Connect with us

സ്ത്രീ പ്രവേശനത്തില്‍ ഉറച്ച് സുപ്രീം കോടതി

കേരളം

സ്ത്രീ പ്രവേശനത്തില്‍ ഉറച്ച് സുപ്രീം കോടതി

 

ചരിത്രപരം എന്ന് വിശേഷിപ്പിക്കപ്പെട്ട ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ നിന്ന് സുപ്രീം കോടതി പുറകോട്ടുപോയിട്ടില്ല. അതിന് തെളിവാണ് ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്‌റ്റേ ഇല്ലെന്ന വിധിയിലെ ഒറ്റവരി. ജനുവരി 22ന് തുറന്ന കോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കും എന്നതു മാത്രമാണ് സമരക്കാര്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസം നല്‍കുന്ന ഘടകം.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാറുള്ളൂ. 50 റിവ്യൂ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്നില്‍ എത്തിയത്. ജനുവരിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി തള്ളിക്കളയുകയോ അംഗീകരിക്കുകയോ ചെയ്യാം. വിശ്വാസികള്‍ക്കും സമരക്കാര്‍ക്കും തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ അവസരം ഒരുങ്ങി എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ ഇന്ന് കൂടിയ അഞ്ചംഗ ബെഞ്ചിന്റെ തീരുമാനം. കോടതി വിധികള്‍ ശരിയായാല്‍ മാത്രം പോരാ, അത് ശരിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി കൂടുതല്‍ സുതാര്യമാക്കുക എന്നതാണ് സുപ്രീം കോടതി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒരു മാസമായി ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റിയ കോടതി വിധിയില്‍ എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമാണ് സുപ്രീം കോടതി തുറന്നിട്ടിരിക്കുന്നത്. ഹര്‍ജിക്കാരായ ആളുകള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വലിയൊരു വിഭാഗം വരുന്ന ഭക്തരുടെ ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്നു എന്ന് തെളിയിക്കാന്‍ കഴിയണം. സ്ത്രീ സമത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് കൂടി ശബരിമല ദര്‍ശനം അനുവദിച്ച വിധി മൗലികാവകാശത്തിന്റെ പേരിലായിരുന്നു. എന്നാല്‍ വിശ്വാസികളായ ഭക്തരുടെ ആചാരാനുഷ്ഠാനങ്ങളെ ഇത് ഹനിക്കുന്നു എന്ന് തെളിയിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ നിലവിലുള്ള വിധി സുപ്രീം കോടതി അപ്രസക്തമാക്കൂ.
മണ്ഡല കാലത്ത് കോടിക്കണക്കിന് ഭക്തര്‍ വരുന്ന ശബരിമലയില്‍ സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധി നടപ്പാക്കുക എളുപ്പമല്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കേരള സര്‍ക്കാരും പോലീസും വിചാരിച്ചിട്ടും ഒരു സ്ത്രീയെ പോലും സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ല. വരാനിരിക്കുന്ന മണ്ഡല കാലത്ത് ലക്ഷങ്ങള്‍ ശബരിമലയിലെത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.
ഇന്നത്തെ കോടതിയുടെ തീരുമാനം തങ്ങളുടെ സമരത്തിന്റെ ഫലമാണെന്ന് ബിജെപിയും എന്‍എസ്എസും ഭക്തരും അവകാശപ്പെടുന്നു. അതേസമയം പ്രക്ഷോഭം നടത്തുന്ന എല്ലാവരുമായും ചര്‍ച്ച നടത്താനും സമവായത്തിലൂടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും മുഖ്യമന്ത്രി മുന്നോട്ടുവന്നിരിക്കുകയാണ്. മറ്റന്നാള്‍ സര്‍വ്വകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. തന്ത്രിമാരുമായും പന്തളം രാജകുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വിവാദമായ വിധി ജനുവരി 22ന് പുനഃപരിശോധിക്കുമെന്ന തീരുമാനമാണ് സര്‍ക്കാരിന് ആശ്വാസമായിരിക്കുന്നത്.
മുഖ്യമന്ത്രി നേരിട്ട് വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസും എന്‍എസ്എസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും സംഘടനകളും എടുക്കുന്ന നിലപാട് അനുസരിച്ചിരിക്കും സര്‍വ്വകക്ഷിയോഗത്തിന്റെ പുരോഗതി. പന്തളം രാജകുടുംബത്തിന്റെയും തന്ത്രിമാരുടെയും നിലപാടും നിര്‍ണ്ണായകമാണ്. ഇപ്പോള്‍ തന്നെ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 550ഓളം സ്ത്രീകള്‍ വരികയാണെങ്കില്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുക? സമരക്കാര്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് സര്‍വ്വകക്ഷിയോഗം ഉത്തരം കണ്ടെത്തേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top