Connect with us

വിജിയുടെ കണ്ണീര്‍ അഗ്നിയായി പടരും

കേരളം

വിജിയുടെ കണ്ണീര്‍ അഗ്നിയായി പടരും

 

ക്രിമിനലായ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ ഓടിവരുന്ന കാറിന് മുന്നിലേക്ക് എറിഞ്ഞുകൊന്ന സനലിന്റെ ഭാര്യ വിജിയുടെ കണ്ണീര്‍ കേരളം കണ്ടില്ലെന്ന് നടിക്കരുത്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും അമ്മയെയും ഒരു കുടുംബത്തെയാകെയും അനാഥമാക്കിയ ഡിവൈഎസ്പി ഏഴാം ദിവസവും ഒളിവിലാണ്.
കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കും പോലെ ഡിവൈഎസ്പിയുടെ സഹായി ബിനുവിന്റെ മകനെയും ഹോട്ടല്‍ ഉടമയെയും അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനാണ് പോലീസിന്റെ ഒടുവിലത്തെ ശ്രമം. ഏഴ് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനായി ഐജി ശ്രീജിത്ത് നാളെ ചുമതലയേല്‍ക്കും.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ചപ്പോള്‍ അവിടെ ഓടിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് നെയ്യാറ്റിന്‍കരയിലെ സനലിന്റെ വീട്ടിലെത്തി വിജിയെ ആശ്വസിപ്പിക്കാന്‍ കഴിയാത്തത്? നഷ്ടപ്പെട്ട ഭര്‍ത്താവിന് പകരം വെയ്ക്കാന്‍ ലക്ഷക്കണക്കിന് രൂപ കൊണ്ടോ പകരം ജോലി കൊണ്ടോ കഴിയുമോ? അതിനെക്കാള്‍ ആ യുവതിക്ക് ആശ്വാസമാകുമായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ ഒരു സാന്ത്വന വാക്ക്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്ന പ്രസ്താവനക്കപ്പുറം ആ വീട് വരെ ചെല്ലാനും അമ്മയെയും ഭാര്യയെയും ആ കുട്ടികളെയും ആശ്വസിപ്പിക്കാനും എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കഴിയാതെ പോകുന്നത്?
പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ കൊലപാതകത്തിലും ഇതേ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വി.എസ് ഉള്‍പ്പെടെ എല്ലാ നേതാക്കളും അവിടെ എത്തിയിട്ടും ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടും അവിടേക്ക് പോകാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിച്ചില്ല. വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടിലേക്കും കെവിന്റെ വീട്ടിലേക്കും അദ്ദേഹം എത്തിയില്ല. തൃശൂരിലെ വിനായകന്റെ മാതാപിതാക്കള്‍ നേരില്‍ മുഖ്യമന്ത്രിയെ കാണേണ്ടിവന്നു. എന്നിട്ടും ആ കേസ് ഇപ്പോഴും എങ്ങും എത്തിയിട്ടില്ല.
നവകേരള നിര്‍മ്മിതിക്കായി ഊണും ഉറക്കവും കളഞ്ഞ് അധ്വാനിക്കുന്ന മുഖ്യമന്ത്രി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായി സന്ധിയില്ലാതെ പോരാടുന്ന മുഖ്യമന്ത്രി. എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ മാത്രം ഇദ്ദേഹത്തിന് കഴിയാത്തത്? കേരളത്തിലെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണോ? ചട്ടമ്പിസ്വാമികളെയും നാരായണഗുരുവിനെയും അയ്യങ്കാളിയെയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മുഖ്യമന്ത്രിക്ക് മനുഷ്യന്റെ കണ്ണീര്‍ കാണാന്‍ കഴിയാതെ പോകുന്നത് ശരിയാണോ? അന്യന്റെ ശബ്ദം സംഗീതമായി കേള്‍ക്കുമ്പോഴാണല്ലോ ഒരുവന്‍ കമ്മ്യൂണിസ്റ്റായി മാറുന്നത്.
തിരക്കേറിയ മുഖ്യമന്ത്രി ഇപ്പറഞ്ഞ സ്ഥലങ്ങളിലൊന്നും പോകാത്തത് നമുക്ക് ക്ഷമിക്കാം. പോലീസ് ചീഫായ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇപ്പറഞ്ഞ ഏതെങ്കിലും ഒരു ദുരന്ത സ്ഥലത്ത് എത്തിയിട്ടുണ്ടോ? ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന്റെ തലവന്‍ എന്തുകൊണ്ടാണ് നേരിട്ട് ഇത്തരം ദുരന്ത സ്ഥലങ്ങളിലെത്തി അന്വേഷണത്തിന് നേതൃത്വം കൊടുക്കാത്തത്? ഭയം കൊണ്ടാണോ, അഹന്ത കൊണ്ടാണോ അദ്ദേഹം ഈ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത്?
ആറ് പവന്റെ മാല മോഷ്ടിച്ചു എന്നാരോപിച്ച് 54 ദിവസം ജയിലിലിട്ട താജുദ്ദീന്റെ കഥ. ഏഴ് കൊല്ലം മുന്‍പ് നടന്ന ക്ഷേത്ര മോഷണത്തിന്റെ പേരില്‍ ആളുമാറി പോലീസ് പിടിച്ച് ജയിലിലിട്ട ആദിവാസി ചന്ദ്രന്റെ അനുഭവം. ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റ അധികാരമേറ്റ ശേഷം ഉണ്ടായ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആരെയും കരയിക്കുന്ന നെയ്യാറ്റിന്‍കരയിലെ കൊല. സനലിന്റെ കൊലപാതകവും താജുദ്ദീന്റെയും ആദിവാസി ചന്ദ്രന്റെയും ജയില്‍ വാസവും എന്തുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു വേണ്ടി പോരാടിയ സര്‍ക്കാര്‍ കഴിഞ്ഞ ഒരു കൊല്ലമായി അദ്ദേഹത്തെ ശിക്ഷിച്ച് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. ലോക്‌നാഥ് ബെഹ്‌റയുടെ കാര്യത്തിലും ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാരിന് ഇദ്ദേഹത്തെ തള്ളിപ്പറയേണ്ടിവരും.
പോലീസ് മര്‍ദ്ദനോപകരണമാണ് എന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്തിനാണ് ഒരു ഡിജിപിയുടെ കഴിവുകേടിന്റെ പേരില്‍ ജനങ്ങളുടെ മുന്നില്‍ വീണ്ടും വീണ്ടും നാണം കെടുന്നത്? സനലിന്റെ കൊലയാളിയായ ഡിവൈഎസ്പി ഹരികുമാറിനെ കോടതിയില്‍ കീഴടങ്ങും മുന്‍പ് അറസ്റ്റ് ചെയ്യാനുള്ള മിടുക്കെങ്കിലും ഈ ഡിജിപിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കണോ? സനലിന്റെ ഭാര്യ വിജി കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ കോടതിയില്‍ എത്തുകയാണ്. കോടതിയെങ്കിലും വിജിയുടെയും കുട്ടികളുടെയും ദുരന്തം കാണാതിരിക്കുമോ?

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top