Connect with us

രക്ഷകയായി മമത, ശിക്ഷകനായി പിണറായി

ദേശീയം

രക്ഷകയായി മമത, ശിക്ഷകനായി പിണറായി

ഉണ്ണാതെ, ഉറങ്ങാതെ ഐപിഎസുകാരനായ കൊല്‍ക്കത്ത കമ്മീഷണറെ സംരക്ഷിക്കാനായി മമതയുടെ ധര്‍ണ്ണ മൂന്നാം ദിവസം പിന്നിടുന്നു. ഇങ്ങ് കേരളത്തിലാകട്ടെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച ഐപിഎസുകാരി ചൈത്രയെ പറപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി തലപുകഞ്ഞ് ആലോചിക്കുന്നു.
ജ്യോതിബസുവിനെയും ബുദ്ധദേവിനെയും മാറ്റി ബംഗാളിലെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന മമത കഴിഞ്ഞ മൂന്നുദിവസമായി പ്രധാനമന്ത്രി മോദിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഡല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഐക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നടപടിയെടുക്കണമെങ്കില്‍ അതത് സര്‍ക്കാരുകളുടെ അനുമതി വേണമെന്ന് നിയമം. 2014ല്‍ ശാരദാ ചിട്ടി ഫണ്ട് കേസില്‍ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു എന്ന വെളിച്ചത്തിലാണ് സിബിഐ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയത്. ശാരദാ ചിട്ടി ഫണ്ട് കേസിലെ എസ്‌ഐടി തലവനായിരുന്നു എന്നതാണ് രാജീവ് ചെയ്ത കുറ്റം. ഇതിന്റെ പേരിലാണ് ഈ ഉദ്യോഗസ്ഥനെ സിബിഐ വേട്ടയാടുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി മമത ആരംഭിച്ച ധര്‍ണ്ണ ഇന്ത്യാ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായി മാറിയിരിക്കുകയാണ്. മന്ത്രിസഭാ യോഗവും നടപടികളും സമരപന്തലില്‍. ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കം എല്ലാവരും മുഖ്യമന്ത്രിയുടെ ഉത്തരവുകള്‍ക്കായി സമരപന്തല്‍ പരിസരത്ത്. ഒരുപക്ഷേ ഇത്തരം ഒരു രംഗം ഇന്ത്യാ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. സുപ്രീം കോടതിയുടെയും കൊല്‍ക്കത്ത ഹൈക്കോടതിയുടെയും വിധി ഇന്ന് പുറത്തുവരുന്നതോടെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കാനായി ഒരു മുഖ്യമന്ത്രി നടത്തുന്ന സമരത്തിന് അവസാനമാകും.
ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ രണ്ട് മുഖ്യമന്ത്രിമാര്‍, രണ്ട് സര്‍ക്കാരുകള്‍ എടുക്കുന്ന നിലപാടിന് ഉദാഹരണമാണ് മുഖ്യമന്ത്രി മമതയും മുഖ്യമന്ത്രി പിണറായിയും. ബംഗാളില്‍ സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജീവിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ സമരം. കേരളത്തില്‍ തുടക്കക്കാരിയായ ഐപിഎസുകാരി ചൈത്ര തെരേസ ജോണിനെ ശിക്ഷിക്കാനാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും നീങ്ങുന്നത്. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ എടുക്കുന്നത് കരുതലാണെങ്കില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഭീഷണിയുടെ, ധാര്‍ഷ്ട്യത്തിന്റെ ആയുധമാണ്. നാളെ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി നിലകൊള്ളാന്‍ അവിടത്തെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും. മറുഭാഗത്ത് പ്രധാനമന്ത്രി മോദിയും അമിത് ഷായുമാണെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ല. കേരളത്തിലെ ഐപിഎസുകാരും ഐഎഎസുകാരും പിണറായി സര്‍ക്കാരിനുവേണ്ടി എന്ത് നിലപാടായിരിക്കും ഇത്തരം ഒരു സന്ദര്‍ഭമുണ്ടായാല്‍ സ്വീകരിക്കുക? മറുഭാഗത്ത് കേന്ദ്രമാണെങ്കില്‍ ഒരക്ഷരം പറയാനെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥര്‍ തയ്യാറാകുമോ? ഉദ്യോഗസ്ഥരുടെ മനോവീര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്ന മുഖ്യമന്ത്രി പിണറായി മമതയില്‍ നിന്ന് പഠിക്കേണ്ടതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top