Connect with us

മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി

ദേശീയം

മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വെച്ചതോടെ മോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിക്കുകയാണ്. നാളെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോഴാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജി കൂടി സംഭവിച്ചിരിക്കുന്നത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരുടെ മനസില്‍ ഓടിയെത്തുന്ന ഒരു പേരുണ്ട്. ഡോ.മന്‍മോഹന്‍സിംഗ്. പ്രണബ് മുഖര്‍ജി ധനകാര്യ മന്ത്രിയായിരിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധനായ ഡോ.മന്‍മോഹന്‍സിംഗ്. അവിടെ നിന്നാണ് അദ്ദേഹം രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ഉയര്‍ന്നത്. ജനകീയനും അതേസമയം ലോകമാകെ അംഗീകരിക്കുകയും ചെയ്ത സാമ്പത്തിക നയങ്ങളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിന്റെ വരവോടെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി വന്ന രഘുറാം രാജനും പിന്നീട് വന്ന ഊര്‍ജിത് പട്ടേലും സര്‍ക്കാരുമായി പിണങ്ങിയാണ് സ്ഥലം വിട്ടത്. ഇന്ത്യയുടെ ചരിത്രത്തില്‍ നാലരക്കൊല്ലത്തെ ഭരണത്തിനിടയില്‍ ഇതുപോലെ രണ്ട് ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിഞ്ഞിട്ടുണ്ടാവില്ല. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ ഊര്‍ജിത് പട്ടേല്‍ തന്റെ വിയോജിപ്പ് പ്രധാനമന്ത്രിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും അറിയിച്ചതാണ്. എന്നാല്‍ അവര്‍ അത് അംഗീകരിച്ചില്ല. രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തം അങ്ങനെയാണ് സംഭവിച്ചത്.
പാവപ്പെട്ടവനെ കൊള്ളയടിക്കുന്ന ഒന്നാണ് നോട്ട് നിരോധനം എന്ന് മന്‍മോഹന്‍സിംഗ് അന്നുതന്നെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. സ്വന്തം നിക്ഷേപം ബാങ്കില്‍ നിന്ന് എടുക്കാന്‍ പോലും മനുഷ്യര്‍ക്ക് കഴിയാത്ത അവസ്ഥ കൊള്ളയല്ലെങ്കില്‍ പിന്നെ എന്താണ് എന്നായിരുന്നു ഡോ.മന്‍മോഹന്‍സിംഗ് അന്ന് ചോദിച്ചത്. ഊര്‍ജിത് പട്ടേലിന്റെ രാജിയോടെ നോട്ടുനിരോധനം തികഞ്ഞ പരാജയമായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്.
ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായപ്പോള്‍ അഭിമാനിച്ച ചായക്കടക്കാര്‍ പോലും ഇന്ന് അങ്കലാപ്പിലാണ്. ചായക്കച്ചവടക്കാര്‍ അവരുടെ ജോലി പറയാന്‍ മടിക്കുന്ന അവസ്ഥ.
ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി മോദി സര്‍ക്കാര്‍ അപ്രസക്തമാക്കി. പാര്‍ലമെന്റിനെ പോലും പല ഘട്ടത്തിലും നിശ്ചലമാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കൊടുക്കാതെ തുടങ്ങിയ ഫാസിസ്റ്റ് ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെല്ലാം കൂച്ചുവിലങ്ങിട്ടു. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ പോലും ചോദ്യം ചെയ്യുന്ന ഘട്ടങ്ങളുണ്ടായി. അതിന്റെ ഫലമായിരുന്നു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പരസ്യമായി പത്രസമ്മേളനം നടത്തേണ്ടി വന്നത്. ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ രാജ്യസഭയില്‍ സര്‍ക്കാര്‍ നേരിട്ടത് ജനാധിപത്യപരമായ രീതിയിലായിരുന്നില്ല.
നാലരവര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി ഒരു പത്രസമ്മേളനം പോലും വിളിച്ചില്ല. ചോദ്യങ്ങളെ അദ്ദേഹം ഭയപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച് രാജ്യത്തെ ഞെട്ടിച്ചു. കള്ളപ്പണം കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും 99 ശതമാനം നിരോധിത നോട്ട് മടങ്ങിയെത്തി. പാവപ്പെട്ടവനും സാധാരണക്കാരും ചെറുകിട കച്ചവടക്കാരും നോട്ടുനിരോധനത്തിന്റെ ഇരകളായി. ഒരു നേട്ടം മാത്രമാണ് മോദിക്ക് ഉണ്ടായത്. നിരക്ഷരരായ പാവപ്പെട്ടവര്‍ പോലും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ച പ്രധാനമന്ത്രിയുടെ പേര് ചര്‍ച്ച ചെയ്തു. അതല്ലാതെ രാജ്യത്തിന് നിരോധനം കൊണ്ട് ദ്രോഹമല്ലാതെ ഒരു നേട്ടവും ഉണ്ടായില്ല.
പശു സംരക്ഷണത്തിന്റെ പേരില്‍ യുപിയില്‍ അരങ്ങേറിയ ഏറ്റവും ഒടുവിലത്തെ വെടിവെപ്പും ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ കൊലപാതകവും രാജ്യത്തെ നടുക്കുക തന്നെ ചെയ്തു. പരസ്യമായി തന്നെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബിജെപിയും ആര്‍എസ്എസും ഉള്‍പ്പെടെയുള്ള ഭരണകക്ഷികള്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്താകും എന്നതിന്റെ മറുപടിയാണ് നാളെ പുറത്തുവരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിധി നല്‍കാന്‍ പോകുന്നത്.
റഫാല്‍ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി സിബിഐ ഡയറക്ടറെ പോലും അര്‍ദ്ധരാത്രി പുറത്താക്കിക്കൊണ്ട് മോദി എടുത്ത നടപടികള്‍ സുപ്രീം കോടതി പരിശോധിച്ചുവരികയാണ്. ആ വിധികള്‍ കൂടി പുറത്തുവരുന്നതോടെ എല്ലാ അര്‍ത്ഥത്തിലും മോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top