Connect with us

റഫാല്‍: സുപ്രീം കോടതി വിധി താല്‍ക്കാലികാശ്വാസം

ദേശീയം

റഫാല്‍: സുപ്രീം കോടതി വിധി താല്‍ക്കാലികാശ്വാസം

റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള കേസ് സുപ്രീം കോടതി തള്ളിയത് മോദി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം മാത്രം. പാര്‍ലമെന്റ് നടന്നുകൊണ്ടിരിക്കേ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ വിധി. ഇത് പുനഃപരിശോധനയിലൂടെ ചോദ്യം ചെയ്യുമെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
റഫാല്‍ ഇടപാടിനെക്കുറിച്ച് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി എന്നതാണ് തെറ്റായ വിവരം. രണ്ടാമത് റഫാല്‍ ഇടപാടിനെക്കുറിച്ച് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അന്വേഷിക്കുകയാണെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. അദ്ദേഹം അറിയാതെ ഇത്തരം ഒരു അന്വേഷണം ആരാണ് നടത്തിയത്? എജിയുടെ അന്വേഷണം നടന്നെങ്കില്‍ അത് പാര്‍ലമെന്റിലാണ് ആദ്യം അറിയിക്കേണ്ടത്. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെയ്ക്കാതെ അത്തരം ഒരു റിപ്പോര്‍ട്ട് ഉണ്ടായി എന്ന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ രണ്ട് തെറ്റായ വിവരങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. ജെപിസി അന്വേഷണമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി ശരിയാണെങ്കില്‍ ജെപിസി അന്വേഷണത്തിനെ ഭയപ്പെടേണ്ട കാര്യം സര്‍ക്കാരിനില്ല. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് വരുംദിവസങ്ങളില്‍ കണ്ടറിയേണ്ടത്.
റഫാല്‍ ഇടപാടില്‍ മോദി കുറ്റക്കാരനാണെന്ന് തെളിയിക്കുക തന്നെ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ റഫാലിനെക്കുറിച്ച് ആരോപണം ഉന്നയിച്ചപ്പോള്‍ ഒരക്ഷരം പോലും മറുപടി നല്‍കാതിരുന്ന മോദിക്ക് സുപ്രീം കോടതി വിധി താല്‍ക്കാലികാശ്വാസമാണെങ്കിലും വരുംദിവസങ്ങളില്‍ നിരപരാധിത്വം പാര്‍ലമെന്റിലും ജനങ്ങളുടെ മുന്നിലും തെളിയിക്കേണ്ടി വരും. ജനകീയ കോടതിയില്‍ റഫാല്‍ ഇടപാടില്‍ അഴിമതി നടന്നു എന്ന് തെളിയിക്കാനുള്ള പോരാട്ടം കോണ്‍ഗ്രസും പ്രതിപക്ഷവും തുടരും. അതുകൊണ്ടുതന്നെ സുപ്രീം കോടതി വിധി ശരിയാണെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
റഫാല്‍ വിമാനങ്ങളുടെ വിലയെക്കുറിച്ച് കോടതി വിലയിരുത്തിയിട്ടില്ല. ശത്രുരാജ്യങ്ങള്‍ക്ക് അത് ആയുധമാകുമെന്ന സര്‍ക്കാര്‍ നിലപാടാണ് കോടതി അംഗീകരിച്ചത്. നയതന്ത്ര തീരുമാനങ്ങളില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിലയെക്കുറിച്ചുള്ള ആരോപണവും അനില്‍ അംബാനിക്ക് കോടികളുടെ കരാര്‍ നല്‍കിയതിലെ അഴിമതിയും നിലനില്‍ക്കുകയാണ്. ഈ വിഷയങ്ങളിലും സര്‍ക്കാരിന് നിലപാട് വ്യക്തമാക്കേണ്ടിവരും. പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതോടൊപ്പം പാര്‍ലമെന്റില്‍ ബിജെപി എടുക്കുന്ന നിലപാടും റഫാല്‍ കേസില്‍ നിര്‍ണ്ണായകമായി മാറും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

To Top