Connect with us

എല്‍.കെ.അധ്വാനി പറഞ്ഞ അടിയന്തിരാവസ്ഥ വരുന്നു

ദേശീയം

എല്‍.കെ.അധ്വാനി പറഞ്ഞ അടിയന്തിരാവസ്ഥ വരുന്നു

മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ ബി.ജെ.പി.യുടെ അനിഷേധ്യ നേതാവായ എല്‍.കെ. അധ്വാനി പറഞ്ഞു അടിയന്തിരാവസ്ഥയുടെ ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. അന്ന് അധ്വാനി പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ നമുക്ക് നാല് കൊല്ലത്തിലധികം വേണ്ടിവന്നു.

അധ്വാനിയുടെ ദീര്‍ഘവീക്ഷണവും ക്രാന്തദര്‍ശിത്വവും അറിഞ്ഞവര്‍ക്ക് മാത്രമേ ആ പറഞ്ഞതിന്റെ പൊരുള്‍ അന്ന് മനസിലായുള്ളൂ. അതിന് ശേഷം പ്രഗത്ഭരായ പലരും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചപ്പോഴും പലരും അത് വിശ്വസിച്ചില്ല.

ഇപ്പോള്‍ ഇതാ ടെലിഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉള്‍പ്പെടെ എന്ത് വേണമെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ചോര്‍ത്തുകയല്ല, പരിശോധിക്കാനും പിടിച്ചെടുക്കാനുമുള്ള അധികാരം നല്‍കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു.

2009 മുതല്‍ നിലനില്‍ക്കുന്ന ഉത്തരവാണിത്. ഇപ്പോള്‍ പുതുക്കിയെന്ന് മാത്രം എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. 2009 ന് ശേഷം രാജ്യത്ത് എന്തെല്ലാം സംഭവിച്ചു? പാലത്തിന് അടിയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി. നരേന്ദ്രമോദി എന്ന ചായക്കടക്കാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിവരെയായി.

2018 ല്‍ സ്വകാര്യത മൗലികാവകാശമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. പൗരന് ഭരണഘടനയും സുപ്രീംകോടതിയും നല്‍കിയ സ്വകാര്യത മൗലികാവകാശമാണ് എന്ന യാഥാര്‍ത്ഥ്യത്തെയാണ് ഒറ്റദിവസം കൊണ്ട് മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നത്.

ഫോണുകള്‍ ചോര്‍ത്താനും കമ്പ്യൂട്ടറുകള്‍ നല്‍കാനും വിസമ്മതിച്ചാല്‍ വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും ഏഴ് വര്‍ഷം തടവും പിഴയും പ്രഖ്യാപിച്ചുകൊണ്ടാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണത്രേ നൂറ് കോടിയിലധികം വരുന്ന എല്ലാ പൗരന്മാരുടേയും സ്വകാര്യതയിലേക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ കടന്നുകയറുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങി ഡല്‍ഹി പോലീസ് കമ്മീഷണര്‍ അടക്കം പത്ത് ഏജന്‍സികള്‍ക്കാണ് അധികാരം നല്‍കിയിരിക്കുന്നത്. ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കുന്നതിന് അപ്പുറം അതീവ രഹസ്യമായി സൂക്ഷിക്കുന്ന സ്വകാര്യത പോലും ഹാര്‍ഡ് ഡിസ്‌ക്കുകളില്‍ നിന്ന് കണ്ടെടുക്കാനും ഇവര്‍ക്ക് അധികാരം നല്‍കുന്നു. ഇതോടെ പൗരനെ സംബന്ധിച്ചിടത്തോളം അവന്‍ ഉടുത്തിരിക്കുന്ന അടിവസ്ത്രം തന്നെ പാമ്പായി മാറിയ അവസ്ഥയാണ്.

സ്വകാര്യമായ ഒരു കാര്യത്തിനും കമ്പ്യൂട്ടറും ടെലിഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തോടെ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനും വരുതിക്ക് നിര്‍ത്താനും സര്‍ക്കാരിന് കഴിയാതായി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നിയമത്തിലൂടെ സോഷ്യല്‍ മീഡിയകളേയും വാട്‌സാപ്പും ട്വിറ്ററും പോലെയുള്ള സംവിധാനങ്ങളേയും വരുതിക്ക് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മണിപ്പൂരി പത്രപ്രവര്‍ത്തകന്‍ മുഖ്യന്ത്രിയെ മോഡിയുടെ പാവ എന്ന് വിളിച്ചതിന് ജയിലില്‍ അടച്ചത് കഴിഞ്ഞ ദിവസമാണ്.

കോടതി വിട്ടയച്ചിട്ടും ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചാണ് ഈ പത്രപ്രവര്‍ത്തകനെ വീണ്ടും പിടികൂടി ജയിലില്‍ അയച്ചത്. തൊട്ടടുത്ത ദിവസമാണ് മോദി സര്‍ക്കാര്‍ സ്വകാര്യതയ്ക്ക് തന്നെ വിലക്ക് കല്‍പ്പിച്ചുകൊണ്ട് എല്ലാത്തരത്തിലുമുള്ള ആശയവിനിമയങ്ങളേയും നിരോധിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞത് പോലെ മോഡിക്ക് ഇന്ത്യയെ പോലീസ് രാജ്യമാക്കി പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപെടാനാകില്ല. അരക്ഷിതനായ ഏകാധിപതിയാണ് താങ്കളെന്ന് നൂറ് കോടിയില്‍ അധികം വരുന്ന ഇന്ത്യക്കാര്‍ക്ക് മുന്നില്‍ തെളിയിക്കാനേ ഈ നടപടി കൊണ്ട് സാധിക്കൂ. രാഹുല്‍ഗാന്ധിയുടെ ഈ വിമര്‍ശനം ശരിയെന്ന് തെളിയിക്കുന്നതാണ് സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍. വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലും സുപ്രീംകോടതിയിലും ഈ നടപടികളെ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top