Connect with us

വനിതാ മതിലില്‍ നിന്ന് നവോത്ഥാനത്തിലേക്കുള്ള ദൂരം

കേരളം

വനിതാ മതിലില്‍ നിന്ന് നവോത്ഥാനത്തിലേക്കുള്ള ദൂരം

 

 

 

വനിതാ മതില്‍ എന്ന നല്ല സങ്കല്‍പ്പത്തെ വികലമാക്കിയിരിക്കുകയാണ് സര്‍ക്കാരിന്റെ നടപടികള്‍. നവോത്ഥാനമാണ് മതിലിന്റെ ലക്ഷ്യമെങ്കില്‍ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ മനുഷ്യരേയും ആ മതിലില്‍ അണിനിരത്താന്‍ സര്‍ക്കാരിന് കഴിയണമായിരുന്നു. തുടക്കം മുതല്‍ മതിലിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചോ മതില്‍ നിര്‍മ്മിക്കുന്നത് ആരാണെന്ന കാര്യത്തിലോ വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞുമില്ല.

മതില്‍ പ്രഖ്യാപനത്തിനായി ആദ്യം വിളിച്ച യോഗത്തില്‍ തന്നെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നായകന്മാരായി ശബരിമല സ്ത്രീ പ്രവേശനത്തെ ശക്തമായി എതിര്‍ത്ത വെള്ളാപ്പള്ളിയേയും സുഗതനേയും കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തു. അതേസമയം മുസ്ലിം സംഘടനാ പ്രതിനിധികളേയും ക്രൈസ്തവ നേതാക്കളേയും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ക്ഷണിച്ചുപോലുമില്ല. നവോത്ഥാന സന്ദേശം ഉയര്‍ത്താന്‍ വേണ്ടി ലക്ഷ്യമിടുന്ന ഒന്നാണ് മതിലെങ്കില്‍ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള പ്രതിനിധികളെ ആദ്യയോഗത്തില്‍ തന്നെ ക്ഷണിക്കണമായിരുന്നു. ക്ഷണം ലഭിച്ചിട്ടും എന്‍.എസ്.എസ്. ആദ്യ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

 

സര്‍ക്കാരാണോ സംഘാടകരാണോ മതിലിന് നേതൃത്വം നല്‍കുന്നത്? ഇതുവരെ പറഞ്ഞിരുന്നത് സര്‍ക്കാര്‍ സംഘാടകരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്. എന്നാലിന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ തന്നെയാണ് വനിതാമതില്‍ നടത്തുന്നതെന്നാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം തടയാനായി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ 50 കോടി രൂപയില്‍ നിന്നാണ് മതിലിനായി ചിലവിടാന്‍ പോകുന്നത്. (ഒരു വര്‍ഷത്തിനിടയില്‍ പത്ത് ലക്ഷത്തിന് താഴെ രൂപ മാത്രമാണ് വനിതാ സംരക്ഷണത്തിനായി സര്‍ക്കാര്‍ ചിലവിട്ടത്. )

എന്നാല്‍ പ്രളയം മൂലം സംസ്ഥാനം കഷ്ടത അനുഭവിക്കുമ്പോള്‍ പുനര്‍നിര്‍മ്മാണത്തിനാണോ മതില്‍ നിര്‍മ്മാണത്തിനാണോ മുന്‍ഗണന നല്‍കുന്നത് എന്ന് കോടതി ചോദിച്ചു. വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് മതില്‍ കഴിഞ്ഞാലുടന്‍ തന്നെ ചിലവായ പണത്തിന്റെ വിശദമായ കണക്ക് കോടതിയെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അതോടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പണംകൊണ്ട് തന്നെയാണ് മതില്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പായി. എന്നാല്‍ സംഘാടക സമിതി നേതാക്കളായ ചെയര്‍മാന്‍ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറുമെല്ലാം പറഞ്ഞിരുന്നത് സംഘടനകളാണ് മതില്‍ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് എന്നാണ്.

സര്‍ക്കാര്‍ ജീവനക്കാരോട് മതിലില്‍ അണിചേരാനായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകളില്‍ സര്‍ക്കാര്‍ പരിപാടിയാണെന്ന് വ്യക്തമാക്കിയി്ടടുണ്ട്. മതില്‍ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന ചിലവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന് വന്നതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. ചിലവിടുന്ന ഓരോ പൈസയുടെയും കണക്ക് കോടതി പരിശോധിക്കും. പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളെ മതിലില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇതോടെ വിദ്യാര്‍ത്ഥിനികളെ മതിലില്‍ അണിചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കവും പൊളിഞ്ഞു.

 

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ ബി.ജെ.പി.യും ആര്‍.എസ്.എസും ഭക്തരും നടത്തിയ പ്രക്ഷോഭങ്ങളാണ് നവോത്ഥാന ചര്‍ച്ചകളിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്. ക്ഷേത്രപ്രവേശന വിളംബരവും അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയും തുടങ്ങിയ ചരിത്രസംഭവങ്ങളെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലാകെ ചര്‍ച്ചയാക്കി. ആ ചര്‍ച്ചകള്‍ നല്‍കിയ ആവേശത്തിലാണ് വനിതാ മതില്‍ എന്ന ആശയം സ്ത്രീ സമത്വത്തിനായി ഉയര്‍ന്നുവന്നത്. എന്നാല്‍ ശബരിമല പ്രശ്നങ്ങളാണ് മതിലിന് കാരണമെന്ന് പറയാന്‍ പോലും ഇപ്പോഴും സര്‍ക്കാര്‍ തയ്യാറല്ല. ആദ്യം വേണ്ടത് ഏത് രാഷ്ട്രീയസാഹചര്യത്തിലാണ് വനിതാ മതില്‍ നിര്‍മ്മിക്കുന്നത്, അത് നടത്തുന്നത് സര്‍ക്കാരാണോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സംഘടനകളാണോ എന്ന ഇത്തരം കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തലാണ്. അതില്ലാത്തിടത്തോളം വനിതാ മതില്‍ കേവലം ഇടതുപക്ഷ സര്‍ക്കാരിന്റെ ഒരു രാഷ്ട്രീയ മതില്‍ എന്നതിനപ്പുറം ഒന്നായി മാറില്ല.

വനിതാ മതിലിന് സമാന്തരമായി ബി.ജെ.പി.യും ആര്‍.എസ്.എസും അയ്യപ്പജ്യോതി കൂടി സംഘടിപ്പിക്കുന്നതോടെ ശബരിമല സ്ത്രീ പ്രവേശനം ഉയര്‍ത്തിയ സങ്കീര്‍ണതകള്‍ ഒന്നുകൂടി രൂക്ഷമാകും. മതസംഘടനകളെ ജാതി സംഘടനകളെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് നേരിടുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന വി.എസ് അച്യുതാനന്ദന്റെ നിലപാട് ചര്‍ച്ച ചെയ്യാന്‍ പോലും ഇടതുപക്ഷം തയ്യാറാകാത്തത് രാഷ്ട്രീയ പാപ്പരത്തമാണ്. മതിലില്‍ അണിചേരാത്ത സാറാ ജോസഫിനേയും മഞ്ജുവാര്യരേയും സോഷ്യല്‍ മീഡിയയിലൂടെ കടന്നാക്രമിച്ച സഖാക്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീ സമത്വമല്ല, മറിച്ച് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top