Connect with us

സ്ത്രീയെ ‘ദൈവമാക്കുന്ന’ കോടതി വിധി

ദേശീയം

സ്ത്രീയെ ‘ദൈവമാക്കുന്ന’ കോടതി വിധി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പ് അവഗണിച്ചുകൊണ്ടാണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത് എന്നത് ശ്രദ്ധേയമാണ്.
ഭരണഘടനക്ക് മുന്നിലും ദൈവത്തിന്റെ മുന്നിലായാലും പുരുഷനും സ്ത്രീക്കും തുല്യതയാണുള്ളത്. സ്ത്രീയെ ദൈവമായി ആരാധിക്കുന്ന രാജ്യത്ത് സ്ത്രീയായതുകൊണ്ടുമാത്രം ശബരിമല പോലുള്ള ക്ഷേത്രത്തില്‍ പ്രവേശനം വിലക്കുന്നത് ഭരണഘടനാ ലംഘനമാണ്. മൗലികാവകാശം മതത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ലംഘിക്കപ്പെടാന്‍ പാടില്ല. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നത് അവരുടെ മൗലികാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. പുരുഷന്‍ വലുതോ സ്ത്രീ ചെറുതോ അല്ല. നിയമത്തിന്റെയും ഭരണഘടനയുടെയും മുന്നില്‍ സ്ത്രീയും പുരുഷന്‍മാരും സമന്‍മാരാണ്. അതുകൊണ്ടുതന്നെ ക്ഷേത്രപ്രവേശന നിയമം അനുസരിച്ച് എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താം.
മൗലികാവകാശം ലംഘിക്കുന്നതാണ് മതവും ആചാരവുമെങ്കില്‍ അത് മാറ്റിയെഴുതണം – ജസ്റ്റിസ് ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. ക്ഷേത്ര പ്രവേശന നിയമത്തിലെ ചട്ടം 3 ബി കോടതി റദ്ദാക്കുകയും ചെയ്തു. സ്ത്രീയും പുരുഷനുമായിട്ടുള്ള ജീവശാസ്ത്രപരമായ വ്യത്യാസം വിവേചനത്തിന് കാരണമാകാന്‍ പാടില്ല. ദൈവമായി സ്ത്രീയെ ആരാധിക്കുന്ന രാജ്യത്ത് ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് വിവേചനമാണ്. അതുകൊണ്ടുതന്നെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന രാജ്യത്ത് സ്ത്രീകള്‍ക്ക് ഇത്തരം വിലക്കേര്‍പ്പെടുത്താനാവില്ല. സ്ത്രീകളുടെ അന്തസിനും സ്വാതന്ത്ര്യത്തിനും മതവും ആചാരാനുഷ്ഠാനങ്ങളും ഒരുതരത്തിലും തടസമാകാനും പാടില്ലെന്ന് ഭൂരിപക്ഷ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. എന്നാല്‍ മതവിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ലെന്നും 10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്നുമുള്ള നിലപാടിലാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉറച്ചുനിന്നത്.
ഒക്ടോബര്‍ 3ന് റിട്ടയര്‍ ചെയ്യുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചരിത്രപരമായ വിധികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെടുവിച്ചത്. മുത്തലാഖ്, സ്വവര്‍ഗ്ഗ രതി, ആധാര്‍ തുടങ്ങി വിവാഹേതര ബന്ധം അംഗീകരിച്ചുകൊണ്ടുള്ള വിധി വരെ ഇക്കൂട്ടത്തില്‍പെടും.
സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുന്ന വിധിയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. ജനാധിപത്യ വ്യവസ്ഥയില്‍ സ്ത്രീക്കും പുരുഷനും തുല്യത എന്ന് പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും അത് നടപ്പിലാക്കാന്‍ മടിക്കുമ്പോഴാണ് ശബരിമല സ്ത്രീ പ്രവേശന വിധിയിലൂടെ സ്ത്രീ സമത്വം സുപ്രീം കോടതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ പോലും സ്ത്രീകള്‍ക്ക് മൂന്നില്‍ ഒന്ന് പ്രാതിനിധ്യം പോലും ഉറപ്പാക്കാന്‍ മാറി വന്ന ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല. ശബരിമലയിലെ കോടിക്കണക്കിന് വരുന്ന ഭക്തജനങ്ങളെ ബാധിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ വിധി. ഇക്കാര്യത്തില്‍ സുപ്രീം കോടതി എടുത്ത നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യമാണ് വെളിപ്പെടുത്തുന്നത്. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തത് സിപിഎം മാത്രമാണ്. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിധി അംഗീകരിക്കുന്നു എന്ന് പറഞ്ഞെങ്കിലും കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുളള നാല് ജസ്റ്റിസുമാര്‍ നടത്തിയ പത്രസമ്മേളനത്തോടെ സുപ്രീം കോടതി സംശയത്തിന്റെ നിഴലിലായിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കാനും കഴിയുന്ന വിധികളാണ് അവസാന നാളുകളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിക്കുന്നത്. ജുഡീഷ്യല്‍ ആക്ടിവിസം എന്നുപോലും വിശേഷിപ്പിക്കാവുന്ന വിധികളിലൂടെ നാല് ജസ്റ്റിസുമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഒരര്‍ത്ഥത്തില്‍ ചീഫ് ജസ്റ്റിസ് ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top