്യന്‍ പ്രതിരോധനിരക്കാരന്‍ സെര്‍ജി ഇഗ്നാഷെവിച്ച് പന്തു തട്ടിയത് സ്വന്തം വലയിലേക്ക്. ഈ ലോകകപ്പിലെ പത്താം സെല്‍ഫ് ഗോള്‍.

തുടര്‍ന്നങ്ങോട്ട് സ്‌പെയിനിന്റെ പൂര്‍ണ ആധിപത്യമാണു കണ്ടത്. പക്ഷേ, ഇതൊന്നും ഗോളാക്കി മാറ്റാതിരുന്നതിനു സ്‌പെയിന്‍ 41-ാം മിനിറ്റില്‍ കനത്ത വില നല്‍കേണ്ടി വന്നു. സ്പാനിഷ് ഗോള്‍മുഖത്ത് ആര്‍ടെം സ്യൂബയുടെ ഹെഡര്‍ പിക്കെയുടെ കൈയില്‍ തട്ടിയതിനു റഫറി പെനാല്‍റ്റി കിക്ക് വിധിച്ചു. കിക്കെടുത്ത സ്യൂബ അനായാസം ലക്ഷ്യം കണ്ടതോടെ 1-1 സമനില.

പിന്നീട് 90 മിനിറ്റും 30 മിനിറ്റ് അധിക സമയത്തും ഇരു ഭാഗത്തും വല ചലിച്ചതേയില്ല. കളി അധിക സമയത്തേക്കു കടന്നപ്പോല്‍ തന്നെ സ്‌പെയിന്‍ ആയിരത്തിലധികം പാസുകള്‍ കൈമാറിക്കഴിഞ്ഞിരുന്നു. പക്ഷേ, അവര്‍ ഗോളടിക്കാന്‍ മാത്രം മറന്നു. 66-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയ്ക്കു പകരം ഇനിയേസ്റ്റയേയും 69-ാം മിനിറ്റില്‍ നാച്ചോയ്ക്കു പകരം കാര്‍വാഹലിനെയും 79-ാം മിനിറ്റില്‍ കോസ്റ്റയ്ക്കു പകരം ആസ്പാസിനെയും സ്‌പെയിന്‍ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. ഇനിയേസ്റ്റയുടെ തകര്‍പ്പന്‍ ഷോട്ട് മുഴുനീള ഡൈവിംഗിലൂടെ ഗോളി അകിന്‍ഫീവ് രക്ഷപ്പെടുത്തി. റീബൗണ്ടില്‍ ആസ്പാസിന്റെ ഷോട്ടും അകിന്‍ഫീവ് തട്ടിയകറ്റി. അധിക സമയത്തും ആസ്പാസിന്റെ ഷോട്ട് അകിന്‍ഫീവ് രക്ഷപ്പെടുത്തി. അകിന്‍ഫീവിന്റെയും റഷ്യയുടെയും ദിവസമായിരുന്നു ഇന്ന്.

ടൈ ബ്രേക്കറില്‍ ആദ്യ ഷോട്ടെടുത്ത ഇനിയേസ്റ്റ അനായാസം ലക്ഷ്യം കണ്ടതോടെ സ്‌പെയിന്‍ 1-0. സ്‌മോളോവ് റഷ്യയ്ക്കു സമനില നല്‍കി. ഗോളി ഡേവിഡ് ദേ ഹെയായുടെ കൈയില്‍ തട്ടിയാണു പന്ത് വലയിലായത്. സ്‌കോര്‍ 1-1. പിക്കെയും അനായാസം ലക്ഷ്യം കണ്ടതോടെ സ്‌പെയിന്‍ 2-1-നു മുന്നില്‍. ഇഗ്നാഷെവിച്ച് സ്‌കോര്‍ 2-2 ആക്കി. കോക്കെയുടെ മൂന്നാം ഷോട്ട് വലത്തോട്ടു ഡൈവ് ചെയത് അകിന്‍ഫീവ് തട്ടിയിട്ടു.

ഗൊളോവിന്‍ സ്‌കോര്‍ ചെയ്തതോടെ റഷ്യ 3-2-നു മുന്നില്‍. സെര്‍ജിയോ റാമോസിന്റെ നാലാം ഷോട്ട് വലയില്‍. സ്‌കോര്‍ 3-3. പക്ഷേ, ചെറിഷേവിന്റെ നാലാം ഷോട്ടും വലയിലായതോടെ റഷ്യ 4-3-നു മുന്നില്‍. ആസ്പാസിന്റെ അവസാന ഷോട്ട് ഗോളി അകിന്‍ഫീവിന്റെ കാലില്‍ തട്ടിത്തറിച്ചതോടെ റഷ്യ വിജയലഹരിയില്‍. ഗാലറികള്‍ ആര്‍ത്തിരമ്പി. കളിക്കാര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു വിജയാഹ്ലാദം പങ്കിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

To Top