Connect with us

ചെകുത്താനും കടലിനും നടുവില്‍

കോതമംഗലം മാര്‍ത്തോമാ ചെറിയ പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ തോമസ് പോള്‍ റമ്പാന്‍ എത്തിയപ്പോള്‍

കേരളം

ചെകുത്താനും കടലിനും നടുവില്‍

ശബരിമലക്ക് പിന്നാലെ സഭകള്‍ തമ്മിലുള്ള തര്‍ക്കവും രൂക്ഷമായതോടെ സര്‍ക്കാര്‍ ചെകുത്താനും കടലിനും നടുവില്‍ അകപ്പെട്ടിരിക്കയാണ്. രണ്ട് സംഭവങ്ങളിലും സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ ശബരിമലയിലായാലും സഭാ തര്‍ക്കത്തിലായാലും ഭൂരിപക്ഷത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയാല്‍ അത് വോട്ടുബാങ്കിനെ പ്രതികൂലമായി ബാധിക്കും. ഒരുഭാഗത്ത് സുപ്രീം കോടതി വിധിയും ഭരണഘടനയും, മറുഭാഗത്ത് ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ശബരിമല വിഷയത്തിലും പള്ളി തര്‍ക്കത്തിലും എന്ത് ചെയ്യണമെന്നറിയാതെ ത്രിശങ്കുവിലാണ് പിണറായി സര്‍ക്കാര്‍.

കഴിഞ്ഞ രണ്ടുദിവസമായി കോതമംഗലം ചെറിയ പള്ളിയില്‍ കുര്‍ബാന നടത്താനെത്തിയ ഓര്‍ത്തഡോക്‌സ് സഭയുടെ വികാരിയെ പള്ളിക്കകത്ത് കടത്താന്‍ പോലും പോലീസിന് കഴിഞ്ഞില്ല. കാറിനകത്ത് 36 മണിക്കൂറോളം കഴിഞ്ഞ പാതിരിയെ ഒടുവില്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. യാക്കോബാ വിഭാഗത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പള്ളിക്കു മുന്നിലും മുകളിലും അണിനിരന്നു. സ്ത്രീകള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തും എന്നുവരെ ഭീഷണി മുഴക്കി. തുടര്‍ന്നാണ് കുര്‍ബാന നടത്താനെത്തിയ അച്ചനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വികാരി കേന്ദ്ര പോലീസിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു. ഒരുഭാഗത്ത് പള്ളിയില്‍ പ്രവേശിക്കാനുള്ള വിധിയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം. അത് തടയാന്‍ അണിനിരന്നിരിക്കുന്ന ആയിരക്കണക്കിന് യാക്കോബാ വിശ്വാസികള്‍. കോടതി വിധി നടപ്പാക്കണോ, വിശ്വാസികളെ നിയമം കൊണ്ട് നേരിടണോ? തീരുമാനം എടുക്കാനാകാതെ പോലീസ് അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറങ്ങുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് നാഥനുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം കാത്തോലിക്ക ബാവ പറഞ്ഞിരുന്നു. അതേ ബാവ കഴിഞ്ഞ ദിവസം നിരണം പള്ളിയില്‍ നടത്തിയ പ്രസംഗം സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതായിരുന്നു. അധികാരം നിലനിര്‍ത്താനായി നീതിപീഠങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. കൊല്ലും കൊലയും നടത്താന്‍ ഞങ്ങള്‍ക്ക് അറിയില്ല. സര്‍ക്കാരിന്റെ ഇത്തരം ഇരട്ടത്താപ്പ് നയം എത്രനാള്‍ തുടരാനാവും? വിശ്വാസികളായ സ്ത്രീകള്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് പറഞ്ഞ് കളിച്ചത് നാടകമാണ്. അവര്‍ മണ്ണെണ്ണയല്ല, പകരം ഉജാലയാണ് തലയില്‍ ഒഴിച്ചത്. പോലീസ് കൂടി അറിഞ്ഞുകൊണ്ട് നടന്ന നാടകമാണിത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതില്‍ നിന്ന് ഒളിച്ചോടാന്‍ അനുവദിക്കില്ല. ഇതായിരുന്നു കുര്‍ബാന പ്രസംഗത്തില്‍ ബാവ നടത്തിയ വിമര്‍ശനങ്ങള്‍. അതേസമയം പിറവം പള്ളി കേസില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ബെഞ്ചും ഇന്ന് പിന്‍മാറി. നേരത്തെ മറ്റൊരു ഡിവിഷന്‍ ബെഞ്ച് കേസില്‍ നിന്ന് പിന്‍മാറിയിരുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചെങ്കിലും ഒരു സ്ത്രീയെ പോലും സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സമാനമായ അവസ്ഥയാണ് പള്ളി തര്‍ക്കത്തിലും ഉണ്ടായിരിക്കുന്നത്. ശബരിമല കേസ് പോലെയല്ല സഭാ തര്‍ക്കമെന്ന് തുടക്കത്തില്‍ പറഞ്ഞെങ്കിലും സുപ്രീം കോടതി വിധി നടപ്പിലാക്കിയേ കഴിയൂ എന്ന അന്ത്യശാസനമാണ് ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്ക് പരസ്യമായ പിന്തുണയാണ് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി അടക്കം നാല് മന്ത്രിമാരെ പരസ്യമായി ഓര്‍ത്തഡോക്‌സ് സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഭരണമാറ്റത്തില്‍ സഭ വഹിച്ച പങ്ക് ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് കാത്തോലിക്കാ ബാവ കഴിഞ്ഞ ദിവസം സംസാരിച്ചത്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തില്‍ ഇരിക്കുന്നത് വീഴാനും പാടില്ല എന്ന അവസ്ഥയിലാണ് ശബരിമലയും സഭാ തര്‍ക്കവും സര്‍ക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ ഊരാക്കുടുക്കില്‍ നിന്ന് തലയൂരാനാണ് നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ പ്രഖ്യാപിച്ചത്. അതാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായതു പോലെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി.

സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും വനിതാ മതിലിന് എടുക്കില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ധനമന്ത്രി തോമസ് ഐസക്കും പ്രഖ്യാപനം ആവര്‍ത്തിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്ത്രീ സംരക്ഷണത്തിനുള്ള 50 കോടിയില്‍ നിന്ന് പണം ചെലവിടുമെന്ന് പറഞ്ഞിരുന്നു. ഹൈക്കോടതിയിലും പിറ്റേദിവസം പുറത്തും വ്യത്യസ്തമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. കെ.സി ജോസഫ് എംഎല്‍എ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ന്യൂനപക്ഷങ്ങളെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കി എന്ന ആരോപണം തിരുത്താന്‍ ഇന്ന് കൂടിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മുസ്‌ലിം സംഘടനാ പ്രതിനിധികളെയും ക്രൈസ്തവ സഭാ നേതാക്കളെയും മതിലിന്റെ ഭാഗമാക്കാനാണ് തീരുമാനം. വനിതാ മതിലിന് ജാതിയില്ല എന്ന് തെളിയിക്കാനാണ് വൈകിയാണെങ്കിലും സര്‍ക്കാര്‍ നീക്കം. എല്ലാ കള്ളത്തരവും പൊളിഞ്ഞപ്പോള്‍ സര്‍ക്കാര്‍ വീണിടത്തു കിടന്ന് ഉരുളുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top