Connect with us

ശബരിമലയുടെ മറവില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം

കേരളം

ശബരിമലയുടെ മറവില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം

 

ശബരിമല സ്ത്രീപ്രവേശനം ഇടതുപക്ഷ സര്‍ക്കാരിന് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. ഒരുഭാഗത്ത് സുപ്രീം കോടതി വിധി. മറുഭാഗത്താകട്ടെ, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ സന്ധിയില്ലാത്ത വിശ്വാസം. ഇതിനിടയിലാണ് പിണറായി സര്‍ക്കാര്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ശബരിമല സ്ത്രീപ്രവേശനം എന്ന അതിസങ്കീര്‍ണ്ണമായ പ്രശ്‌നത്തെ നേരിടുന്നത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയാകട്ടെ, അയോധ്യയോടും അടിയന്തിരാവസ്ഥ കാലത്തോടും ശബരിമല സംഭവങ്ങളെ താരതമ്യപ്പെടുത്തി കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് കേരളത്തിലെത്തിയ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ വേണ്ടിവന്നാല്‍ പിണറായി സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് പറഞ്ഞത് ഇതിന് തെളിവാണ്. ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചത് രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അസാധാരണമാണ്. മാത്രവുമല്ല, സുപ്രീം കോടതി വിധിയെ പോലും വിമര്‍ശിച്ചുകൊണ്ടാണ് അമിത് ഷാ പരസ്യ പ്രസംഗം നടത്തിയത്. പ്രായോഗികമല്ലാത്ത വിധി സുപ്രീം കോടതി പുറപ്പെടുവിക്കാന്‍ പാടില്ലെന്നുവരെ അമിത് ഷാ പറഞ്ഞു. ഇതിനര്‍ത്ഥം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നില്ല എന്നുതന്നെയാണ്. 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനുള്ള മൗലീകാവകാശം അംഗീകരിക്കുന്നതാണ് സുപ്രീം കോടതി വിധി.
ആരാധനയുടെ മറവിലല്ല മൗലീകാവകാശം സംരക്ഷിക്കേണ്ടത് എന്നാണ് അമിത് ഷാ പറഞ്ഞത്. മൗലീകാവകാശം സംരക്ഷിക്കാനായി വിശ്വാസികളായ വലിയൊരു ജനവിഭാഗത്തിന്റെ ആചാരനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍ സുപ്രീം കോടതി വിധിയെ കേരളത്തിലെ ബിജെപി നേതൃത്വം മാത്രമല്ല, കേന്ദ്ര നേതൃത്വവും അംഗീകരിക്കുന്നില്ല എന്നതിന് തെളിവാണ് അമിത് ഷായുടെ പ്രസംഗം.
ഭരണഘടനാ സ്ഥാപനങ്ങളെ അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാരും ബിജെപിയും മുന്നോട്ടുപോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അമിത് ഷായുടെ ഈ നിലപാട്. ഭരണഘടനയെ അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭരണകൂടത്തിനും സുപ്രീം കോടതി വിധിയെ അംഗീകരിക്കാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഒരു സര്‍ക്കാരിനും സുപ്രീം കോടതി വിധി ലംഘിക്കാനോ നടപ്പിലാക്കാതിരിക്കാനോ ആവില്ല. ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ ഖണ്ഡിതമായ നിലപാട് സ്വീകരിച്ചത്.
തുടക്കത്തില്‍ ആര്‍.എസ്.എസും ബിജെപിയും കോണ്‍ഗ്രസും തുടങ്ങി എല്ലാ പാര്‍ട്ടികളും സ്ത്രീപ്രവേശനത്തെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ വിശ്വാസികളായ സ്ത്രീകളും അയ്യപ്പഭക്തരും പന്തളം കൊട്ടാരവും എന്‍.എസ്.എസും അടക്കമുള്ളവര്‍ രംഗത്തുവന്നപ്പോള്‍ അവര്‍ക്ക് പിന്നില്‍ വിശ്വാസികളായ ലക്ഷക്കണക്കിനാളുകള്‍ അണിചേര്‍ന്നു. ഇതോടെയാണ് ബിജെപിയും ആര്‍.എസ്.എസും നിലപാട് മാറ്റി കോടതി വിധിക്കെതിരെ വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കാന്‍ രംഗത്തിറങ്ങിയത്.
എന്നാല്‍ തുടക്കം മുതല്‍ സ്ത്രീപ്രവേശനത്തെ അംഗീകരിച്ചുകൊണ്ട് ഇടതുമുന്നണിയും പിണറായി സര്‍ക്കാരും കോടതി വിധി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി ശബരിമലയിലും പരിസരത്തും സംഘര്‍ഷങ്ങളും അറസ്റ്റും ഉണ്ടായി. കോടതി വിധി അനുസരിച്ച് ശബരിമലയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വനിതകളെ ബലമായി സമരക്കാര്‍ തടഞ്ഞു. നിയമം കയ്യിലെടുക്കുകയും പോലീസിനു നേരെയും കെഎസ്ആര്‍ടിസിക്ക് നേരെയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. പ്രതിഷേധക്കാരുടെ മുന്നില്‍ പോലീസിന് വഴങ്ങേണ്ടിവന്നു. ക്ഷേത്രത്തിലെത്തിയ സ്ത്രീകളെ പോലീസ് അകമ്പടിയോടെ വീട്ടിലെത്തിക്കേണ്ടിവന്നു. എന്നാല്‍ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. ശബരിമലയില്‍ നേതൃത്വം നല്‍കിയ ഐജി മനോജ് എബ്രഹാമിന്റെ വീട്ടിന് മുന്നിലും പ്രതിഷേധമുണ്ടായി. ഏറ്റവും ഒടുവില്‍ സ്ത്രീപ്രവേശനത്തെ ന്യായീകരിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അഗ്നിക്കിരയാക്കി. രണ്ട് കാറുകള്‍ കത്തിനശിച്ചു.
സ്വാമിയെ വധിക്കാനായിരുന്നു അക്രമികളുടെ പദ്ധതിയെന്ന് സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളിയും മറ്റ് മന്ത്രിമാരും ആരോപിച്ചു. പന്തളം കൊട്ടാരത്തിനും ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്കും ആര്‍എസ്എസിനും സംഭവത്തില്‍ പങ്കുണ്ടെന്ന് സ്വാമി ആരോപിച്ചു. തിരുവനന്തപുരം കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക സംഘം അന്വേഷണവും തുടങ്ങി. എന്നാല്‍ ആശ്രമം ആക്രമിച്ചത് മുഖ്യമന്ത്രിയും സ്വാമിയും നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം പന്തളം കൊട്ടാരപ്രതിനിധികളും മറ്റും തങ്ങള്‍ക്ക് ഈ സംഭവത്തില്‍ പങ്കില്ലെന്ന് വിശദീകരിച്ചിട്ടുണ്ട്. ബിജെപിയും ആര്‍എസ്എസും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ആദ്യഘട്ടങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാതെ നാമജപ സമരം നടത്തിയ എന്‍എസ്എസാകട്ടെ ഇപ്പോള്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. അടിയന്തിരാവസ്ഥ കാലത്തോടാണ് സര്‍ക്കാര്‍ നടപടികളെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ താരതമ്യപ്പെടുത്തിയത്. അടിയന്തിരാവസ്ഥക്ക് തുല്യമാണ് സര്‍ക്കാരിന്റെ കൂട്ട അറസ്റ്റും മറ്റ് നടപടികളുമെന്ന് ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് സുകുമാരന്‍ നായരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചത്.
ചുരുക്കത്തില്‍ വിമോചന സമരകാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ സമുദായ സംഘടനകളും ബിജെപിയും കൈകോര്‍ത്തുകൊണ്ട് സര്‍ക്കാരിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. അയോധ്യ മോഡലില്‍ ശ്രീധരന്‍ പിള്ള അടുത്ത മാസം കാസര്‍കോട് നിന്നും ശബരിമലയിലേക്ക് രഥയാത്ര ആരംഭിക്കാന്‍ പോകുകയാണ്. ഈ ഘട്ടത്തിലാണ് വേണ്ടിവന്നാല്‍ പിണറായി സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് അമിത് ഷാ നടത്തിയിരിക്കുന്ന വെല്ലുവിളി. ബിജെപിയുടെ ഔദാര്യത്തിലല്ല ഇടതുപക്ഷം കേരളം ഭരിക്കുന്നതെന്ന മറുപടിയാണ് അമിത് ഷാക്ക് പിണറായി നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയത്തിനതീതമായി അയ്യപ്പഭക്തരെ തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്തി സിപിഎമ്മിനെയും സര്‍ക്കാരിനെയും വെല്ലുവിളിക്കാനാണ് ബിജെപിയുടെ നീക്കം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും കീറാമുട്ടിയാണ് കേരള സര്‍ക്കാരിന് സുപ്രീം കോടതി വിധി.
വരാനിരിക്കുന്ന ദിവസങ്ങളില്‍ സുപ്രീം കോടതിക്ക് ലഭിച്ച 21ഓളം ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത് അനുസരിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍. അതിനിടയിലാണ് പോലീസിന്റെ നടപടികളെ വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം. ഗാലറിക്ക് വേണ്ടി പോലീസ് നടപടികള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇതോടെ നിരപരാധികളായ ആരെയും അറസ്റ്റ് ചെയ്യരുതെന്ന നിലപാട് ഡിജിപി സ്വീകരിച്ചിട്ടുണ്ട്.
സ്ത്രീകളുടെ മൗലീകാവകാശം സംരക്ഷിക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ അന്ധവിശ്വാസികളായ സ്ത്രീകളെ തന്നെ രംഗത്തിറക്കി തടയാനാണ് ബിജെപിയുടെ നീക്കം. ഭക്തിയുടെ പേരില്‍ ബിജെപി നടത്തുന്ന സമരത്തിനെതിരെ ക്ഷേത്രപ്രവേശന വിളംബരം ഉള്‍പ്പെടെയുള്ള ചരിത്ര സമരങ്ങളെ മുന്‍നിര്‍ത്തി ജനങ്ങളെ സാംസ്‌കാരികമായി ബോധവത്കരിക്കാനാണ് ഇടതുപക്ഷ നീക്കം. മാറ് മറയ്ക്കാനും മുട്ടിനുമേല്‍ മുണ്ടുടുക്കാനും ക്ഷേത്രപ്രവേശനത്തിനുമെല്ലാം കേരളത്തില്‍ നടന്ന ഐതിഹാസിക സമരങ്ങള്‍ ഇതിന് ഊര്‍ജ്ജം പകരുമെന്ന് ഇടതുപക്ഷവും സര്‍ക്കാരും കരുതുന്നു.
പുരോഗമന വാദികളെന്ന് അഭിമാനം കൊള്ളുന്ന കേരള ജനതയുടെ മുന്നില്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ശബരിമല സ്ത്രീപ്രവേശനം. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ തന്നെ നടത്തുന്ന ഈ നീക്കത്തില്‍ കേരള ജനത ഉറച്ചുനില്‍ക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രത്യാശ. അയ്യപ്പഭക്തിയുടെ മറവില്‍ പുരോഗമന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയും സംഘപരിവാറും ഉള്‍പ്പെടെയുള്ള ശക്തികള്‍ ശ്രമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top