Connect with us

വിജിയുടെ കണ്ണീര്‍ നവോത്ഥാനത്തിന്റെ തിളക്കം കെടുത്തും

കേരളം

വിജിയുടെ കണ്ണീര്‍ നവോത്ഥാനത്തിന്റെ തിളക്കം കെടുത്തും

ഡിവൈഎസ്പിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് ജോലിയും നഷ്ടപരിഹാരവും അവകാശമാണോ, സര്‍ക്കാരിന്റെ ഔദാര്യമാണോ?
അവകാശമാണെന്ന് ഏത് കണ്ണുപൊട്ടനും പറയും. വിജിയെയും രണ്ട് കുട്ടികളെയും അച്ഛനമ്മമാരെയും അനാഥമാക്കിയാണ് സനല്‍ യാത്ര പറഞ്ഞത്. ആ മരണത്തിന് കാരണക്കാരനായതോ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ഉദ്യോഗസ്ഥന്‍. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ കുടുംബത്തിന് സര്‍ക്കാര്‍ ഒരു രൂപ പോലും സഹായം നല്‍കിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ പത്തുദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ വിജിയും കുടുംബവും സത്യാഗ്രഹം നടത്തുന്നത്. പത്താം ദിവസമായ ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലും വിജിയുടെ കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. തുടര്‍ന്നാണ് വിജി മന്ത്രിമാരെ ഓരോരുത്തരെയായി വിളിച്ചത്. എല്ലാവരും തിരക്കിലും യോഗത്തിലുമായിരുന്നു. ഒടുവില്‍ കിട്ടിയത് വൈദ്യുതി മന്ത്രി എം.എം മണിയാശാനെയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കയ്യില്‍ ജോലി എടുത്തുവെച്ചിരിക്കുന്നോ? അതിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യണോ? മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയെ കാണുകയല്ലേ വേണ്ടത്? ഇതായിരുന്നു എംഎം മണിയുടെ പ്രതികരണം. രണ്ടുവട്ടം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അപേക്ഷ നല്‍കിയതാണ് വിജി. മൂന്നു മന്ത്രിമാര്‍ വീട്ടിലെത്തി ജോലിയും നഷ്ടപരിഹാരവും നല്‍കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. സനല്‍ കൊല്ലപ്പെട്ട് 45 ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ വന്നപ്പോഴാണ് മന്ത്രിമാരെ നേരിട്ടു വിളിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിച്ചത്. മന്ത്രി മണിയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചു എന്നാണ് കരഞ്ഞുകൊണ്ട് വിജി പറയുന്നത്.
ഒരു ജനാധിപത്യ ഭരണത്തില്‍ സര്‍ക്കാരിന്റെ പോലീസ്, അതും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നടത്തിയ അക്രമമാണ് നിരപരാധിയായ വിജിയുടെ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ ആ ജീവന്‍ അപഹരിച്ചാല്‍ പ്രതിസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ മാത്രമല്ല സര്‍ക്കാരുമുണ്ട്. ഏത് കോടതിയില്‍ പോയാലും വിജി ആവശ്യപ്പെടുന്ന ജോലിയും നഷ്ടപരിഹാരവും ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാരിന് നല്‍കേണ്ടിവരും.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാജ്യത്തെ സ്ത്രീകളെ മുഴുവന്‍ 2019 ജനുവരി ഒന്നിന് സര്‍ക്കാര്‍ അണിനിരത്തുന്നത്. മുഴുവന്‍ സ്ത്രീകളും ഒരു മതിലായി കേരളത്തില്‍ അണിനിരക്കും. ഭര്‍ത്താവ് നഷ്ടപ്പെട്ട വിജിക്ക് അര്‍ഹതപ്പെട്ടത് നല്‍കി ആ മതിലിലെ ഒരു കണ്ണിയായി ഇവരെയും ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വിജി ആ മതിലില്‍ അണിചേര്‍ന്നാല്‍ മതിലില്‍ നിന്ന് പിന്‍മാറിയ മഞ്ജുവാര്യര്‍ പങ്കെടുക്കുന്നതിനെക്കാള്‍ തിളക്കം ദുര്‍ബലമെങ്കിലും ആ കണ്ണിക്ക് ഉണ്ടാകുമായിരുന്നു. അത്തരം ദുര്‍ബലയായ, ആലംബഹീനയായ ഒരു സ്ത്രീയോടാണ് സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി, അതും വിജിയുടെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരു കാരണവര്‍ മനുഷ്യത്വമില്ലാതെ സംസാരിച്ചത്. മലയാള ഭാഷയില്‍ ഇതിന് അഹങ്കാരം, ധാര്‍ഷ്ട്യം എന്നെല്ലാം പറയും. കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രി പിണറായിക്കെതിരെ ഉന്നയിച്ചതും ഇതേ ആരോപണമാണ്. അധികാരത്തിലെത്തുമ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കൂടുതല്‍ വിനയമുള്ളവരും മനുഷ്യത്വമുള്ളവരുമായി മാറേണ്ടതാണ്. എന്നാല്‍ അധികാരത്തിലെത്തുമ്പോള്‍ ഫാസിസ്റ്റുകളെ പോലെ എന്തുകൊണ്ടാണ് ഇവര്‍ സംസാരിക്കുന്നത്?
ഫാസിസ്റ്റ് എന്ന് സിപിഎം തന്നെ പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വാര്‍ത്തയെഴുതിയ മണിപ്പൂരി പത്രപ്രവര്‍ത്തകനെ ജയിലില്‍ അടച്ച ദിവസമാണ് കേരളത്തിലെ മന്ത്രി ഇത്തരത്തില്‍ പെരുമാറിയത്. പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിനെക്കാള്‍ കടുത്ത സ്വരത്തില്‍ വിജിയോട് മണി സംസാരിക്കുമായിരുന്നു. അധികാരം മനുഷ്യനെ അന്ധനാക്കും. അതിന് തെളിവാണ് ഇന്നത്തെ മന്ത്രിയുടെ പെരുമാറ്റം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ ദുരന്തങ്ങളില്‍ ഇതിനെക്കാള്‍ സമയമെടുത്താണ് ജോലിയും നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് നല്‍കിയത് എന്നാണ് സര്‍ക്കാരിനെ ന്യായീകരിക്കുന്ന ആളുകള്‍ വാദിക്കുന്നത്. എന്നാല്‍ മന്ത്രിയോ എംഎല്‍എയോ ഒന്നുമല്ലാതിരുന്ന എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ അസുഖം മൂലം മരിച്ചപ്പോള്‍ ആ കുടുംബത്തിന് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പിണറായി നല്‍കിയത്. ഒരു അപേക്ഷ പോലും വാങ്ങാതെ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അദ്ദേഹം ആ ഉത്തരവില്‍ ഒപ്പുവെച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്‍ അപകടത്തില്‍ മരിച്ചപ്പോള്‍ 25ാം ദിവസം പത്തുലക്ഷത്തോളം രൂപ ആനുകൂല്യങ്ങള്‍ അടക്കം ഈ സര്‍ക്കാര്‍ നല്‍കി. കെകെ രാമചന്ദ്രന്‍ എംഎല്‍എയുടെ കുടുംബത്തിന് എല്ലാ കടങ്ങളും അടക്കം നഷ്ടപരിഹാരം നല്‍കാനും മകന് ജോലി നല്‍കാനും സര്‍ക്കാര്‍ ആഴ്ചകള്‍ പോലും എടുത്തില്ല. വേണ്ടപ്പെട്ടവര്‍ക്ക് നീതി വൈകില്ല എന്നതിന് തെളിവാണ് ഈ മൂന്ന് സംഭവങ്ങളും. എന്തുകൊണ്ടാണ് വിജിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നത്?
വിജിയുടെയും കുടുംബത്തിന്റെയും ദുരന്തത്തില്‍ പ്രതിപക്ഷ നേതാക്കളും വിഷ്ണുപുരം ചന്ദ്രശേഖരനും ഇടപെട്ടതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. പത്തുദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ ഇരിക്കുന്ന വിജിയും കുടുംബവും സിപിഎമ്മുകാരാണ്. മരിച്ചുപോയ ഭര്‍ത്താവ് സനലും സിപിഎം പ്രവര്‍ത്തകനായിരുന്നു. എന്നിട്ടും ഒരു ഇടതുപക്ഷ നേതാവ് പോലും ആ സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കിയില്ല. അതേസമയം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ബെന്നി ബെഹ്നാനും എംഎം ഹസനും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലില്‍ എത്തുകയും വിജിയെ ആശ്വസിപ്പിക്കുകയും ചെയ്തു. ഭരിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സമയത്ത് ചെയ്യാതെ വരുമ്പോഴാണ് പ്രതിപക്ഷത്തിന് അത് ആയുധമായി മാറുന്നത്.
സിപിഎമ്മും ഇടതുപക്ഷവും പ്രതിപക്ഷത്തായിരിക്കുമ്പോഴാണ് ഇത്തരം ഒരു ദുരന്തം ഉണ്ടായതെങ്കില്‍ കേരളം നിന്ന് കത്തുമായിരുന്നു. യുഡിഎഫ് മുഖ്യമന്തിയെ വരച്ച വരയില്‍ നിര്‍ത്തി ഇടതുപക്ഷം ഈ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നേടിക്കൊടുക്കുമായിരുന്നു. യുഡിഎഫിന് അതിനുള്ള സമരവീര്യം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിപക്ഷത്തിന്റെ ഈ ദൗര്‍ബല്യമാണ് ഭരണപക്ഷത്തെ യഥാര്‍ത്ഥത്തില്‍ ചീത്തയാക്കുന്നത്. സമരം ചെയ്യേണ്ട കാര്യങ്ങളില്‍ സമരം ചെയ്യുക തന്നെ വേണം. അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിയമം കയ്യിലെടുക്കേണ്ടി വന്നാല്‍ എടുക്കുക തന്നെ വേണം. ആ സമര വീര്യത്തിന്റെ തീച്ചൂളയില്‍ വളര്‍ന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഭരണത്തിലെത്തുമ്പോള്‍ ജനകീയ പ്രശ്‌നങ്ങളും മനുഷ്യത്വവുമെല്ലാം എങ്ങനെയാണ് കൈമോശം വരുന്നത്? പ്രതിപക്ഷം പരാജയപ്പെടുന്നിടത്ത് ഓടിയെത്തേണ്ടത് മാധ്യമങ്ങളാണ്. വിജിയുടെ കണ്ണീരൊപ്പാന്‍ മാധ്യമങ്ങളും കേരളത്തിലെ ജനങ്ങളും മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കാം.
നവോത്ഥാനത്തിന്റെ മതില്‍ വിജയിക്കണമെങ്കില്‍ സ്ത്രീകളുടെ കണ്ണീരും കഷ്ടപ്പാടും കാണാന്‍ കൂടി സര്‍ക്കാരിന് കഴിയണം. അപ്പോള്‍ മാത്രമാണ് മതിലില്‍ അണിനിരക്കുന്ന സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നവോത്ഥാന മൂല്യങ്ങളുടെ സന്ദേശവാഹകരായി മാറുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top